പാഠമാകുമോ, ഈ വിധിയെങ്കിലും
ജിഷ വധക്കേസില്‍ കാത്തിരിപ്പുകള്‍ക്കൊടുവില്‍ അര്‍ഹമായ ശിക്ഷ തന്നെ പ്രതിക്കു വിചാരണക്കോടതിയില്‍ നിന്നു ലഭിച്ചിരിക്കുകയാണ്. ജിഷയുടെ ദാരുണമായ അന്ത്യമറിഞ്ഞു മനസ്സുനൊന്തവര്‍ പ്രതീക്ഷിച്ച വിധി തന്നെയാണു പ്രതിക്കു ലഭിച്ചിരിക്കുന്നത്. സമൂഹത്തിനു വ്യക്തമായ സന്ദേശം നല്‍കുന്നതിനാണ് വധശിക്ഷ നിയമത്തില്‍ വിഭാവനം ചെയ്തിരിക്കുന്നത്.
പ്രോസിക്യൂഷന്‍ ഹാജരാക്കുന്ന തെളിവുകളും സാഹചര്യത്തെളിവുകളും പരിഗണിച്ചു കോടതി വധശിക്ഷ നല്‍കുന്നതു സമൂഹത്തിനു മാതൃകയ്ക്കു വേണ്ടിയാണ്. ഒരാളെ കൊലപ്പെടുത്തിയാല്‍ കൊലചെയ്യുന്നയാളും വധിക്കപ്പെടുമെന്ന സന്ദേശം നല്‍കുന്നതിനാണു നിയമത്തില്‍ വധശിക്ഷ ഏര്‍പ്പെടുത്തിയത്.
ജിഷ എന്ന നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകം മൃഗീയവും മനഃസാക്ഷിയെ ഞെട്ടിക്കുന്നതുമായിരുന്നു. സ്ത്രീയുടെ വ്യക്തിത്വത്തെ അപമാനിക്കുന്നതും അവഗണിക്കുന്നതുമായ പ്രവൃത്തിയാണു കൊലപാതകിയില്‍ നിന്നുണ്ടായത്. ജിഷയെ മൃഗീയമായി മാനഭംഗപ്പെടുത്തുകയും പിന്നീടു കൊലപ്പെടുത്തുകയും എന്നിട്ടും പക തീരാതെ മൃതദേഹത്തിന്റെ സ്വകാര്യഭാഗങ്ങള്‍ മുറിക്കുകയും ചെയ്യുന്ന കുറ്റവാളിയുടെ ക്രിമിനല്‍ മനസ്സ് എത്ര ഭീകരമാണ്.
അതിന് അനുസൃതമായ ശിക്ഷയാണു കോടതി വിധിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ സ്ത്രീകളുടെ അന്തസ്സുയര്‍ത്തുന്നതാണു വിധിയെന്ന നിരീക്ഷണം പൂര്‍ണമായി ഉള്‍ക്കൊള്ളാവുന്നതാണ്. ജിഷയുടെ കൊലപാതകം സാമൂഹ്യമായി എത്രത്തോളം പ്രതിഷേധം ഉയര്‍ത്തിയെന്നതു കോടതിയെ സ്വാധീനിക്കുന്ന ഘടകമല്ല. സംഘടനകളും സമൂഹവും ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ പൊലിസിന്റെ അന്വേഷണത്തെ സ്വാധീനിക്കപ്പെട്ടേക്കാം.
അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും പ്രതിയെ പിടികൂടുന്നതിനും അന്വേഷണത്തില്‍ ജാഗ്രത പാലിക്കുന്നതിനുമെല്ലാം ബാഹ്യ ഇടപ്പെടലുകളും പ്രതിഷേധങ്ങളും കാരണമാകും. എന്നാല്‍, ഇതൊന്നും കോടതിവിധിയെ ബാധിക്കുന്നില്ല. ബാഹ്യമായ ഒരു ഇടപെടലിനും കോടതിയില്‍ സ്ഥാനമില്ല. കേസില്‍ ജഡ്ജി നടത്തുന്ന വിധിയാണു പ്രസക്തമാകുന്നത്. കോടതിയുടെ നിരീക്ഷണങ്ങള്‍ മറ്റൊരു വശം മാത്രമാണ്. അതുകൊണ്ടു തന്നെ കോടതിയുടെ നിരീക്ഷണങ്ങളേക്കാള്‍ വിധിയിലാണു പ്രാധാന്യം.
ജിഷാകേസില്‍ കോടതിയുടെ വിധി വളരെ വ്യക്തവും നീതിപൂര്‍വവുമാണ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376 എ വകുപ്പുപ്രകാരം അതിക്രൂരമായ പീഡനത്തിനു ജീവപര്യന്തം തടവും മാനഭംഗകുറ്റത്തിനു പത്തുവര്‍ഷം കഠിനതടവും അനുഭവിക്കണം. വീട്ടില്‍ അതിക്രമിച്ചുകയറിയതിന് ഏഴു വര്‍ഷം തടവും അന്യായമായി തടഞ്ഞുവച്ചതിന് ഒരു വര്‍ഷം തടവും വിധിച്ചിട്ടുണ്ട്.
പ്രതിക്കു വധശിക്ഷ കോടതി നല്‍കുന്നതു ഡല്‍ഹിയിലെ നിര്‍ഭയകേസിലുണ്ടായ വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കെതിരേ നടക്കുന്ന ക്രൂരമായ അക്രമങ്ങള്‍ക്കു കടുത്ത ശിക്ഷ നല്‍കണമെന്നതിന് അനുസൃതമായിട്ടാണ്. ഇവിടെ നിര്‍ഭയയെപ്പോലെ ഒന്നിലധികം പേര്‍ ചേര്‍ന്നല്ല കൊലപ്പെടുത്തിയതെങ്കിലും വളരെ മൃഗീയമായിട്ടാണു കൊല നടന്നിരിക്കുന്നത്.
വധശിക്ഷ വിധിക്കുന്നതിന് അഞ്ചു പ്രധാന കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മൃഗീയമായ കൊലപാതകം, ഒന്നിലധികംപേര്‍ ചേര്‍ന്നുള്ള കൊലപാതകം, എന്തെങ്കിലും മോഷ്ടിക്കണമെന്ന ലക്ഷ്യത്തോടെയുള്ള കൊലപാതകം, ഉറങ്ങുമ്പോള്‍ നടത്തുന്ന (നിസ്സഹായാവസ്ഥയില്‍ നടത്തുന്ന) കൊലപാതകം, പ്രത്യേകവൈരാഗ്യത്തോടെയുള്ള കൊലപാതകം എന്നിങ്ങനെയുള്ള ഘടകങ്ങള്‍ വധശിക്ഷയ്ക്കു കാരണങ്ങളാണ്.
ഇവയില്‍ എല്ലാ ഘടകവും ജിഷ കേസില്‍ വരുന്നില്ലെങ്കിലും നിര്‍ഭയ കേസിന്റെ പശ്ചാത്തലത്തിലുള്ള വിധി അനുസരിച്ചു കോടതി അര്‍ഹമായ ശിക്ഷതന്നെയാണു വിധിച്ചിരിക്കുന്നത്.
കേസില്‍ ശക്തമായ തെളിവുകളും വാദങ്ങളും പ്രോസിക്യൂഷനു നിരത്താന്‍ കഴിഞ്ഞുവെന്നതു വലിയ കാര്യമാണ്. പ്രതിഭാഗത്തിന് ഇനി അപ്പീല്‍ പോകാന്‍ അവസരമുള്ളതു നിയമം നല്‍കുന്ന ആനുകൂല്യമാണ്. സൗമ്യ വധക്കേസില്‍ അവസാനമുണ്ടായ കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ആശങ്ക പങ്കുവയ്ക്കുന്ന വരും ഏറെയാണ്.
മേല്‍ക്കോടതികളിലെ കേസിന്റെ തുടര്‍നടപടികള്‍ കോടതിക്കു മുന്നില്‍ വരുമ്പോള്‍ മാത്രമേ വിലയിരുത്താന്‍ കഴിയുകയുള്ളുവെന്നതിനാല്‍ അത്തരം ആശങ്കകള്‍ ഇപ്പോള്‍ പ്രസക്തമല്ല.
ഇവിടെ വിചാരണക്കോടതിയുടെ വിധി നല്‍കുന്ന സന്ദേശം സമൂഹത്തില്‍ മാതൃകാപരമായ മാറ്റമുണ്ടാക്കണമെന്നാണു നാം ആഗ്രഹിക്കുന്നത്. എന്നാല്‍, പലപ്പോഴും അതുണ്ടാകുന്നില്ലെന്നതാണു മറ്റൊരു വശം. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും ഇത്തരം കൊലപാതകങ്ങളും രാജ്യത്തു വര്‍ധിക്കുമ്പോള്‍ ഇത്തരം വിധികള്‍ പാഠമായി തീരാന്‍ കഴിയണം. അതാണ് നമ്മുടെ നിയമവും ലക്ഷ്യം വയ്ക്കുന്നത്.
(തയ്യാറാക്കിയത് - ജലീല്‍ അരൂക്കുറ്റി)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."