13പേരെ രക്ഷപ്പെടുത്തി കൊല്ലത്ത് മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തി
കൊല്ലം: പ്രകൃതിക്ഷോഭത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടേതെന്നു സംശയിക്കുന്ന മൂന്നു മൃതദേഹങ്ങള്‍ ഇന്നലെ കൊല്ലത്ത് എത്തിച്ചു.
നാവികസേനയുടെ തിരച്ചിലിനിടെ കടലില്‍ കണ്ടെത്തിയ മൃതദേഹമാണ് ആദ്യം ഹെലികോപ്റ്ററില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് ആശ്രാമം മൈതാനത്ത് കൊണ്ടുവന്നത്.
ജോനകപ്പുറത്തുനിന്നു കടലില്‍ തിരച്ചിലിനായി പോയ മത്സ്യത്തൊഴിലാളികളാണ് രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവ വൈകിട്ടോടെ തീരത്ത് എത്തിച്ചു. മൂന്ന് മൃതദേഹങ്ങളും ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആരെയും തിരിച്ചറിഞ്ഞിട്ടില്ല.
അതേസമയം, ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കുടുങ്ങിയ 13 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്നലെ കൊല്ലത്ത് എത്തിച്ചു. ഇതോടെ കൊല്ലം മേഖലയില്‍ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെ എണ്ണം 105 ആയി. പുറംകടലില്‍ തിരച്ചില്‍ നടത്തിവന്ന നാവികസേനയുടെ കപ്പലാണ് തിരയില്‍ അകപ്പെട്ട് പ്രവര്‍ത്തനരഹിതമായ ഗ്രേഷ്യ പ്ലീന എന്ന ബോട്ടിലെ തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.
തമിഴ്നാട്ടിലെ മാര്‍ത്താണ്ഡത്തുനിന്ന് പോയ തൊഴിലാളികളാണ് ഈ ബോട്ടിലുണ്ടായിരുന്നത്. കപ്പലില്‍ കെട്ടിവലിച്ച് കൊല്ലം തീരമേഖലയിലേക്ക് കൊണ്ടുവന്ന ബോട്ട് മറൈന്‍ എന്‍ഫോഴ്സ്മെന്റും പൊലിസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ശക്തികുളങ്ങര ഫിഷിങ് ഹാര്‍ബറില്‍ കൊണ്ടുവരികയായിരുന്നു.
ഇവരെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ച് അത്യാഹിത വിഭാഗത്തില്‍ അടിയന്തര ചികിത്സ ലഭ്യമാക്കിയശേഷം പ്രത്യേക വാര്‍ഡിലേക്ക് മാറ്റി. വൈകിട്ടോടെ ഇവരെ ഡിസ്ചാര്‍ജ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."