പള്ളിക്കര റെയില്‍വേ ഗേറ്റില്‍ ദുരിതക്കെണി
നീലേശ്വരം: ശനിയാഴ്ച രാത്രിയും ഇന്നലെയുമായി പള്ളിക്കര ഗേറ്റ് യാത്രക്കാരെ ഏറെ വലച്ചു. ശനിയാഴ്ച മാവേലി എക്സ്പ്രസിന്റെ എന്‍ജിനു തീപിടിച്ചതു കാരണം ഗേറ്റടച്ചതെങ്കില് ഇന്നലെ ഉച്ചവരെ അറ്റകുറ്റപ്പണിക്കായാണ് അടച്ചിട്ടത്.
ദേശീയപാതയില്‍ മേല്‍പ്പാലമില്ലാത്ത ഏക റെയില്‍വേ ഗേറ്റാണിത്. ശനിയാഴ്ച രാത്രി ഏഴു മണിയോടെയാണ് മാവേലി എക്സ്പ്രസ് കടന്നുപോകാനായി ഗേറ്റടച്ചത്. ട്രെയിന്‍ ഗതാഗതം നിലച്ചതോടെ ഗേറ്റും അടഞ്ഞു കിടന്നു. ദേശീയപാതയില്‍ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ടനിര കാണാമായിരുന്നു. ഇതേത്തുടര്‍ന്നു ബൈപാസ് റോഡുകളിലൂടെ വാഹനങ്ങള്‍ പോകാന്‍ തുടങ്ങിയതോടെ അവിടെയും ഗതാഗതം സ്തംഭിച്ചു. നീലേശ്വരം എസ്.ഐ പി.നാരായണന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം ഗതാഗതം നിയന്ത്രിക്കാനുണ്ടായിരുന്നു.ഇന്നലെയാകട്ടെ രാവിലെ 9.30 മുതല്‍ അറ്റകുറ്റപ്പണികള്‍ക്കായി ഗേറ്റ് അടച്ചിട്ടു. ചെറുവത്തൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും തിരിച്ചുള്ളവയും കിലോമീറ്ററുകള്‍ സഞ്ചരിച്ച് ചായ്യോം അരയാക്കടവു വഴിയാണ് സഞ്ചരിച്ചത്. ഇതു യാത്രക്കാരെ ഏറെ വലച്ചു. ഗേറ്റടച്ചിട്ടത് അറിയാതെ എത്തിയവര്‍ക്കാകട്ടെ വീണ്ടും തിരിച്ചുപോകേണ്ട സ്ഥിതിയും വന്നു.
വര്‍ഷാവര്‍ഷം ഇവിടുത്തെ റെയില്‍വേ ഗേറ്റ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടാറുണ്ട്. തുറക്കാനാകാതെ ഗേറ്റ് പണിമുടക്കുന്നതും പതിവാണ്. നിരവധി തവണ വാഹനങ്ങളിടിച്ച് തകരാറിലായ ഗേറ്റ് മാറ്റണമെന്ന ആവശ്യം ഇതുവരെയായും നടപ്പിലായിട്ടില്ല. അധികൃതരുടെ തലതിരിഞ്ഞ നയത്തില്‍ ദുരിതമനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."