മറക്കാനാവുമോ ഈ മുഖങ്ങള്‍
ഹാദിയക്കേസുമായി ബന്ധപ്പെട്ടു നടന്ന ചാനല്‍ചര്‍ച്ചയില്‍ രണ്ടു തീവ്രരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ പരസ്പരം നടത്തിയ പോര്‍വിളിയും ആരോപണവും കേട്ടു മരവിച്ച കാതുമായി സ്റ്റുഡിയോയില്‍നിന്നു പുറത്തിറങ്ങുമ്പോഴാണ് സഹപ്രവര്‍ത്തകനായ സുരേഷ് മമ്പള്ളിയുടെ ഫോണ്‍വിളി വന്നത്.
''തിരക്കില്ലെങ്കില്‍ ഒരു കാര്യം പറയട്ടെ'' എന്ന മുഖവുരയോടെയാണ് അദ്ദേഹം തുടങ്ങിയത്. തിരിച്ചുവീട്ടിലേയ്ക്കു പോവുകയായിരുന്നതിനാല്‍ അദ്ദേഹം പറയുന്നതു കേള്‍ക്കാന്‍ വേണ്ടത്ര സമയമുണ്ടായിരുന്നു. തലശ്ശേരിയിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന തന്റെ ഭാര്യാപിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ടുണ്ടായ മറക്കാനാവാത്ത അനുഭവത്തെക്കുറിച്ചാണ് സുരേഷ് പറഞ്ഞത്.
രോഗിക്ക് അടിയന്തരമായി രക്തം കയറ്റണമെന്നു പൊടുന്നനെയാണു ഡോക്ടര്‍ പറഞ്ഞത്. അധികം വൈകാന്‍ പാടില്ല. രോഗിയുടേത് ഒ നെഗറ്റീവ് രക്തമാണ്. അപൂര്‍വ ഗ്രൂപ്പില്‍പ്പെടുന്നത്. അറിയാവുന്ന പലരുടെയും നമ്പറില്‍ സുരേഷ് വിളിച്ചുനോക്കി. പക്ഷേ, അവരുടെയൊന്നും പരിചയത്തില്‍ ഒ നെഗറ്റീവ് രക്തഗ്രൂപ്പുകാരില്ല.
''വിഷമിക്കാതിരിക്കൂ, നമുക്കൊന്നു ശ്രമിച്ചുനോക്കാം'' അധ്യാപകസുഹൃത്തായ ആര്‍. ഷിജു സുരേഷിനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. വലിയ പ്രതീക്ഷയുണ്ടായിരുന്നില്ലെങ്കിലും ഷിജു ഒ നെഗറ്റീവ് രക്തം വേണമെന്ന സന്ദേശം സുരേഷിന്റെ ഫോണ്‍നമ്പര്‍ സഹിതം വാട്‌സ് ആപ്പില്‍ തനിക്ക് അറിയാവുന്ന വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും അയച്ചിരുന്നു.
അത്ഭുതമെന്നു പറയട്ടെ, നിമിഷങ്ങള്‍ക്കുള്ളില്‍ മേമുണ്ട സ്വദേശിയായ അശ്വന്ത് എന്ന ചെറുപ്പക്കാരന്‍ സുരേഷിന്റെ നമ്പറില്‍ വിളിച്ചു. തന്റെ സഹപ്രവര്‍ത്തകനായ സോനുവിന്റ രക്തം ഒ നെഗറ്റീവാണെന്നും അദ്ദേഹം വന്നയുടന്‍ തങ്ങള്‍ തലശ്ശേരിയിലെ ആശുപത്രിയില്‍ എത്തിക്കൊള്ളാമെന്നും അശ്വന്ത് അറിയിച്ചു. അല്‍പ്പം കഴിഞ്ഞു സോനുവിന്റെ ഫോണ്‍. ബൈക്കില്‍ യാത്ര പുറപ്പെട്ടുവെന്ന് അറിയിക്കാനാണ് ആ ചെറുപ്പക്കാരന്‍ വിളിച്ചത്.
രക്തദാനത്തിനുശേഷമാണ് സുരേഷ് അവരെ വിശദമായി പരിചയപ്പെട്ടത്. രണ്ടുപേരും വടകരയില്‍ ഒരു ടാക്‌സ് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ ജീവനക്കാരാണ്. രക്തദാനം പല തവണ നടത്തിയിട്ടുണ്ട്. പരിചയമോ ബന്ധമോ നോക്കിയല്ല രക്തം കൊടുക്കുന്നത്. പലപ്പോഴും അവധിയെടുത്തായിരിക്കും യാത്ര. അന്നും ഓഫീസില്‍ അവധി പറഞ്ഞാണ് അവര്‍ 22 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലെത്തിയത്.
''എങ്കിലും അതൊരു സുഖമാണ്. നമ്മുടെ രക്തം ഒരാളുടെ ജീവന്‍ നിലനിര്‍ത്താന്‍ ഉപകാരപ്പെടുമെങ്കില്‍ അതു സന്തോഷമുളവാക്കുന്ന കാര്യമല്ലേ. അതിനൊന്നും തയാറാവുന്നില്ലെങ്കില്‍ നമ്മള്‍ മനുഷ്യരാണെന്നു പറയുന്നതില്‍ എന്തര്‍ഥമാണുള്ളത്.''
ഇരുപത്തഞ്ചു വയസ്സുകഴിയാത്ത ആ ചെറുപ്പക്കാരുടെ വായില്‍നിന്നുതിര്‍ന്ന വാക്കുകള്‍ താന്‍ വിസ്മയത്തോടെയാണു കേട്ടതെന്നു സുരേഷ് പറയുന്നു. കുടുംബത്തോടും സമൂഹത്തോടും കടപ്പാട് നിറവേറ്റാതെ താന്തോന്നികളായി നടക്കുന്നവരെന്നും സാമുദായികഭ്രാന്തന്മാരെന്നുമൊക്കെ നാം വിധിയെഴുതുന്ന പുതുതലമുറയില്‍നിന്നാണ് ഈ വാക്കുകളും പ്രവൃത്തികളും! യുവാക്കള്‍ ഇങ്ങനെ സംസാരിക്കുമ്പോള്‍, നമ്മുടെ തലമുറയെക്കുറിച്ച് ആത്മപരിശോധന നടത്താന്‍ തീര്‍ച്ചയായും ബാധ്യസ്ഥരാണു നമ്മള്‍.
നേരം ഉച്ചയായിരുന്നതിനാല്‍ ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്നു സുരേഷ് നിര്‍ബന്ധിച്ചു. അവധിയെടുത്തു രക്തദാനത്തിനെത്തിയവരോട് ആ മര്യാദയെങ്കിലും പാലിക്കേണ്ടതല്ലേ. പക്ഷേ, യുവാക്കള്‍ ഒരു തരത്തിലും വഴങ്ങിയില്ല. രക്തദാനത്തിന്റെ പേരില്‍ ഒരു തരത്തിലുള്ള പ്രതിഫലവും പാടില്ലെന്ന് അവര്‍ക്കു നിര്‍ബന്ധമായിരുന്നു. അവരെക്കൊണ്ട് ഒരു ഗ്ലാസ് മുസമ്പി ജ്യൂസ് കുടിപ്പിക്കാന്‍പോലും സുരേഷിന് ഏറെ പാടുപെടേണ്ടിവന്നു.
ആ യുവാക്കള്‍ കാഴ്ചയില്‍നിന്നു മറയുന്നതിനു മുമ്പ് സുരേഷിന്റെ ഫോണ്‍ ശബ്ദിച്ചു. ന്യൂ മാഹിക്കടുത്ത പെരിങ്ങാടിയില്‍ നിന്ന് രക്തദാനസേനയുടെ കോ ഓഡിനേറ്ററായ സമീര്‍ പെരിങ്ങാടിയാണ് വിളിക്കുന്നത്. ക്ഷമാപണത്തോടെയാണ് സമീര്‍ പെരിങ്ങാടി സംസാരം തുടങ്ങിയത്. ജോലിത്തിരക്കില്‍പ്പെട്ടതിനാല്‍ വാട്‌സ്ആപ്പ് സന്ദേശം കാണാന്‍ വൈകിപ്പോയി. അതിനാണ് ക്ഷമ ചോദിച്ചത്.
അല്‍താഫ്, മുഹമ്മദ് എന്നീ രണ്ടു ചെറുപ്പക്കാരെ ഏര്‍പ്പാടു ചെയ്തിട്ടുണ്ടെന്നും അവര്‍ ഉടനെ ആശുപത്രിയില്‍ എത്തുമെന്നും സമീര്‍ പറഞ്ഞു. സംഭാഷണം നിര്‍ത്തുംമുമ്പ് സമീര്‍ ഇത്രകൂടി പറഞ്ഞു, ''ഇനിയും എന്ത് ആവശ്യമുണ്ടെങ്കിലും ഏതു നേരത്താണെങ്കിലും വിളിക്കാന്‍ മറക്കരുത്.''
എത്രയും പെട്ടെന്നു രോഗം ഭേദമാകാന്‍ പ്രാര്‍ഥിക്കുന്നുണ്ടെന്നു കൂടി പറഞ്ഞാണു സമീര്‍ സംസാരം അവസാനിപ്പിച്ചത്.
സുരേഷ് തിരിച്ച് ആശുപത്രിയുടെ ഗേറ്റിലെത്തുമ്പോഴേയ്ക്കും മുഹമ്മദ് അവിടെ എത്തിയിരുന്നു. കുറച്ചുകൂടി രക്തം വേണ്ടിയിരുന്നതിനാല്‍ ആ ചെറുപ്പക്കാരന്റെ രക്തംകൂടി എടുത്തു. യാത്രപറഞ്ഞു പിരിയുമ്പോള്‍ ഒരു സല്‍കര്‍മം ചെയ്യാനായ സംതൃപ്തി ആ ഇരുപത്തിയേഴുകാരന്റെ മുഖത്തുനിന്നു വായിച്ചെടുക്കാനായതായി സുരേഷ് പറയുന്നു.
ഏറെക്കഴിയുംമുമ്പ് അതാ ഒരാള്‍ ഓടിക്കിതച്ചെത്തുന്നു, അല്‍താഫ്!
''പണിക്കു കയറിയതിനാല്‍ വാട്‌സ് ആപ്പ് സന്ദേശം കാണാന്‍ വൈകി.'' അല്‍താഫ് കിതപ്പിനിടയില്‍ പറഞ്ഞു. എങ്കിലും സന്ദേശം കണ്ടപ്പോള്‍ ആലോചിച്ചു നിന്നില്ല. പണി മതിയാക്കി നേരേ ആശുപത്രിയിലേയ്ക്ക്. അത്യാവശ്യത്തിനു രക്തം കിട്ടിയെന്നറിഞ്ഞപ്പോള്‍ അല്‍താഫിന്റെ മുഖം വാടി. താനെന്തോ അപരാധം ചെയ്‌തെന്ന ഭാവമായിരുന്നു ആ ചെറുപ്പക്കാരന്. ആവശ്യമുള്ളപ്പോള്‍ വിളിക്കാമെന്ന് ആശ്വസിപ്പിച്ചാണ് അല്‍താഫിനെ സുരേഷ് യാത്രയാക്കിയത്.
അന്നു വൈകുന്നേരം മഖ്ബൂല്‍ എന്ന രക്തദാനസേനയുടെ പ്രവര്‍ത്തകന്‍ സുരേഷിനെ വിളിച്ചു. അന്നും പിറ്റേന്നുമൊക്കെയായി രോഗവിവരം അന്വേഷിച്ച് സമീര്‍ പലതവണ വിളിച്ചു. രോഗശാന്തിക്കായി തന്റെ പ്രാര്‍ഥനയുണ്ടാകുമെന്നു പറഞ്ഞു. താന്‍ സ്വപ്‌നലോകത്താണോയെന്ന് അത്ഭുതപ്പെടുകയായിരുന്നു സുരേഷ്.
തീര്‍ത്തും വിരളമായ ഒ നെഗറ്റീവ് രക്തം കിട്ടാതെ രോഗിയുടെ ജീവന്‍ അപകടത്തിലാകുമോ എന്നു കുറച്ചു സമയം മുമ്പ് വേവലാതിപ്പെട്ട സുരേഷിന്റെ മുന്നിലാണ് സ്വയം സന്നദ്ധരായി ഇത്രയും പേര്‍ വന്നത്. തങ്ങളുടെ രക്തം സ്വീകരിക്കുന്നയാളുടെ ജാതിയോ മതമോ ആ ചെറുപ്പക്കാര്‍ നോക്കിയില്ല. രക്തം ദാനം ചെയ്താല്‍ തങ്ങള്‍ക്കെന്തു നേട്ടമെന്നു ചിന്തിച്ചില്ല. യാത്രാക്കൂലി പോലും വാങ്ങാന്‍ അവര്‍ തയാറായിരുന്നില്ല. രക്തദാനത്തിനു വേണ്ടി അവധിയെടുത്തത് അവരില്‍ നഷ്ടബോധമുണ്ടാക്കിയില്ല. അതില്‍ അവര്‍ക്കു സംതൃപ്തിയേയുള്ളു.
''നമ്മുടെ രക്തം കൊണ്ട് ഒരു ജീവന്‍ രക്ഷിക്കാനായാല്‍ അതില്‍പ്പരം പുണ്യപ്രവൃത്തി വേറെ ഏതുണ്ട്.'' എന്ന അവരുടെ ചോദ്യത്തിനു മുന്നില്‍ നമ്മളൊക്കെ ചെറുതായിപ്പോകുന്നില്ലേ. മനുഷ്യകാരുണ്യമെന്ന പേരില്‍ നടത്തുന്ന ചെറിയ പ്രവൃത്തികള്‍ക്കുപോലും പബ്ലിസിറ്റി ആഗ്രഹിക്കുന്നവര്‍ പെരുകി വരുന്ന കാലത്ത് മനസ്സറിഞ്ഞ് അഭിനന്ദിക്കേണ്ടതല്ലേ ഈ യൗവനങ്ങളെ.
സുരേഷ് സംസാരിച്ചു നിര്‍ത്തുമ്പോള്‍ ഞാന്‍ അല്‍പ്പം മുമ്പേ ചാനല്‍ ചര്‍ച്ചകളില്‍ അന്യസമുദായക്കാരെ അപഹസിച്ചു സംസാരിച്ചയാളെ ഓര്‍ത്തു മനസ്സില്‍ ചിരിക്കുകയായിരുന്നു, തികഞ്ഞ പുച്ഛത്തോടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."