മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി സ്വകാര്യ കാലാവസ്ഥാ കമ്പനി തങ്ങളുടെ മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചു
കോഴിക്കോട്: ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്തനിവാരണ വിഭാഗം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്ന ആരോപണത്തിനിടെ വിമര്‍ശനവുമായി മുഖ്യമന്ത്രിക്ക് സ്വകാര്യ കാലാവസ്ഥാ കമ്പനി സി.ഇ.ഒയുടെ തുറന്ന കത്ത്. കഴിഞ്ഞ 29 മുതല്‍ തങ്ങളുടെ ചാനലും വെബ്‌സൈറ്റും ദുരന്തനിവാരണ വിഭാഗങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പും വഴി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും കേരളത്തില്‍ തങ്ങള്‍ക്ക് 100 ഓട്ടോമാറ്റിക് കാലാവസ്ഥാ സ്റ്റേഷനുകളുണ്ടെന്നും നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൈമെറ്റ് കമ്പനിയുടെ സി.ഇ.ഒ ജതിന്‍ സിങ് പറയുന്നു. മുഖ്യമന്ത്രി വെള്ളിയാഴ്ച ഓഖിയെക്കുറിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന് തുറന്ന കത്തെഴുതുന്നതെന്ന് ജതിന്‍ സിങ് വ്യക്തമാക്കി. നവംബര്‍ 21 മുതല്‍ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതും ഇത് കിഴക്കന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങുന്നുവെന്ന് 24നും ഇന്ത്യന്‍ തീരത്തേക്ക് അടുക്കുന്നതായി 28നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
28ന് നല്‍കിയ മുന്നറിയിപ്പില്‍ കേരളത്തിലും തമിഴ്‌നാട്ടിലും കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നും പറഞ്ഞിരുന്നു. 29ന് ന്യൂനമര്‍ദം ശക്തി പ്രാപിച്ചപ്പോഴാണ് തങ്ങള്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയത്. 30ന് ഓഖി ചുഴലിക്കാറ്റ് രൂപപ്പെടുകയും ചെയ്തു. പുനലൂര്‍, കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി പ്രദേശങ്ങളില്‍ കാറ്റ് കനത്ത നാശനഷ്ടം ഉണ്ടാക്കുമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കത്തില്‍ കമ്പനി മേധാവി ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."