ഇരുതലമൂരിയെ കടത്താന്‍ ശ്രമിച്ച നാലുപേര്‍ പിടിയില്‍
സംഘം പദ്ധതിയിട്ടത് 35 ലക്ഷത്തിന് വില്‍പ്പന നടത്താന്‍
സുല്‍ത്താന്‍ ബത്തേരി: ഇരുതലമൂരി പാമ്പിനെ കടത്താന്‍ ശ്രമിച്ച നാലുപേര്‍ പിടിയില്‍. മൂലങ്കാവില്‍ വച്ചാണ് ഇരുതലമൂരി പാമ്പിനെയും കടത്താന്‍ ഉപയോഗിച്ച വാഹനവും നാല് പ്രതികളെയും സുല്‍ത്താന്‍ ബത്തേരി പൊലിസ് പിടികൂടിയത്.
മണ്ണാര്‍ക്കാട് സ്വദേശികളായ അലി ഹസന്‍(63), മുഹമ്മദ് ശരീഫ്(31), കാര്‍ത്തികേയന്‍(29), അബ്ദുറഹ്്മാന്‍(23) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും പോര്‍ട്ടബിള്‍ വെയിങ് മെഷീന്‍, മൊബൈല്‍ ഫോണുകള്‍, സിംകാര്‍ഡുകള്‍ എന്നിവയും പിടികൂടിയിട്ടുണ്ട്്. പതിനാലര ലക്ഷം രൂപക്ക് അലി ഹസന്‍ തമിഴ്‌നാട് സ്വദേശിയുടെ പക്കല്‍ നിന്ന് വാങ്ങിയതാണ് ഈ പാമ്പ്. 35 ലക്ഷം രൂപക്ക് വില്‍ക്കാനായി മൈസൂര്‍ ഭാഗത്തേക്ക് പോകുമ്പോഴാണ് പ്രതികള്‍ പിടിയിലായത്.
സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലിസ് പറഞ്ഞു. 1972ലെ വന്യജീവി നിയമ പ്രകാരം ഷെഡ്യൂള്‍ നാലില്‍ ഉള്‍പ്പെടുന്നതാണ് റെഡ് സാന്റ് ബുവ എന്ന ഇരുതലമൂരി. മന്ത്രവാദം, കാന്‍സര്‍ ചികിത്സ തുടങ്ങിയവക്ക് ഉപയോഗിക്കാന്‍ എന്ന വ്യാജേന മോഹവിലക്കാണ് വിഷമില്ലാത്ത പാമ്പിനെ ഇത്തരക്കാര്‍ വില്‍പ്പന നടത്തുന്നത്. വിദേശത്ത് ഇതിന് കോടികള്‍ വിലമതിക്കും. സമ്പത്ത് ലഭിക്കുമെന്ന് വിശ്വസിച്ചും ഇരുതലമൂരിയെ വാങ്ങുന്നവരുണ്ട്. അന്താരാഷ്ട്ര വന്യജീവി കടത്തുകാരുടെ ഇഷ്ടജീവിയുമാണിത്.
സുല്‍ത്താന്‍ ബത്തേരി റെയിഞ്ചര്‍മാരായ ആര്‍ കൃഷ്ണദാസ്, അജയ്‌ഘോഷ്, ആര്‍.എഫ്.ഒ ട്രെയിനിമാരായ നിധിന്‍ പി.എസ്, രമ്യ രാഘവന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ എസ് മുസ്തഫ, ബീരാന്‍കുട്ടി, സത്യന്‍, ബാബു, ബി.എഫ്.ഒമാരായ ദാമോദരന്‍, കെ.സി സന്തോഷ്, രഘു, മോഹനന്‍ എന്നിവരടങ്ങിയ വനംവകുപ്പ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."