കണ്‍തുറന്നത് ദുരന്തത്തിലേക്ക്
പെരിങ്ങത്തൂര്‍: പെരിങ്ങത്തൂര്‍ ഗ്രാമം ചൊവാഴ്ച ഉണര്‍ന്നത് ഞെട്ടലോടെ. ബംഗലൂരുവില്‍ നിന്നു കൂത്തുപറമ്പ് നാദാപുരം വഴി തലശ്ശേരി പാറാലിലേക്കു വരികയായിരുന്ന ലാമ ലക്ഷ്വറി ബസ് അപകടത്തില്‍പ്പെട്ട വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെ നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നു ജനസഞ്ചയം പെരിങ്ങത്തൂരിലേക്ക് ഒഴുകിയെത്തി. നാദാപുരം, തലശ്ശേരി, കൂത്തുപറമ്പ്, പാനൂര്‍ എന്നിവിടങ്ങളില്‍ നിന്നു അഗ്നിശമനാ സേനാംഗങ്ങള്‍ എത്തുമ്പോഴേക്കും നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിരുന്നു.
ബംഗലൂരുവില്‍ നിന്നു തിങ്കളാഴ്ച രാത്രി നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരെ പല സ്ഥലങ്ങളിലായി ഇറക്കിയ ശേഷം ലക്ഷ്യ സ്ഥലത്ത് എത്താന്‍ ആറു കിലോ മീറ്റര്‍ ബാക്കി നില്‍ക്കെയാണ് അപകടം. പാലത്തിന്റെ കൈവരി തകര്‍ത്ത് അന്‍പതോളം അടി താഴ്ചയിലേക്ക് മറിഞ്ഞ ബസ് ചെളിയിലേക്ക് അമര്‍ന്നിരുന്നു. ഡ്രൈവര്‍ കതിരൂര്‍ വേറ്റുമ്മല്‍ സ്വദേശി ദേവദാസിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും അഗ്നിശമന യൂനിറ്റുകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമഗ്രികള്‍ ഇല്ലാത്തത് മൂന്നു പേരുടെ ജീവന്‍ പൊലിയാന്‍ കാരണമായി. മണിക്കൂറുകള്‍ കഴിഞ്ഞാണു യാത്രക്കാരനായ പ്രജിത്തിന്റെ മൃതശരീരം കിട്ടിയത്. പിന്നാലെ മാതാവ് പ്രേമലതയുടെയും ബസ് ജീവനക്കാരന്‍ ജിതേഷിന്റെയും മൃത ശരീരം കണ്ടെത്തി.
പാനൂര്‍, ചൊക്ലി, നാദാപുരം, പെരിങ്ങത്തൂര്‍ പ്രദേശങ്ങളിലെ ആംബുലന്‍സുകളും തലശ്ശേരി, പാനൂര്‍, ചൊക്ലി, ന്യൂ മാഹി, നാദാപുരം, എടച്ചേരി സ്റ്റേഷനുകളില്‍ നിന്നു പൊലിസ് സേനാംഗങ്ങളും രംഗത്തെത്തി.
ആരോഗ്യ മന്ത്രി കെ.കെ ശൈലജ, മുന്‍ മന്ത്രി കെ.പി മോഹനന്‍, തലശ്ശേരി, നാദാപുരം എം.എല്‍.എ മാരായ എ.എന്‍ ഷംസീര്‍, ഇ.കെ വിജയന്‍, പാനൂര്‍ നഗസഭാ അധ്യക്ഷ കെ.വി റംല, എടച്ചേരി, തൃപ്രങ്ങോട്ടൂര്‍, ചൊക്ലി പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ അരവിന്ദാക്ഷന്‍, കാട്ടൂര്‍ മഹമൂദ്, വി.കെ രാഗേഷ്, വടകര തഹസില്‍ദാര്‍ കെ.കെ രവീന്ദ്രന്‍, തലശ്ശേരി തഹസില്‍ദാര്‍ രജ്ഞിത്, ഡെപ്യൂട്ടി തഹസില്‍ദാര്‍ രമേഷ് ബാബു, തലശ്ശേരി ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാം, പാനൂര്‍ നാദാപുരം സി.ഐമാരായ വി.വി ബെന്നി, എം.ബി രാജേഷ്, ചൊക്ലി നാദാപുരം, ന്യൂ മാഹി എസ് ഐമാരായ എം പ്രജീഷ്, ഫായിസ് അലി, അന്‍ഷദ്, യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, ബംഗലൂര്‍ കെ.എം.സി.സി സെട്രല്‍ കമ്മിറ്റി പ്രസിഡന്റ് എം.കെ നൗഷാദ്, മുസ്‌ലിം ലീഗ് നേതാക്കളായ പൊട്ടങ്കണ്ടി അബ്ദുല്ല, വി നാസര്‍, സി.പി.എം നേതാക്കളായ പി ഹരീന്ദ്രന്‍, കെ.കെ പവിത്രന്‍, കോണ്‍ഗ്രസ് നേതാക്കളായ സന്തോഷ് കണ്ണംവെള്ളി സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."