അമേരിക്കക്കാരെ വീണ്ടും ചന്ദ്രനില്‍ അയക്കാന്‍ നാസയോട് ട്രംപ്
വാഷിങ്ടണ്‍: അമേരിക്കന്‍ ബഹിരാകാശ പര്യവേഷകരെ ചന്ദ്രനില്‍ അയക്കാന്‍ നാസയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം. 1972നു ശേഷം മറ്റൊരു ചന്ദ്ര പര്യവേഷണത്തിനു കൂടി കളമൊരുക്കുന്നതാണ് ട്രംപിന്റെ ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട പുതിയ ബഹിരാകാശ നയത്തില്‍ ട്രംപ് ഒപ്പുവച്ചു.
ബഹിരാകാശ പര്യവേഷണത്തില്‍ അമേരിക്ക നേതാക്കളായി തുടരുമെന്ന് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ട്രംപ് പറഞ്ഞു.
ബഹിരാകാശത്തെ മനുഷ്യ പര്യവേഷണത്തിലും കണ്ടുപിടിത്തത്തിലും ശ്രദ്ധ തിരിച്ചുപിടിക്കാനാണ് പുതിയ നയവും നിര്‍ദേങ്ങളും തയാറാക്കിയിരിക്കുന്നത്. ദീര്‍ഘകാലത്തിനു ശേഷം അമേരിക്കന്‍ പര്യവേഷകരെ ഒരിക്കല്‍ കൂടി ചന്ദ്രനിലെത്തിക്കുന്നതില് ഇതു സുപ്രധാന ചുവടുവയ്പ്പാകും-ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇത്തവണ ചന്ദ്രനില്‍ ചെന്ന് അമേരിക്കയുടെ കൊടിനാട്ടുകയും കാല്പാടുകള് അവശേഷിപ്പിക്കുകയും മാത്രമായിരിക്കില്ല പര്യവേഷകര്‍ ചെയ്യുക. അടുത്ത ചൊവ്വയിലേക്കും അതിനപ്പുറത്തേക്കുള്ള ലോകത്തേക്കുമുള്ള ദൗത്യത്തിനു വേണ്ട അടിത്തറ ഒരുക്കുമെന്നും ട്രംപ് പറഞ്ഞു. നാസയ്ക്കു കീഴിലുള്ള അപ്പോളോ ദൗത്യമാണ് അവസാനമായി ചാന്ദ്ര പര്യവേഷണം നടത്തിയത്. 1960കള്‍ക്കും 70കള്‍ക്കും ഇടയിലായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."