ഇമാം അല്‍ ഗസ്സാലി; ഒരു ചലച്ചിത്രം
ഇമാം ഗസ്സാലിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ചലച്ചിത്രം ഉള്ള കാര്യം അറിയുമായിരുന്നില്ല. സമകാലിക ഇസ്‌ലാം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു ലേഖനം വായിക്കുന്നതിനിടെയാണതു കണ്ടത്. ടോറന്റിനു സ്തുതി. തൊരണ്ടിയെടുത്തു കാണാന്‍ കഴിഞ്ഞു. നോക്കുമ്പോള്‍ യൂടൂബിലുമുണ്ട്, Al Ghazali: The Alchemist of Happiness.
ഇറാനിലെ ഖുറാസാനിലെ തൂസില്‍ 1058ലാണ് അബൂ ഹാമിദ് മുഹമ്മദ് അല്‍ ഗസ്സാലിയുടെ ജനനം. ബാല്യത്തിലേ അനാഥനായിത്തീര്‍ന്ന ഗസ്സാലിയുടെ വളര്‍ച്ച പിതാവിന്റെ ചങ്ങാതിയായിരുന്ന ഒരു സൂഫിയുടെ കരുണയിലായിരുന്നു. മതവിജ്ഞാനീയങ്ങളിലും തത്വചിന്തയിലും സൂഫിസത്തി(തസവ്വുഫ്)ലും അഗാധജ്ഞാനം നേടിയ ഗസ്സാലി സ്വന്തം ജീവിതകാലത്തെയും പില്‍ക്കാലത്തെയും മൗലിക ചിന്തകരില്‍ പ്രധാനിയായിത്തീര്‍ന്നു. മതപണ്ഡിതരും ആത്മജ്ഞാനികളായ സൂഫികളും തമ്മിലുണ്ടായ അകലവും ശത്രുതയും ജ്ഞാനത്തിന്റെ രമ്യതയിലെത്തിക്കുന്നതിലും ഗസ്സാലി വിജയംവരിച്ചു. ഗസ്സാലിയുടേത് മതത്തിന്റെ വ്യവസ്ഥാപിത രൂപത്തില്‍ (സംഘടിതമതം എന്ന വാക്ക് മനപ്പൂര്‍വം ഒഴിവാക്കുന്നതാണ്) പതിയിരിക്കുന്ന അപകടങ്ങളെ തിരിച്ചറിയുകയും തന്റെ കാലത്തെ പരസ്പരം ഭിന്നിച്ചുനിന്ന രണ്ടു ധാരകളെ ഇണക്കുകയും ചെയ്ത ജ്ഞാനമാര്‍ഗമായിരുന്നു.
ദാര്‍ശനികന്‍ എന്നതിനൊപ്പം വശ്യമായ രചനാവൈഭവവും ഗസ്സാലിയുടെ ആസ്തിയായിരുന്നു. ഇസ്‌ലാമിക ലോകത്തെന്ന പോലെ പടിഞ്ഞാറും ഗസ്സാലിയില്‍നിന്നു പ്രചോദനം നേടി. സൂഫിസത്തിന്റെയും ഫിലോസഫിയുടെയും മിഡീവല്‍കാലത്തെ ഗസ്സാലിയുടെ ചിന്ത ശക്തമായി തന്നെ സ്വാധീനിച്ചു. തോമസ് അക്വിനാസും മോസസ് മൈമോനിഡസും ഗസ്സാലിയില്‍നിന്നു കടംകൊള്ളുന്നവരായി. ഗസ്സാലിയുടെ വിഖ്യാത രചനയായ ഇഹ്‌യാഉ ഉലൂമുദ്ദീന്‍(The Revival of Religious Sciences) മുസ്‌ലിംകളും ജൂതരും ഒരുപോലെ വായിച്ച കൃതിയായിരുന്നുവെന്നു കണ്ടെത്തുന്നുണ്ട് Stephen Schwatrz അദ്ദേഹത്തിന്റെ The Other Islamല്‍. മതവിജ്ഞാനീയം മുതല്‍ മെറ്റാഫിസിക്‌സിലും ഫിലോസഫിയിലും വ്യാപരിക്കുന്ന 250ലേറെ ഗ്രന്ഥങ്ങള്‍ ഗസ്സാലി എഴുതി. അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ നിരീക്ഷിച്ചിട്ടുള്ളതുപോലെ, ഗസ്സാലി ആത്യന്തിക അറിവിനായുള്ള എല്ലാ വാതിലുകളിലൂടെയും പ്രവേശിക്കുകയും തസവ്വുഫിന്റെ കവാടത്തില്‍ അതു കണ്ടെത്തുകയും ചെയ്തു. ബഗ്ദാദിലും ദമസ്‌കസിലും മക്കയിലും മദീനയിലും, തനിക്കു മുന്‍പേ പോയവരുടെ മാര്‍ഗങ്ങളെ പിന്തുടര്‍ന്നുകൊണ്ട് അലഞ്ഞുതിരിയുകയുണ്ടായി ആ പേര്‍ഷ്യക്കാരന്‍. ഇസ്‌ലാമിലെ യൗഗിക പാരമ്പര്യം പേര്‍ഷ്യന്‍ നാഗരികതയെ കൂടെക്കൂട്ടി സ്വയം വികസിച്ച കാലത്തിന്റെ പ്രതിനിധിയായാണ് ഇഖ്ബാല്‍ ഗസ്സാലിയെ സ്ഥാനനിര്‍ണയം ചെയ്തത്. മുസ്‌ലിം ചിന്താധാരയുടെ പേര്‍ഷ്യനീകരണം, പാശ്ചാത്യവും പൗരസ്ത്യവുമായ തത്വചിന്തകള്‍ക്കു തമ്മില്‍ ചേരാനുള്ള വാതിലുകള്‍ തുറന്നതായും ഇഖ്ബാല്‍ നിരീക്ഷിച്ചിട്ടുണ്ട്.
അല്‍ ഹല്ലാജിന്റെയും റൂമിയുടെയും ഇടക്കാലത്തു ജീവിക്കുകയും ഇമാം അല്‍ ഹറമൈനി എന്നറിയപ്പെട്ട അല്‍ ജുവൈനിയുടെ പ്രിയപ്പെട്ട ശിഷ്യനായിരിക്കുകയും, തിയോളജിക്കും സൂഫിസത്തിനും ഇടയില്‍ ഒരു സിന്തസിസം സാധ്യമാക്കുകയും ചെയ്ത ഗസ്സാലി പതിനെട്ടാം നൂറ്റാണ്ടിലെയും പത്തൊന്‍പതാം നൂറ്റാണ്ടിലെയും അറബ് റാഡിക്കലിസത്തിന്റെ കാലംവരെ ഇസ്‌ലാമിക ചിന്താധാരയുടെ അമരത്ത് മാറ്റമില്ലാതെ തുടര്‍ന്നു. ഗസ്സാലി ആര്‍ജിച്ച ധൈഷണിക പ്രഭാവം തിരിച്ചറിഞ്ഞ് അബ്ബാസീ ഖലീഫ നിസാമുല്‍ മുല്‍ക്ക് ബഗ്ദാദിലെ നിസാമിയ്യ കലാലയത്തിലെ പ്രധാനാധ്യാപകനായി അദ്ദേഹത്തെ നിയമിച്ചതോടെയായിരുന്നു അതിന്റെ ആരംഭം. ലോകത്തെ വൈജ്ഞാനിക കളരികളില്‍ ഒന്നാമതായിരുന്നു അന്ന് ബഗ്ദാദ്. ജ്ഞാനദാഹികളായി ബഗ്ദാദില്‍ അടിഞ്ഞുകൂടിയവര്‍ക്ക് ഗസ്സാലി ദാഹശമനമായി. ഇസ്‌ലാമിന്റെ പ്രമാണം എന്ന നാമകരണവും ഗസ്സാലി തന്റെ വൈജ്ഞാനിക സേവനങ്ങളിലൂടെ സമ്പാദിച്ചു. നിസാമുല്‍ മുല്‍ക്കും ഗസ്സാലിയും തമ്മില്‍ കണ്ടുമുട്ടുന്ന രംഗവും അപ്പോള്‍ അവിടെ സന്ദര്‍ശകനായുണ്ടായിരുന്നു ഉമര്‍ ഖയ്യാമിന്റെ സാന്നിധ്യവും ആ കാലത്തെ ബഗ്ദാദിന്റെ യശസ് അളക്കാനാകുന്ന പാകത്തില്‍ ചലച്ചിത്രത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്.
ഉന്നതവും ആധികാരികവുമായ പദവികളില്‍ ആയിരിക്കുമ്പോഴും ഗസ്സാലിയുടെ ഉള്ളിലെ സന്ദേഹിയുടെ ദാഹം ശമിച്ചിരുന്നില്ല. തന്നിലെ ആത്മീയാന്വേഷണങ്ങളുടെ സ്തംഭനാവസ്ഥ അദ്ദേഹത്തെ അസ്വസ്ഥനാക്കി. ലൗകികസ്വസ്ഥത അദ്ദേഹത്തിനു സമചിത്തത നല്‍കിയില്ല. നിസാമുല്‍ മുല്‍ക്കിനെ ഹസന്‍ അല്‍ സബ്ബാഹിന്റെ അനുയായികളായ അസാസിനുകള്‍(അല്‍ ഹശാശിന്‍ എന്നും ലോകം കണ്ട ഏറ്റവും ഭീകരപ്രസ്ഥാനമായി ചരിത്രം ഇവരെ എഴുതിനിറച്ചിട്ടുണ്ട്. സുന്നി-ശീഈ ശത്രുതയില്‍ ഉരുവംകൊണ്ട വന്യമായ ഭാവനകളുടെ സംഭാവനയാണവയെന്നും നിരീക്ഷണമുണ്ട്) കൊലപ്പെടുത്തുക കൂടി ചെയ്തതോടെ സ്വസ്ഥത ഉപേക്ഷിക്കാനും തന്റെ ആത്മീയാന്വേഷണങ്ങളിലേക്കു തിരികെപ്പോകാനും ഗസ്സാലി തീരുമാനിച്ചു. അദ്ദേഹം കടന്നുപോയ മാനസിക വിഭ്രാന്തികളുടെയും അനാരോഗ്യത്തിന്റെയും തുടര്‍ച്ചയിലായിരുന്നു അത്. എല്ലാം ഉപേക്ഷിച്ച്, ഹജ്ജിനു മക്കയിലേക്കെന്ന വ്യാജേന അദ്ദേഹം അലഞ്ഞു. വീടും കുടുംബവും സ്വത്തുക്കളും ഉപേക്ഷിച്ച്, ലോകം നഷ്ടപ്പെടുത്തി ആന്തരികലോകങ്ങള്‍ തേടിയുള്ള യാത്രയായിരുന്നു അത്. ആന്തരിക അന്വേഷണങ്ങള്‍ക്കായി ആത്മാവ് സഞ്ചാരം തുടങ്ങുമ്പോള്‍ ശരീരത്തെയും യാത്ര ചെയ്യിക്കേണ്ടതുണ്ട്. സഫറെന്നും രിഹ്‌ലയെന്നും ഈ യാത്രകളെ ഗസ്സാലി വേര്‍തിരിച്ചിട്ടുണ്ട്.
ശരീരത്തെ ആത്മാവിനെ അണിയിച്ച വെറും വസ്ത്രമെന്നും കിളി ഉപേക്ഷിച്ചുപോകുന്ന കൂടെന്നും നിധി ഒളിഞ്ഞുകിടന്ന പെട്ടകമെന്നും മുത്തിനു വസതിയായ ചിപ്പിയെന്നും ഗസ്സാലി തന്റെ ജീവിതാവസാനം എഴുതിയ ഒരു കവിതയില്‍ ഉപമിക്കുന്നുണ്ട്. ആത്മാവിന്റെ ആഹ്ലാദവും പരമമായ സത്യത്തിന്റെ അനുഭവവും സന്ദേഹങ്ങള്‍ക്കിടമില്ലാത്ത യഥാര്‍ഥ ജ്ഞാനവും തേടിയുള്ള യാത്രയില്‍ ഗസ്സാലി വര്‍ഷങ്ങള്‍ അജ്ഞാതവാസത്തില്‍ കഴിഞ്ഞു. മക്കയിലേക്കെന്ന വ്യാജേനയുള്ള പുറപ്പെടല്‍ പോലും ഈ മറയത്ത് കഴിയാനുള്ള ഉപായമായിരുന്നു. ബഗ്ദാദിലെ നിസാമിയ്യയിലെ ഗുരുവിന്റെ ഔദ്യോഗിക പദവികള്‍ ഗസ്സാലിയുടെ പേഴ്‌സനാലിറ്റി ആയിരുന്നു. ഗസ്സാലി എന്ന പേഴ്‌സന്‍ അതായിരുന്നില്ല, പേഴ്‌സനാലിറ്റി എന്ന വാക്കിന്റെ ഉരുവം ഗ്രീക്കിലെ പേര്‍സണയില്‍നിന്നാണ്. അതിന്റെ ശരിക്കുമുള്ള അര്‍ഥം മുഖംമൂടി എന്നുമാണെന്നു പറയുന്നുണ്ട് ചലച്ചിത്രത്തില്‍ ഒരിടത്ത് ശൈഖ് ഹംസ യൂസുഫ്. പദവികള്‍ നേടാനുള്ള ജ്ഞാനാന്വേഷണമായിരുന്നു തന്റെ ജീവിതത്തിന്റെ ആദ്യ ഭാഗമെന്നും പദവികള്‍ ഉപേക്ഷിക്കാനുള്ള ജ്ഞാന സമ്പാദനമായിരുന്നു തന്റെ പില്‍ക്കാല ജീവിതമെന്നും ഗസ്സാലി 'അറിവില്ലായ്മയില്‍ നിന്ന് മോചനം'(Deliverance From Error) എന്ന ആത്മകഥാകൃതിയില്‍ സ്വയം വെളിപ്പെടുത്തുന്നു.
താരതമ്മ്യേന ചെറുപ്രായം എന്നു ഗണിക്കപ്പെടുന്ന മുപ്പത്തിനാലാം വയസിലാണ് ഗസ്സാലി നിസാമിയ്യ സര്‍വകലാശാലയില്‍ പ്രൊഫസറുടെ പദവിയേല്‍ക്കുന്നത്. ഈ കാലയളവിലാണദ്ദേഹം 'തഹാഫത്തുല്‍ ഫലാസിഫ'(തത്വചിന്തയുടെ പൊരുത്തമില്ലായ്മ) എന്ന ഗ്രന്ഥമെഴുതുന്നത്. ഗ്രീക്ക് തത്വചിന്തയ്ക്കും അതു മുതുകിലേറ്റിയ മതപണ്ഡിതര്‍ക്കും എതിരേയായിരുന്നു ആ വിമര്‍ശനം. മതത്തെ തെളിയിക്കാനോ തെളിയിക്കാതിരിക്കാനോ കഴിയില്ലെന്നും അത്തരം ശ്രമങ്ങള്‍ പൊരുത്തക്കേടിലാണെത്തുകയെന്നും അതു വിശ്വാസത്തിനു നല്‍കുക കപടന്യായീകരണം മാത്രമായിരിക്കുമെന്നും ഗസ്സാലി വിശ്വസിച്ചു. സംശയങ്ങളിലൂടെ കടന്നുപോകാതെ ഒരാളും വിശ്വാസത്തിലേക്കെത്തുന്നില്ലെന്നും സഞ്ചാരം ആത്മീയധാരണയ്ക്ക് ആവശ്യമാണെന്നും ഗസ്സാലി സ്ഥാപിച്ചു. ഇതരമതസ്ഥരെ അവിശ്വാസികള്‍ എന്നു വിളിക്കാനാകില്ലെന്നും അവരവരുടെ സത്യത്തില്‍ വിശ്വാസികളാണെന്നും ഇമാം അലിയെ ഉദ്ധരിച്ചുകൊണ്ട് ഗസ്സാലി വ്യക്തമാക്കി. ആത്മീയവും മതപരവുമായ വഴിമുട്ടലുകളില്‍ ഗസ്സാലിയുടെ ഗ്രന്ഥങ്ങളും ആശയലോകവും പരിഹാരവും പ്രചോദനവുമായി നിലകൊള്ളുന്നു.
'ഇഹ്‌യാഉ ഉലൂമുദ്ദീനി'ന് അദ്ദേഹം തന്നെ പേര്‍ഷ്യന്‍ ഭാഷയില്‍ എഴുതിയ സംഗ്രഹരൂപമാണ് 'കീമിയാഉ സആദ'(The Alchemy of Happiness). 'ആല്‍കെമിസ്റ്റ് ഓഫ് ഹാപിനസ് ' എന്ന ചലച്ചിത്രത്തിന്റെ നാമകരണം അതില്‍നിന്നു കടമെടുത്തതാണ്. ആത്മാവിന്റെ സ്വാതന്ത്ര്യം അറിഞ്ഞവര്‍ക്കു ശരീരത്തില്‍നിന്നുള്ള അതിന്റെ വിടുതലും മുന്‍കൂട്ടി അറിയാനാകുന്നു. പ്രഭാത പ്രാര്‍ഥനകള്‍ നിര്‍വഹിച്ച്, തന്റെ ശരീരത്തെ പൊതിയാനുള്ള അവസാനത്തെ ഉടുപുടവ എടുപ്പിക്കുകയും അതില്‍ അമര്‍ത്തി ചുംബിക്കുകയും ചെയ്യുന്ന ഗസ്സാലി മരണം വരിക്കുന്നു, അദ്ദേഹത്തിന്റെ തലയിണക്കടിയില്‍നിന്നു കണ്ടെത്തിയ തലേന്നു രാത്രി എഴുതിയ കാവ്യശകലം എഴുതിക്കാണിച്ചുകൊണ്ട് ചലച്ചിത്രം അവസാനിക്കുന്നു.
നമ്മുടെ കാലത്തേക്കുകൂടി ഗസ്സാലിയുടെ ചിന്തകളെയും ജീവിതപാഠങ്ങളെയും ചേര്‍ത്തുനിര്‍ത്തുന്നതിനും ചിത്രത്തിലെ സമകാലീനമായ യാത്രയ്ക്കും അന്വേഷണങ്ങള്‍ക്കും കഴിയുന്നു. ഒഴിവാക്കാനാകാത്ത ആത്മീയധാരയുടെ അളവറ്റ ഉറവിടവുമാണ് ഗസ്സാലിയെന്നു സ്ഥാപിക്കുകയും തീവ്ര മതവാദരൂപങ്ങള്‍ വ്യാപിക്കുന്ന ലോകത്തിനു മുന്‍പാകെ, ലോകത്തെ ഒരിക്കല്‍ അതിശയിപ്പിച്ചതും, വീണ്ടെടുക്കേണ്ടതുമായ സത്യത്തിനും സൗന്ദര്യത്തിനുമുള്ള അന്വേഷണങ്ങളുടെ ഒരു തലം ഇസ്‌ലാമിന്റെ ഉള്ളടക്കമാണെന്നും ഗസ്സാലിയെ പുനരവതരിപ്പിച്ചുകൊണ്ട് 'ആല്‍കെമിസ്റ്റ് ഓഫ് ഹാപിനസ് ' ചൂണ്ടിക്കാട്ടുന്നു. ഗസ്സാലിയുടെ രമ്യതയുടെയും സംയമനത്തിന്റെയും ചിന്താധാരയില്‍ ഇസ്‌ലാമിനു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കരുണയും പ്രജ്ഞയും തിരികെ കിട്ടുമെന്ന പ്രബോധനവും ചിത്രത്തിലുണ്ട്.
'ആല്‍കെമിസ്റ്റ് ഓഫ് ഹാപിനസി'ന്റെ ആഖ്യാനവും അവതരണവും ആകര്‍ഷകമാണ്. ഗസ്സാലിയുടെ ജീവിതം സ്പര്‍ശിച്ചിട്ടുള്ള വിവിധ ജ്ഞാനമേഖലകളിലെ പണ്ഡിതരുമായുള്ള കൂടിക്കാഴ്ചകളിലൂടെയും സമകാലികമായ ഒരന്വേഷണ യാത്രയുടെ പകര്‍പ്പിലൂടെയുമാണു ചലച്ചിത്രം മുന്നോട്ടുപോകുന്നത്. ഇമാം ഗസ്സാലി, സഹോദരന്‍ അഹ്മദ് അല്‍ ഗസ്സാലി, ഭാര്യയും കുട്ടികളും, നിസാമുല്‍ മുല്‍ക്ക്, കവി ഉമര്‍ ഖയ്യാം തുടങ്ങി ചരിത്രത്തില്‍ രേഖയുള്ളവര്‍ കഥാപാത്രങ്ങളായെത്തുന്നു. അമേരിക്കന്‍ സംവിധായകനായ Abdul Latif Salazar സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നു. രചന Simon Van Der Borgh. Ghorban Nadjafi, Abol Reza Kermani, Mtira Hajjar, Dariush Arjmand വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബ്രിട്ടീഷ് റോക്ക് സംഗീതജ്ഞനായ Hugo Martin Montgomery Campbell നല്‍കിയ പശ്ചാത്തല സംഗീതവും ചിട്ടപ്പെടുത്തിയ പേര്‍ഷ്യന്‍ നാടോടി ഗാനങ്ങളും ചിത്രത്തിനു ലാവണ്യത്തിന്റെ ഒരു ശബ്ദപ്രതലം നല്‍കുന്നു. വിട്ടുപോകുന്ന ശ്രദ്ധയെ ചലച്ചിത്രത്തിലേക്കു മെരുക്കിയെടുക്കുന്നുണ്ട് ഈ സംഗീതം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."