പടയൊരുക്കം സമാപനവും ചരിത്രത്തിലേക്ക്
ചരിത്രത്തിന്റെ ഭാഗമായി മാറിയ പടയൊരുക്കം ജാഥയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ഗാന്ധി ഇന്നെത്തുമ്പോള്‍ അതു മറ്റൊരു ചരിത്രസംഭവമാവുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടശേഷം സ്ഥാനമേല്‍ക്കുന്നതിനു മുന്‍പ് അദ്ദേഹം പങ്കെടുക്കുന്ന സുപ്രധാന പാര്‍ട്ടി പരിപാടിയാണിത്. ഈ മഹാറാലിയില്‍ രാഹുല്‍ എന്തുപറയുന്നുവെന്നു കേള്‍ക്കാന്‍ രാഷ്ട്രം കാതോര്‍ക്കുകയാണ്.
കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരേ ആളിക്കത്തിയ പ്രതിഷേധമായി കാസര്‍കോട്ടു നിന്നാരംഭിച്ച ജാഥ തിരുവനന്തപുരത്തെ ശംഖുമുഖത്ത് ഡിസംബര്‍ ഒന്നിനു സമാപിക്കേണ്ടതായിരുന്നു. എന്നാല്‍, നവംബര്‍ 30 നു വീശിയടിച്ച ഓഖി ചുഴലിക്കാറ്റ് കേരളത്തില്‍ വിതച്ച നാശനഷ്ടങ്ങളും ദുരിതങ്ങളും കണക്കിലെടുത്തു സമാപനറാലി മാറ്റിവയ്ക്കുകയായിരുന്നു.
ഞങ്ങള്‍ ആരോപിച്ച കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതയും പിടിപ്പില്ലായ്മയും ഓഖി ചുഴലിക്കാറ്റിനെ നേരിടുന്നതിലും സംഭവിച്ചു. ചുഴലിക്കാറ്റിന്റെ വരവിനെക്കുറിച്ചു നേരത്തേ തന്നെ കൃത്യമായി അറിയാനും മുന്‍കരുതലെടുക്കാനും ഇന്നു സംവിധാനമുണ്ട്. എന്നിട്ടും ഓഖിയുടെ വരവ് അറിഞ്ഞില്ലെന്നു കൈമലര്‍ത്തുകയാണു കേരള സര്‍ക്കാര്‍. ഒന്നരവര്‍ഷത്തിനിടയില്‍ പിണറായി സര്‍ക്കാരിനുണ്ടായ നിരന്തരവീഴ്ചകളില്‍ ഏറ്റവും കടുത്തതാണിത്.
ചുഴലിക്കൊടുങ്കാറ്റിന്റെ വരവിനെക്കുറിച്ചു വിവിധ ഏജന്‍സികള്‍ ആവര്‍ത്തിച്ചു നല്‍കിയ മുന്നറിയിപ്പു ഫയലില്‍ കെട്ടിവച്ച് ഉറങ്ങുകയായിരുന്നു സര്‍ക്കാര്‍. അതിനു പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ നല്‍കേണ്ടി വന്ന വില വളരെ വലുതാണ്. ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികളാണു നടുക്കടലില്‍ പെട്ടുപോയത്. എത്രപേര്‍ മരിച്ചെന്നോ എത്രപേരെ കാണാതായെന്നോ വ്യക്തമായ കണക്കില്ല. ചുഴലിക്കാറ്റിനു ശേഷം ദുരിതാശ്വാസപ്രവര്‍ത്തനത്തിലും സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു.
ഉറ്റവരെ നഷ്ടപ്പെട്ടു വാവിട്ടു വിലപിക്കുന്ന തീരവാസികളെ മുഖ്യമന്ത്രി തിരിഞ്ഞുനോക്കിയില്ല. എത്തിയ രണ്ടു മന്ത്രിമാര്‍ മത്സ്യത്തൊഴിലാളികളെ സാന്ത്വനിപ്പിക്കുന്നതിനു പകരം പ്രകോപിപ്പിക്കുകയും അപമാനിക്കുകയുമാണു ചെയ്തത്. സര്‍വകക്ഷി യോഗത്തില്‍ പ്രഖ്യാപിച്ച സഹായംപോലും സമയത്തിനു ലഭ്യമാക്കിയില്ല. പടയൊരുക്കം ജാഥയുടെ സമാപനറാലിയില്‍ പങ്കെടുക്കുന്നതിനു മുന്‍പ് ദുരിതം വിതച്ച തീരപ്രദേശത്തും രാഹുല്‍ ഗാന്ധി എത്തുന്നുണ്ട്.
കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരേ ആളിക്കത്തിയ പ്രതിഷേധമായി മാറിയ പടയൊരുക്കം ജാഥ ഇന്നു ശംഖുമുഖത്ത് ചരിത്രം സൃഷ്ടിച്ചു സമാപിക്കുകയാണ്. ഞങ്ങളെ ആവേശത്തിന്റെ തിരമാലകളിലേറ്റിയ ജനപ്രവാഹമാണു കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ ഉണ്ടായത്. കേന്ദ്രത്തിലെ മോദിസര്‍ക്കാരിനും സംസ്ഥാനത്തെ പിണറായി സര്‍ക്കാരിനുമെതിരായ ജനമനോഭാവം അത്ര രൂക്ഷമാണെന്നാണ് ഈ പങ്കാളിത്തം കാണിക്കുന്നത്. ജനങ്ങളുടെ രോഷാഗ്‌നിയെ ഉണര്‍ത്താന്‍ കഴിഞ്ഞുവെന്നതാണു പടയൊരുക്കത്തിന്റെ നേട്ടം.
ബി.ജെ.പിയുടെയും ഇടതുമുന്നണിയുടെയും യാത്രകള്‍ക്കു ശേഷമാണു പടയൊരുക്കം ആരംഭിക്കുന്നത്. കുമ്മനത്തിന്റെ കേരള രക്ഷായാത്ര ഒരു ചലനവുമുണ്ടാക്കിയില്ല. കാനവും കോടിയേരിയും നയിച്ച ജനജാഗ്രതായാത്രകള്‍ വിവാദത്തില്‍ മുങ്ങി അന്ത്യശ്വാസം വലിച്ചു. പടയൊരുക്കത്തിനാകട്ടെ ആവേശക്കടലിരമ്പം സൃഷ്ടിക്കാനായി.
പടയൊരുക്കം ആരംഭിച്ചപ്പോള്‍, അതു കോണ്‍ഗ്രസിലെ വിഭാഗീയതയുടെ പടയൊരുക്കമാണെന്നു കോടിയേരി പരിഹസിച്ചിരുന്നു. എന്നാല്‍, പടയൊരുക്കം തിരുവനന്തപുരത്തു സമാപിക്കുമ്പോള്‍ അനൈക്യവും വിഭാഗീയതയും ആളിക്കത്തുന്നത് ഇടതുമുന്നണിയിലാണ്. സി.പി.എമ്മും സി.പി.ഐയും പരസ്പരം ചെളിവാരി എറിയുകയും മര്യാദ ലംഘിച്ചു പുലഭ്യം പറയുകയും ചെയ്യുന്നു. പടയൊരുക്കം നടന്നുകൊണ്ടിരിക്കെ ഒരു മന്ത്രി കൂടി തെറിച്ചു. പകരക്കാരനായി പണ്ടു രാജിവച്ചയാളെ കൊണ്ടുവരാന്‍ നടത്തിയ ശ്രമവും പാളി.
മുഖ്യമന്ത്രിക്കു മന്ത്രിമാരെയും മന്ത്രിമാര്‍ക്കു മുഖ്യമന്ത്രിയെയും വിശ്വാസമില്ല. ഭരണമുന്നണിയിലെ രണ്ടാംകക്ഷിയുടെ നാലു മന്ത്രിമാര്‍ മന്ത്രിസഭ ബഹിഷ്‌കരിച്ചു സമാന്തര മന്ത്രിസഭായോഗം നടത്തി. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടെന്ന ഓലപ്പാമ്പു കാട്ടി യു.ഡി.എഫ് നേതാക്കളെ തേജോവധം ചെയ്യാമെന്നും പടയൊരുക്കം ജാഥ തകര്‍ക്കാമെന്നും കരുതിയ ഇടതുമുന്നണിയുടെ പതനം ദയനീയമാണ്.
38 ക്രിമിനല്‍ കേസുകളിലെ പ്രതിയുടെ പാഴ്‌വാക്കുകളെയും പലതവണ മാറ്റിയെഴുതിയതായി പറയപ്പെടുന്ന കത്തിനെയും അടിസ്ഥാനമാക്കി കെട്ടിപ്പൊക്കിയ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടുകൊണ്ടു യു.ഡി.എഫിനു പോറലേല്‍പ്പിക്കാന്‍ പോലും കഴിഞ്ഞില്ല.
അധികാരത്തിലേറി ഒന്നരവര്‍ഷത്തിനിടയില്‍ ഇടതുമുന്നണി സര്‍ക്കാര്‍ ജനങ്ങള്‍ക്കു ഭാരമായി. നിത്യോപയോഗ സാധനവില മാനംമുട്ടെ ഉയര്‍ന്നു. ജി.എസ്.ടിയുടെ മറവില്‍ കൊള്ളയടി തുടരുന്നു. ചോദിക്കാന്‍ ആരുമില്ല. മാര്‍ക്കറ്റില്‍ ഇടപെട്ടു വിലനിലവാരം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിനു കഴിയുന്നില്ല. റേഷന്‍ വിതരണം കുത്തഴിഞ്ഞു കിടക്കുന്നു. പുതുക്കിയ റേഷന്‍കാര്‍ഡുകളില്‍പ്പോലും അപ്പടി തെറ്റാണ്.
ക്രമസമാധാനം തകര്‍ന്നു. ഒന്നരവര്‍ഷത്തിനിടയില്‍ 20 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായി. ബി.ജെ.പിയും സി.പി.എമ്മും മത്സരിച്ച് ആളെക്കൊല്ലുന്നു. നാട്ടിലെങ്ങും കൊള്ളയും കൊലയും പിടിച്ചുപറിയും അക്രമവും മോഷണവും വര്‍ധിച്ചു. പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വയോവൃദ്ധകള്‍വരെ പീഡിപ്പിക്കപ്പെടുന്നു. പിണറായി സര്‍ക്കാര്‍ ഭൂമി കൈയേറ്റക്കാരുടെയും നിയമലംഘകരുടെയും സംരക്ഷകരായി മാറി.
കോഴിക്കോട് മുക്കത്തെ ഗെയില്‍ പൈപ്പ്‌ലൈന്‍ പ്രശ്‌നത്തിലെ ജനകീയ സമരത്തെ ഉരുക്കുമുഷ്ഠികൊണ്ട് അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കം പരാജയപ്പെടുത്താന്‍ പ്രതിപക്ഷത്തിനായി.
മൂന്നാറില്‍ ഇടത് എം.പി ജോയ്‌സ് ജോര്‍ജിന്റെയും കോഴിക്കോട്ടെ കക്കാടംപൊയില്‍ ഇടത് എം.എല്‍.എ പി.വി.അന്‍വറിന്റെയും ഭൂമി കൈയേറ്റങ്ങളും നിയമലംഘനങ്ങളും സര്‍ക്കാരിനു നാണക്കേടായി. ഏറ്റവുമൊടുവില്‍ ഏതാനും വന്‍കിട കൈയേറ്റക്കാര്‍ക്കുവേണ്ടി കുറിഞ്ഞി ഉദ്യാനത്തിനു കോടാലി വയ്ക്കാന്‍ പോവുകയാണ്. യു.ഡി.എഫിന്റെ മദ്യനയം അട്ടിമറിച്ചു നാടിന്റെ മുക്കിലും മൂലയിലും മദ്യമൊഴുക്കി കേരളത്തെ മദ്യസംസ്ഥാനമാക്കി മാറ്റുകയാണ്.
പുറമെ ശത്രുക്കളായി ഭാവിക്കുന്നുണ്ടെങ്കിലും ബി.ജെ.പിയും സി.പി.എമ്മും പരസ്പരം സഹായിച്ചു നീങ്ങുന്ന ഗൂഢഅജന്‍ഡയാണു കാണുന്നത്. മോദിയുടെ സംസ്ഥാനത്തെ പ്രതിരൂപമാണു പിണറായി.
പത്രക്കാരെ അഭിമുഖീകരിക്കാനോ ചോദ്യങ്ങള്‍ നേരിടാനോ രണ്ടുപേരും തയാറല്ല. ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ എത്ര പ്രകോപനപരമായ കൊലവിളി പ്രസംഗം നടത്തിയാലും കേസെടുക്കില്ല. പിണറായിക്കെതിരായ ലാവ്‌ലിന്‍ കേസില്‍ സുപ്രിംകോടതിയില്‍ അപ്പീല്‍നല്‍കാതെ സി.ബി.ഐ ഒളിച്ചുകളിക്കുകയാണ്.
കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ തമ്മിലടിപ്പിക്കുകയും കൊള്ളയടിക്കുകയുമാണ്. മതേതരത്വവും ബഹുസ്വരതയും അപകടത്തിലായി. ദലിതരെയും ന്യൂനപക്ഷങ്ങളെയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നു. എതിര്‍ശബ്ദമുയര്‍ത്തുന്ന എഴുത്തുകാരും പത്രപ്രവര്‍ത്തകരും നിര്‍ദാക്ഷിണ്യം കൊല്ലപ്പെടുന്നു. രാജ്യത്തെങ്ങും ഭയത്തിന്റെ അന്തരീക്ഷം നിലനില്‍ക്കുന്നു. ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലില്‍പോലും വര്‍ഗീയതയുടെ വിഷം പുരട്ടുന്നു.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളും സന്ദര്‍ശിച്ചാണു പടയൊരുക്കം ജാഥ ശംഖുമുഖത്തു സമാപിക്കുന്നത്. കോഴിക്കോട്ടും കൊച്ചിയിലും നേരത്തെ നടന്ന മേഖലാറാലികളില്‍ അമ്പരപ്പിക്കുന്ന ജനസാഗരമാണ് ഇരമ്പിയെത്തിയത്.
സാഹിത്യകാരന്മാരും സാംസ്‌കാരിക നായകന്മാരും എഴുത്തുകാരും പൊതുപ്രവര്‍ത്തകരുമടങ്ങുന്ന സമൂഹത്തിന്റെ പരിച്ഛേദവുമായി എല്ലാ ജില്ലകളിലും സംവദിച്ചുകൊണ്ടാണു ജാഥ മുന്നോട്ടുനീങ്ങിയത്.
കേന്ദ്ര,സംസ്ഥാനസര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരായ പടയൊരുക്കമാണ് ഇവിടെ നടന്നത്. ഇനി തീക്ഷ്ണമായ പോരാട്ടമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."