ജിഷ വധം: പ്രധാന തെളിവായത് ഡി.എന്‍.എ
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ ഏക പ്രതി അമീര്‍ കുറ്റക്കാരനെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സഹായകമായത് ഡി.എന്‍.എ തെളിവുകള്‍. ജിഷയുടെ നഖത്തിനടിയില്‍നിന്ന് കണ്ടെത്തിയ അമീറിന്റെ ഡി.എന്‍.എ ആയിരുന്നു ഇതില്‍ പ്രധാനം.
ആക്രമണത്തിനിടെ ജിഷയുടെ തോളില്‍ പ്രതി കടിച്ചിരുന്നു. ജിഷയുടെ ചുരിദാര്‍ ടോപ്പില്‍ കണ്ടെത്തിയ ഉമിനീരില്‍നിന്ന് പ്രതിയുടെ ഡി.എന്‍.എ കണ്ടെത്തി. ചുരിദാറിന്റെ കൈയില്‍ പുരണ്ട രക്തക്കറയും പ്രതിയുടേതാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ തെളിയുകയായിരുന്നു.
ജിഷയുടെ വീടിന്റെ വാതിലില്‍ പുരണ്ട രക്തക്കറ അമീറിന്റെതാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ തെളിഞ്ഞു. പ്രതിയുടെ ചെരിപ്പില്‍ ജിഷയുടെ ഡി.എന്‍.എ കണ്ടെത്തുകയായിരുന്നു.
അതേസമയം, പ്രതി അമീര്‍ കൃത്യം നടത്തുമ്പോള്‍ ധരിച്ചിരുന്ന ഷര്‍ട്ടും പ്രതിയുടെ സുഹൃത്ത് അനാറിനെയും കണ്ടെത്താന്‍ കഴിയാതിരുന്നത് അന്വേഷണസംഘത്തിന് ക്ഷീണമായി. കൃത്യം നടത്തുമ്പോള്‍ പ്രതി അമീര്‍ ധരിച്ചിരുന്നത് മഞ്ഞ നിറത്തിലുള്ള ഷര്‍ട്ടെന്നായിരുന്നു സാക്ഷി മൊഴികള്‍.
ജിഷയുടെ ശരീരത്തില്‍ കുത്തേറ്റ 36 പരുക്കുകളുണ്ടെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇത്രയും പരുക്കേല്‍ക്കുമ്പോള്‍ ഷര്‍ട്ടില്‍ രക്തം തെറിച്ചുവീഴുമെന്നും ഇത് മഞ്ഞ നിറത്തിലുള്ള ഷര്‍ട്ടില്‍ തെളിഞ്ഞുകാണാന്‍ സാധിക്കുമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
എന്നാല്‍, ഈ ഷര്‍ട്ട് കണ്ടെത്താന്‍ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല. പ്രതി അമീര്‍ കൃത്യം നിര്‍വഹിച്ചതിനുശേഷം സ്വദേശമായ അസമിലേക്ക് പോകവേ ട്രെയിനില്‍നിന്ന് വലിച്ചെറിഞ്ഞെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.
പ്രതി അമീറിന്റെ സുഹൃത്ത് അനാറിനെപ്പറ്റി കേസ് അന്വേഷണത്തിന്റെ ആദ്യം മുതല്‍തന്നെ ദുരൂഹത ഉയര്‍ന്നിരുന്നു.റിമാന്‍ഡ് കാലാവധി കഴിഞ്ഞ് കോടതിയില്‍ ഹാജരാക്കിയപ്പോഴെല്ലാം താനല്ല കുറ്റം ചെയ്തതെന്നും സുഹൃത്ത് അനാറാണ് കൃത്യം നിര്‍വഹിച്ചതെന്നും അമീര്‍ വിളിച്ചുപറഞ്ഞിരുന്നു.
അന്വേഷണസംഘം അസമിലെത്തി അനാറിനെപ്പറ്റി അന്വേഷിക്കുകയും ചെയ്തിരുന്നു. അനാറിനെ ആദ്യം ചോദ്യംചെയ്ത് വിട്ടയച്ചെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇപ്രകാരം ഒരു സുഹൃത്ത് അമീറിനില്ലെന്നും അനാറെന്നത് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയത്.
ജിഷയുടെ മാതാവിനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബൈക്ക് ഇടിപ്പിക്കാന്‍ ശ്രമിച്ചത് അനാര്‍ എന്നപേരിലുള്ള ഇതരസംസ്ഥാന തൊഴിലാളിയാണെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍, ഇത് അനാര്‍ ഹസന്‍ ആണെന്നാണ് അന്തിമവാദത്തിനിടെ പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയത്. കൃത്യത്തിനുപയോഗിച്ച കത്തി സംബന്ധിച്ചും വിവാദങ്ങളുയര്‍ന്നിരുന്നു. കത്തിയില്‍ കണ്ട രക്തക്കറയില്‍നിന്ന് വേര്‍തിരിച്ചെടുത്തത് ജിഷയുടെ ഡി.എന്‍.എ ആണെന്നാണ് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവ്. എന്നാല്‍, ഈ കത്തിയുടെ പിടിയില്‍ പൊട്ടലുണ്ടായിരുന്നെന്നും അവിടേക്കൊന്നും രക്തം ഇറങ്ങിയിട്ടില്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്. ജിഷയുടെ വീട്ടില്‍നിന്ന് കണ്ടെടുത്ത ഒരു വിരലടയാളം ആരുടെതാണെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് മറ്റൊരു ആരോപണം. ഇത് ജിഷ കൊല്ലപ്പെടുന്നതിനുമുന്‍പ് തന്നെ പതിഞ്ഞതാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."