പതിഞ്ഞ് തുടങ്ങി, മിന്നലായി പടര്‍ന്നുകയറി
ഏകദിനത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറിയുടെ സാധ്യതകള്‍ വിദൂരത്തല്ലെന്ന ഓര്‍മപ്പെടുത്തല്‍ നടത്തിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്റെ മിന്നല്‍ പോരാട്ടം അവസാനിപ്പിച്ച് മടങ്ങിയത്. 12 സിക്സറുകളും 13 ഫോറുമാണ് ഇന്നലെ മൊഹാലിയില്‍ രോഹിതിന്റെ ഇന്നിങ്സിന് തൊങ്ങല് ചാര്‍ത്തിയത്. സെഞ്ച്വറിയിലേക്കെത്താന്‍ 115 പന്തുകള്‍ എടുത്ത രോഹിതിന് അടുത്ത 50ലേക്ക് 18 പന്തുകള്‍ മാത്രമാണ് വേണ്ടി വന്നത്. സെഞ്ച്വറിയില്‍ നിന്ന് ഡബിള്‍ സെഞ്ച്വറിയിലേക്ക് താരത്തിന് വേണ്ടി വന്നത് വെറും 36 പന്തുകള്‍. വ്യക്തിഗത സ്കോര്‍ 116ല്‍ നിന്ന് 208ലേക്കെത്തിക്കാന്‍ താരം നേരിട്ടത് 27 പന്തുകള്‍ മാത്രം. 11 സിക്സും മൂന്ന് ഫോറും അടിച്ചാണ് 116ല്‍ നിന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ 208ല്‍ എത്തിയത്.
16ാം ഏകദിന സെഞ്ച്വറി നേടിയ രോഹിത് ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി. സെവാഗിനെ പിന്തള്ളിയാണ് രോഹിത് മുന്നിലെത്തിയത്. സച്ചിന് ടെണ്ടുല്‍ക്കര്‍ (49), വിരാട് കോഹ്ലി (32), സൗരവ് ഗാംഗുലി (22) എന്നിവരാണ് രോഹിതിന് മുന്നിലുള്ളത്. ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് രോഹിത് ഈ മത്സരത്തോടെ സ്വന്തമാക്കി. 2017 ല്‍ മാത്രം ഏകദിനത്തില്‍ രോഹിത് 45 സിക്സറുകളാണ് അടിച്ചത്. സച്ചിന് ടെണ്ടുല്‍ക്കര്‍ 1998ല്‍ സ്ഥാപിച്ച 40 സിക്സറുകളുടെ റെക്കോര്‍ഡാണ് വഴി മാറിയത്. 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കലണ്ടര്‍ വര്‍ഷം ആറോ അതിലധികമോ സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ഓപണറായും രോഹിത് മാറി.
2000ത്തില്‍ സൗരവ് ഗാംഗുലിയാണ് അവസാനമായി ഈ നേട്ടം സ്വന്തമാക്കിയത്. ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ നേടുന്ന താരങ്ങളില്‍ രണ്ടാം സ്ഥാനത്തെത്താന്‍ ഈ ഇന്നിങ്സോടെ രോഹിതിനായി. വീരേന്ദര്‍ സെവാഗാണ് 219 റണ്‍സുമായി ഒന്നാമത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."