കേരള ഇസ്‌ലാമിന്റെ സോഷ്യല്‍ എന്‍ജിനീയര്‍
1920കളിലെ സവിശേഷമായ സാമൂഹികസന്ധിയില്‍നിന്ന് കേരള ഇസ്‌ലാം ആര്‍ജിച്ച സംഘടിത രൂപമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ലോകത്ത് രാജഭരണ, പ്രഭുവാഴ്ചാ പ്രദേശങ്ങള്‍ ദേശരാഷ്ട്രങ്ങളായി പരിവര്‍ത്തിതമായിക്കൊണ്ടിരുന്ന കാലമാത്തായിരുന്നു ആ രൂപീകരണം. പ്രവിശാലമായ കോളനികളും അതിര്‍ത്തികള്‍ കൃത്യമായി നിര്‍ണയിക്കപ്പെടാതിരുന്ന പ്രവിശ്യകളും നാട്ടുഭരണ പ്രദേശങ്ങളുമായി കിടന്നിരുന്ന നാടുകങ്ങളൊക്കെ സ്വാതന്ത്ര്യം നേടി സ്വന്തമായ അതിരുകളും അധികാരികളുമായി രാഷ്ട്രരൂപം പ്രാപിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജനങ്ങളുടെ സാമൂഹിക ഇടപാടുകളിലും അകം-പുറം സഞ്ചാരങ്ങളിലും ഇതു കാര്യമായി സ്വാധീനിച്ചു.
രാജഭരണ പ്രദേശങ്ങള്‍ക്കകത്തെ പൗരസമൂഹത്തെ പോലെ പോലെ, മറ്റെവിടത്തെയും ഇസ്‌ലാമിക സമൂഹങ്ങളെയും പോലെ കേരള മുസ്‌ലിമിന്റെ ജീവിതവും നിലനിന്നത് അതതു പ്രാദേശികതയില്‍ നേതൃ-ആജ്ഞാ കരിഷ്മ കൊണ്ട് ശ്രദ്ധേയരായിരുന്ന ജ്ഞാനികളെയും സൂഫികളെയും ചുറ്റിപ്പറ്റിയായിരുന്നു. കേരളത്തിലെ ഇസ്‌ലാമാഗമനം തൊട്ട് അന്നുവരെയും ഒരു ഐക്യഇസ്‌ലാം ഉണ്ടായിരുന്നില്ല എന്നര്‍ഥം. പൊന്നാനി കേന്ദ്രീകരിച്ച് മഖ്ദൂമുമാര്‍, തിരൂരങ്ങാടിയില്‍ മമ്പുറം തങ്ങന്മാര്‍, കോഴിക്കോട്ടെ ഖാദിമാര്‍(കേരള മുസ്‌ലിം ജീവിതത്തെ വലിയ തോതില്‍ സ്വാധീനിച്ചവരാണ് ഇവരില്‍ മിക്കവരുമെങ്കിലും അതതു പ്രദേശങ്ങളെ കേന്ദ്രീകരിച്ചായിരുന്നു അവരുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടന്നത്.) അതില്‍ ഏറ്റവും പ്രശസ്തനാമങ്ങളാണ്. അത്രയൊന്നും പ്രശസ്തരല്ലാത്തവരോ, ഒട്ടും തന്നെ പുറംലോകം കേട്ടിട്ടു പോലുമില്ലാത്തവരോ ആയ മഹാത്മാക്കള്‍ വേറെയും ഒരുപിടിയുണ്ട്.
1926ല്‍ സമസ്ത രൂപീകരിക്കപ്പെടുന്നതോടെ, പല കൈവഴികളും വിവിധ തുരുത്തുകളുമായി കിടന്നിരുന്ന പ്രാദേശിക ഇസ്‌ലാമിക സമൂഹം ഐക്യരൂപവും സാമുദായിക സ്വത്വവും കൈവരിക്കുകയാണുണ്ടായത്. അതോടൊപ്പം അജ്ഞാതരോ വേണ്ടത്ര പ്രശസ്തരോ അല്ലാതെ ജീവിച്ചുമരിച്ചു പോകേണ്ടിയിരുന്ന വലിയൊരു പണ്ഡിത-നേതൃ സമൂഹത്തെ സമുദായത്തിന്റെ പൊതുധാരയിലേക്കു കൊണ്ടുവരാനും അവരെ വ്യാപകമായ തോതില്‍ പൊതുനന്മയ്ക്കായി ഉപയോഗപ്പെടുത്താനും സമസ്തക്കായി. എന്നാല്‍, സമസ്തയുടെ ഒരു നൂറ്റാണ്ടോട് അടുക്കുന്ന ചരിത്രത്തിലും വിവിധ കാലങ്ങള്‍ വിവിധ വ്യക്തികളുടെ പേരിലാണ് അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്.
സ്വാതന്ത്ര്യ സമരത്തിന്റെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും സമരതീക്ഷ്ണ കാലത്ത് മാപ്പിള സമുദായത്തിന് സമചിത്തതവും ധിഷണാപൂര്‍വവുമായ ദിശനിര്‍ണയിച്ച പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാരുടേതായിരുന്നു ഒരു കാലം. പിന്നീട്, വൈജ്ഞാനിക-എഴുത്ത് ഇടപെടലുകളുമായി പറവണ്ണ മുഹ്‌യുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ വന്നു. എം.എം ബഷീര്‍ മുസ്‌ലിയാര്‍ സംഘടനയെ ശാസ്ത്രീയവും ബൗദ്ധികവുമായ ചട്ടക്കൂടുകളിലേക്കു മെരുക്കി. മത-ആദര്‍ശ സന്നിഗ്ധതകള്‍ മൂടിക്കെട്ടിയ എണ്‍പതുകളിലും തൊണ്ണൂറുകളിലും വൈജ്ഞാനിക പ്രഭാവത്താല്‍ നിറഞ്ഞുനിന്നു ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍. ആയിടക്ക് പ്രഭാഷണ ചാതുരി കൊണ്ട് നാട്ടിക വി. മൂസ മുസ്‌ലിയാരും ശ്രദ്ധ നേടി. സാമൂഹിക നവീകരണവും പൊതുഇടപെടലുകളും മുന്‍പെന്നെത്തെക്കാളും ആവശ്യമായ പുതിയ കാലത്താണ് കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ സമസ്തയുടെ മുഖമായി പ്രത്യക്ഷപ്പെടുന്നത്.
കഴിഞ്ഞൊരു ദശകത്തില്‍ കേരളത്തിലെ പാരമ്പര്യ ഇസ്‌ലാമിന്റെ സോഷ്യല്‍ എന്‍ജിനീയറിങ് ദൗത്യമാണ് കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ നിര്‍വഹിച്ചത്. അടുത്ത കാലത്തുണ്ടായ, സമുദായത്തെ ബാധിക്കുന്ന പുതിയ സാമൂഹിക പ്രശ്‌നങ്ങളെല്ലാം അഡ്രസ് ചെയ്യാന്‍ ബാപ്പു മുസ്‌ലിയാരെ തന്നെയായിരുന്നു സമസ്തയ്ക്കു പുറമെ വിവിധ സാമുദായിക സംഘടനകളും ആശ്രയിച്ചിരുന്നതെന്നു തന്നെ പറയാം. വിവാഹപ്രായം മുതല്‍ തുടങ്ങുന്ന പുത്തന്‍ വിവാദങ്ങള്‍ക്കെല്ലാം യുക്തിഭദ്രവും പ്രായോഗികവുമായ പ്രതിവിധികള്‍ കണ്ടെത്താന്‍ ഒരു തലയായി വര്‍ത്തിച്ചത് അദ്ദേഹം തന്നെയാണ്. ആ അര്‍ഥത്തില്‍ കുറച്ചുകൂടി കഴിഞ്ഞ് കേരള ഇസ്‌ലാമിക ചരിത്രം നീട്ടിയെഴുതപ്പെടുമ്പോള്‍ എണ്ണപ്പെടുന്ന വ്യക്തികളില്‍ ബാപ്പു മുസ്‌ലിയാര്‍ക്ക് തീര്‍ച്ചയായും ഒരിടമുണ്ട്.
മുസ്‌ലിം സമുദായത്തിനും ഇതര ജനവിഭാഗങ്ങള്‍ക്കുമിടയിലും പാരമ്പര്യ സമൂഹത്തിനും മുഖ്യധാരയ്ക്കുമിടയിലും ഒരു പാലമായും ബാപ്പു മുസ്‌ലിയാര്‍ വര്‍ത്തിച്ചുവെന്നതാണു സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന മറ്റൊരു കാര്യം. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി ഒരു ഇടതുപക്ഷ സര്‍ക്കാര്‍ അദ്ദേഹത്തിനു രണ്ടാം ഊഴം നല്‍കിയത് ആ വസ്തുതയെ പ്രതീകവല്‍ക്കരിക്കുന്നുണ്ട്. കേവലം ഹജ്ജ് തീര്‍ഥാടകര്‍ക്ക് സേവനസൗകര്യങ്ങളൊരുക്കുന്ന സമിതിയുടെ തലവന്‍ എന്നതിനപ്പുറം ഹജ്ജ് കമ്മിറ്റി ചെയര്‍മാന് കേരളത്തില്‍ കുറച്ചുകൂടി വിശാലമായ പരികല്‍പനകളുള്ളതാണല്ലോ. സമുദായവും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചകളിലും ഇടപാടുകളിലുമെല്ലാം ബാപ്പു മുസ്‌ലിയാര്‍ ഒഴിച്ചുകൂടാനാകാത്ത വിശ്വസ്തപ്രതിനിധിയായി. അതിലെല്ലാം അദ്ദേഹം നിരന്തരസാന്നിധ്യവുമായി.
കുശാഗ്രബുദ്ധിക്കാരനായ പണ്ഡിതന്‍, സംഘാടകന്‍, പ്രാസംഗികന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്ന പതിവു പണ്ഡിത വിശേഷങ്ങളില്‍നിന്ന് ബാപ്പു മുസ്‌ലിയാര്‍ക്ക് അധികമുള്ള ചിലതാണു മേല്‍പറഞ്ഞത്. ഇനിയും പലതുണ്ട് അദ്ദേഹത്തെ തന്റെ സമകാലികരില്‍നിന്നു വേറിട്ടുനിര്‍ത്തുന്നതായി. അതുകൊണ്ടൊക്കെ തന്നെ ബാപ്പു മുസ്‌ലിയാരുടെ ജീവചരിത്രം കേരള മുസ്‌ലിം പഠനത്തില്‍ അവഗണിക്കപ്പെടാന്‍ പാടില്ലാത്തൊരു അധ്യായമാണ്. അതിന് അദ്ദേഹത്തിന്റേതായൊരു ജീവചരിത്രമെങ്കിലും ചുരുങ്ങിയത് വായനയ്ക്കു ലഭ്യമാകേണ്ടതുമാണ്. അത്തരമൊരു ദൗത്യമാണ് അദ്ദേഹത്തിന്റെ തന്നെ ശിഷ്യഗണങ്ങള്‍ 'ഒരാള്‍ ഒരുപാട് കാലങ്ങള്‍' എന്ന പേരില്‍ നിര്‍വഹിച്ചിരിക്കുന്നത്.
പരമ്പരാഗതമായി നമുക്കു പരിചയമുള്ള സ്മരണികാചിട്ടകള്‍ ലംഘിച്ചിരിക്കുകയാണ് 'ഒരാള്‍ ഒരുപാട് കാലങ്ങള്‍'. ആവര്‍ത്തനവിരസമായ അനുസ്മരണ ഉപചാരങ്ങള്‍ മാറ്റിവച്ച് കേരള മുസ്‌ലിം പഠനത്തിലേക്ക് ശ്രദ്ധേയമായൊരു സംഭാവന നടത്തിയിരിക്കുന്നു, കടമേരി റഹ്മാനിയ്യ അറബിക് കോളജിലെ പൂര്‍വവിദ്യാര്‍ഥികള്‍. ബാപ്പു മുസ്‌ലിയാരുടെ ജീവിതം ചരിത്രപരമായും കാലക്രമത്തിലും വായിച്ചു മനസിലാക്കാവുന്ന, അത്ര വലുതല്ലെങ്കിലും അതിബൃഹത്തായൊരു രചനയാണിത്. വ്യക്തി, സമുദായം, റഹ്മാനിയ്യ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി ബാപ്പു മുസ്‌ലിയാരുടെ ജീവിതം അതിന്റെ വൈവിധ്യത്തിലും ബഹുലതയിലും അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു പുസ്തകത്തില്‍. അരുമശിഷ്യര്‍ പ്രിയ ഗുരുവിന് അദ്ദേഹത്തിന്റെ ജീവിതശേഷം സമര്‍പ്പിച്ച ഏറ്റവും മികച്ചൊരു ഗുരുദക്ഷിണയായിത് കണക്കാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."