വോട്ടര്‍മാര്‍ക്ക് മുന്‍പില്‍ ഇല്ലാത്ത കേമത്തം പറയണമെന്ന് ബി.ജെ.പി നേതാവ്
ബംഗളൂരു: വോട്ടര്‍മാര്‍ക്ക് മുന്‍പില്‍ ഇല്ലാത്ത കേമത്തം പറയണമെന്ന് ബി.ജെ.പി നേതാവും കര്‍ണാടക മുന്‍ഉപമുഖ്യമന്ത്രിയുമായ കെ.എസ് ഈശ്വരപ്പ ആഹ്വാനം ചെയ്തതായ വിഡിയോ വിവാദത്തില്‍.
രാഷ്ട്രീയ നേട്ടം ഉണ്ടാകണമെങ്കില്‍ വോട്ടര്‍മാര്‍ക്കിടയില്‍ പാര്‍ട്ടിയെക്കുറിച്ച് പൊങ്ങച്ചം പറയുന്നതില്‍ തെറ്റില്ലെന്നാണ് ഈശ്വരപ്പ പാര്‍ട്ടി യോഗത്തില്‍ ആഹ്വാനം ചെയ്തത്. അദ്ദേഹത്തിന്റെ ആഹ്വാനം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംസ്ഥാനത്ത് ബി.ജെ.പി നേതൃത്വം പരിഹാസ്യരായിരിക്കുകയാണ്.
കൊപ്പാല്‍ മേഖലയില്‍ നടന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിലാണ് ഈശ്വരപ്പ പാര്‍ട്ടിക്ക് ഇല്ലാത്ത ഇമേജ് ഉണ്ടാക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തത്. കഴിഞ്ഞ നാലാം തിയതി നടന്ന യോഗത്തിലെ പരാമര്‍ശങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്.
ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കുമെന്ന് ജനങ്ങളോട് പറയണം. കേന്ദ്രത്തില്‍ അധികാരത്തിലുള്ളതുകൊണ്ട് കര്‍ണാടകയുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ പാര്‍ട്ടിക്ക് കഴിയും. സ്ത്രീകള്‍, കര്‍ഷകര്‍, പിന്നോക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്കെല്ലാം വേണ്ടത് ചെയ്യും. രാഷ്ട്രീയക്കാരായതുകൊണ്ട് കുറച്ച് കള്ളത്തരങ്ങളൊക്കെ പറയാം. എന്ത് കാര്യങ്ങളെക്കുറിച്ചും ജനങ്ങളോട് പറയുന്നതില്‍ ഒരുതരത്തിലുള്ള മടിയും കാണിക്കേണ്ടതില്ലെന്നും വിഡിയോയില്‍ ഈശ്വരപ്പ പറയുന്നു.
ബി.ജെ.പിക്ക് നേട്ടമുണ്ടാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് നല്ലത് പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യതയുണ്ടാക്കണം. വാജ്‌പെയ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ രാജ്യത്തെ ആക്രമിക്കാന്‍ പാകിസ്താന്‍ ഭയപ്പെട്ടിരുന്നു. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായപ്പോള്‍ പാകിസ്താന്‍ ഇന്ത്യയെ ആക്രമിച്ച് നമ്മുടെ സൈനികരെ വധിച്ചിരുന്നു.
എന്നാല്‍ മോദി പ്രധാനമന്ത്രിയായപ്പോള്‍ പാകിസ്താന്റെ പത്ത് സൈനികരെ കൊലപ്പെടുത്തി എന്നൊക്കെ തട്ടിവിടുന്നതില്‍ ഒരുകുറവും വരുത്തേണ്ടെന്നും ഇദ്ദേഹം പ്രവര്‍ത്തകരോട് പറയുന്നുണ്ട്.
അതേസമയം ഈശ്വരപ്പ നടത്തിയ പരാമര്‍ശം ബി.ജെ.പി ദേശീയ തലത്തില്‍ നടത്തുന്ന പൊള്ളത്തരത്തിന്റെ ഉദാഹരണമാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് രംഗത്തെത്തി. എന്നാല്‍ താന്‍ ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയിട്ടില്ലെന്നാണ് ഈശ്വരപ്പ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."