യു.എന്‍ കുടിയേറ്റ ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങി
യുനൈറ്റഡ് നാഷന്‍സ്: കുടിയേറ്റ-അഭയാര്‍ഥി പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി തയാറാക്കിയ യു.എന്‍ ഉടമ്പടിയില്‍നിന്ന് അമേരിക്ക പിന്‍വാങ്ങി. യു.എസ് അംബാസഡര്‍ നിക്കി ഹാലെയാണ് ഇക്കാര്യം കഴിഞ്ഞ ദിവസം യു.എന്നിനെ അറിയിച്ചത്. രാജ്യത്തിന്റെ പരമാധികാരവുമായി ഒത്തുപോകുന്നതല്ല ഉടമ്പടിയെന്ന് കാണിച്ചാണ് അമേരിക്കയുടെ പിന്മാറ്റം.
യു.എന്‍ പൊതുസഭയുടെ നേതൃത്വത്തില്‍ 2016ലാണ് ന്യൂയോര്‍ക്ക് ഡിക്ലറേഷന്‍ ഓഫ് റെഫ്യൂജിസ് ആന്‍ജ് മൈഗ്രന്റ്‌സ് എന്ന പേരില്‍ രാഷ്ട്രീയ ഉടമ്പടി പ്രഖ്യാപനം പുറത്തിറക്കിയത്. അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക, അവരെ പുനരധിവാസത്തിനു സഹായിക്കുക, വിദ്യാഭ്യാസ-തൊഴില്‍ രംഗങ്ങളിലേക്ക് പ്രവേശനം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് കുടിയേറ്റ ഉടമ്പടി തയാറാക്കിയത്. ഇത് അമേരിക്ക അടക്കം 193 അംഗരാജ്യങ്ങളും പിന്തുണച്ചിരുന്നു. നിയമപരമായി ബാധ്യതയായി നിലനില്‍ക്കുന്ന സ്വഭാവത്തിലുള്ളതല്ല ഉടമ്പടി.
അമേരിക്കയുടെ കുടിയേറ്റ-അഭയാര്‍ഥി നയങ്ങളുമായും ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ തത്വങ്ങളുമായും യോജിച്ചുപോകാത്ത നിരവധി വ്യവസ്ഥകള്‍ ഉടമ്പടിയിലുണ്ടെന്ന് യു.എന്നിലെ അമേരിക്കന്‍ നയതന്ത്ര വൃത്തങ്ങള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് മെക്‌സിക്കോയിലെ പ്യൂര്‍ട്ടോ വല്ലാര്‍ട്ടയില്‍ ആഗോള കുടിയേറ്റ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് അമേരിക്കയുടെ പിന്മാറ്റം. വിവിധ കാരണങ്ങളാല്‍ നിര്‍ബന്ധിതരായി പലായനം ചെയ്യേണ്ടി വന്ന 60 മില്യന്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാനുഷികമായ നയനിലപാടുകള്‍ രൂപീകരിക്കുക ലക്ഷ്യമിട്ടാണ് ഇന്ന് മെക്‌സിക്കോയില്‍ സമ്മേളനം ആരംഭിക്കുന്നത്.
അതേസമയം, നിക്കി ഹാലെ പിന്മാറ്റ തീരുമാനത്തെ എതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. മെക്‌സിക്കോ സമ്മേളനത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ ആഗോള കുടിയേറ്റ നയങ്ങളെ സ്വാധീനിക്കാന്‍ അമേരിക്കക്ക് ആകുമായിരുന്നുവെന്നാണ് ഹാലെയുടെ നിലപാട്. എന്നാല്‍, ഇക്കാര്യത്തില്‍ ട്രംപ് നിലപാട് കര്‍ക്കശമാക്കുകയായിരുന്നു. ''കുടിയേറ്റ പൈതൃകത്തിന്റെ കാര്യത്തിലും അന്താരാഷ്ട്ര തലത്തിലുള്ള കുടിയേറ്റ-അഭയാര്‍ഥി സമൂഹത്തിനു നല്‍കിയ പിന്തുണയുടെ കാര്യത്തിലും അമേരിക്ക അഭിമാനിക്കുന്നു. എന്നാല്‍, കുടിയേറ്റ വിഷയത്തില്‍ തങ്കളുടെ നിലപാട് തീരുമാനിക്കുക അമേരിക്കക്കാര്‍ മാത്രമായിരിക്കും''-പിന്മാറ്റ തീരുമാനം പ്രഖ്യാപിച്ച് നിക്കി ഹാലെ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."