ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു; 12 പേര്‍ക്ക് പരുക്ക്
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിക്കിടെ ഇടഞ്ഞ ആനകളിലൊന്നിന്റെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു. സംഭവത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റു.
പരേതനായ കൂറ്റനാട് വടക്കെ കോതച്ചിറ വെളുത്തേടത്ത് രാമന്‍ നായരുടെ മകന്‍ സുഭാഷ് (30) ആണ് മരിച്ചത്. ശ്രീകൃഷ്ണന്‍ എന്ന ആനയുടെ കുത്തേറ്റ് ഗുരുതമായി പരുക്കേറ്റ സുഭാഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്നലെ വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. പരുക്കേറ്റ ഗുരുവായൂര്‍ ക്യാപിറ്റല്‍ സഫറോണില്‍ താമസിക്കുന്ന ദേവകി (67), കണ്ണൂര്‍ കോട്ടപ്പുറം സ്വദേശി ഋഷികേശ് (11) എന്നിവര്‍ അമല ആശുപത്രിയില്‍ ചികിത്സിയിലാണ്.
ദേവകിക്ക് എല്ലിന് പൊട്ടല്‍ ഉണ്ട്. നിസാര പരുക്കേറ്റ വിദ്യ (26), പവിഴം (51), മുരളി (64), വിജയലക്ഷ്മി, ദാസ് (ഏഴ്), ജനാര്‍ദനന്‍ (50), പ്രസന്നന്‍ (50), ഗാഥ (ഏഴ്) എന്നിവരെയും പരുക്കേറ്റ മറ്റ് രണ്ടുപേരെയും ദേവസ്വം മെഡിക്കല്‍ സെന്ററില്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.
ക്ഷേത്രത്തിലെ ശീവേലിക്കിടെയായിരുന്നു ആനകള്‍ ഇടഞ്ഞത്. രണ്ടാമത്തെ പ്രദിക്ഷണം അയ്യപ്പ ക്ഷേത്രത്തിന് സമീപം എത്തിയപ്പോള്‍ ശ്രീകൃഷ്ണന്‍ എന്ന ആന പെട്ടെന്ന് പാപ്പാനെ ആക്രമിക്കുയായിരുന്നു. പിന്നീട് ആന ക്ഷേത്ര കലവറയിലേക്ക് ഓടിക്കയറി.
അവിടെ ഉണ്ടായിരുന്ന പച്ചക്കറികളും പലചരക്കും നശിപ്പിച്ചു. ശ്രീകൃഷ്ണന്‍ ഇടഞ്ഞത് കണ്ടാണ് തിടമ്പ് ഏറ്റിയ ഗോപീ കണ്ണന്‍ എന്ന ആനയും ഒപ്പമുണ്ടായിരുന്ന ഹരികൃഷ്ണയും ഓടിയത്. ഹരികൃഷണയെ പെട്ടെന്ന് തളച്ചു. ഗോപീ കണ്ണന് മുകളില്‍ തിടമ്പ് പിടിച്ചിരുന്ന കീഴ്ശാന്തി മേലേടത്ത് ഹരി നമ്പൂതിരി ഭഗവതി ക്ഷേത്രത്തിന് സമീപമെത്തിയപ്പോള്‍ ചാടി രക്ഷപ്പെട്ടു.
ഗോപീ കണ്ണന്‍ ഭഗവതി കെട്ടിലെ ചെറിയ വാതില്‍ വഴി പുറത്തേക്ക് ഓടി. കിഴക്കെ നടയിലെ കംഫര്‍ട്ട് സ്റ്റേഷന് സമീപം വച്ചാണ് ഒടുവില്‍ തളച്ചത്. ആനകള്‍ വരുന്നത് കണ്ട് ജനം പരക്കം പാഞ്ഞു.
പലരും ക്ഷേത്ര കുളത്തിലേക്ക് എടുത്ത് ചാടി. സ്ഥിരം പ്രശന്ക്കാരന്‍ ആയ ശ്രീകൃഷ്ണനെ തിരക്കു ള്ള ദിവസം തന്നെ കൊണ്ടുവന്ന ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് ഒരു വിഭാഗം ക്ഷേത്ര ജീവനക്കാര്‍ ആരോപിച്ചു.
ശ്രീകൃഷ്ണന്‍ എന്ന ആനയുടെ രണ്ടാം പാപ്പാനായി അടുത്തിടെ എത്തിയതാണ് സുഭാഷ്. പരേതയായ നാണികുട്ടിയമ്മയാണ് മരണപ്പെട്ട സുഭാഷിന്റെ മാതാവ്. രതീഷ് , സുന്ദരന്‍, ലത, വിജയലക്ഷ്മി, രമണി എന്നിവര്‍ സഹോദരങ്ങളാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."