നവജാത ശിശുവിനെ മരിച്ചെന്നു പറഞ്ഞ മാക്സ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദുചെയ്തു
ന്യൂഡല്‍ഹി: നവജാത ശിശുവിനെ മരിച്ചുവെന്ന് തെറ്റായി പ്രഖ്യാപിച്ച ഡല്‍ഹിയിലെ മാക്സ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി. ആശുപത്രിക്ക് പുതിയ രോഗികളെ ചികിത്സിക്കാനാവില്ല. നവജാത ശിശുവിന്റെ മരണം തെറ്റായി പ്രഖ്യാപിച്ചത് അംഗീകരിക്കാനാവില്ലെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയ്ന്‍ പറഞ്ഞു.
ബുധനാഴ്ചയാണ് സംഭവം നടന്നത്. ജീവന്റെ തുടിപ്പുണ്ടായിരുന്ന ശിശുവിനെ മരിച്ചെന്നു പറഞ്ഞ് ബന്ധുക്കളെ ഏല്‍പ്പിക്കുകയായിരുന്നു. ഇരട്ടക്കുട്ടികളെ പ്രസവിച്ച രക്ഷിതാക്കള്‍ക്ക് രണ്ടു കുട്ടികളെയും ലഭിച്ചത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ്. ഒരാഴ്ച നീണ്ട വിദഗ്ധ ചികിത്സയ്ക്കു ശേഷമാണ് മരിച്ചെന്നു പറഞ്ഞ് ശിശുക്കളെ നല്‍കിയത്. മൃതദേഹങ്ങള്‍ സംസ്കരിക്കാനായി എടുത്തപ്പോഴാണ് ഒരു കുട്ടിയില്‍ അനക്കം ശ്രദ്ധിച്ചത്. പിന്നീടാണ് കുട്ടിയുടെ ഹൃദയമിടിക്കുന്നതായി കണ്ടെത്തിയത്.
കുട്ടിയെ ഉടന്‍ മറ്റൊരു ആശുപത്രിയില്‍ എത്തിച്ച് ചികിത്സിക്കുകയായിരുന്നു. സംഭവം പുറത്തായതോടെ, അന്വേഷിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ഇ.സി.ജി പരിശോധിക്കുന്നതില്‍ ആശുപത്രി പരാജയപ്പെട്ടുവെന്ന് സമിതി കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."