വിരമിക്കാന്‍ സമയമായെന്ന് സോണിയാഗാന്ധി
ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി പാര്‍ട്ടി അധ്യക്ഷപദവി ഏറ്റെടുക്കുന്നതോടെ സജീവരാഷ്ട്രീയത്തില്‍ നിന്നു വിരമിക്കുമെന്ന സൂചനനല്‍കി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. കഴിഞ്ഞ രണ്ടുപതിറ്റാണ്ടോളമായി പാര്‍ട്ടിയെ നയിക്കുന്ന തനിക്ക് ഇനി വിരമിക്കലിന്റെ സമയമായെന്ന് ഇന്നലെ സോണിയ എന്‍.ഡി.ടി.വിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ന് കോണ്‍ഗ്രസിലെ തലമുറകൈമാറ്റം നടക്കാനിരിക്കെ, രാഹുലിന്റെ സ്ഥാനാരോഹണത്തിന് ശേഷം എന്താണ് പദ്ധതിയെന്ന ചോദ്യത്തിനായിരുന്നു സോണിയയുടെ ഈ പ്രതികരണം. പാര്‍ട്ടിയെ നയിക്കാന്‍ രാഹുല്‍ ഗാന്ധി പ്രാപ്തനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അഭിമുഖം പുറത്തുവന്നതിനു പിന്നാലെ സോണിയ രാഷ്ട്രീയരംഗത്തു നിന്നു മാറിനില്‍ക്കുന്നുവെന്ന അഭ്യൂഹം പടര്‍ന്നതോടെ വിശദീകരണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നു.
രാഷ്ട്രീയത്തില്‍നിന്ന് സോണിയ വിരമിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. രാഹുലിനു വഴിമാറിക്കൊടുക്കുക മാത്രമാണ് സോണിയ ചെയ്യുന്നത്. അധ്യക്ഷസ്ഥാനം ഒഴിഞ്ഞാലും മാര്‍ഗനിര്‍ദേശങ്ങളുമായി പാര്‍ട്ടിയില്‍ തുടരും. സോണിയയുടെ വാക്കുകളില്‍ മറ്റൊരര്‍ത്ഥം കണ്ടെത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി.
1998 പ്രസിഡന്റായിരുന്ന സീതാറാം കേസരിയെ പ്രവര്‍ത്തക സമിതിയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് സോണിയ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. തുടര്‍ന്ന് രണ്ടുപതിറ്റാണ്ടായി ഈ സ്ഥാനത്തുതുടര്‍ന്ന സോണിയ, കോണ്‍ഗ്രസ് ചരിത്രത്തില്‍ കൂടുതല്‍ കാലം അധ്യക്ഷപദവിയിലിരുന്ന വ്യക്തി കൂടിയാണ്. അനാരോഗ്യംമൂലം കഴിഞ്ഞ രണ്ടുമൂന്നുവര്‍ഷമായി പാര്‍ട്ടിയുടെ ഒഴിച്ചുകൂടാനാവാത്ത യോഗങ്ങളിലും പരിപാടിയിലും മാത്രമാണ് സോണിയ പങ്കെടുക്കാറുള്ളത്. മൂന്നുവര്‍ഷമായി രാഹുല്‍ പാര്‍ട്ടിയിലും രാഷ്ട്രീയത്തിലും സജീവമായി ഇടപെടുന്നുണ്ടെന്നും നിലവിലെ സാഹചര്യത്തില്‍ തുടരാന്‍ കഴിയില്ലെന്നും സോണിയ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെയും അറിയിച്ചിട്ടുണ്ട്. സോണിയ ഇപ്പോള്‍ വഹിച്ചുവരുന്ന യു.പി.എ അധ്യക്ഷസ്ഥാനത്ത് അവര്‍ തന്നെ തുടരുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചനനല്‍കി.
അതേസമയം, രാവിലെ 11 മണിക്ക് എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന പ്രൗഢഗംഭീര ചടങ്ങില്‍ രാഹുല്‍ഗാന്ധിയുടെ സ്ഥാനാരോഹണചടങ്ങ് നടക്കും. കോണ്‍ഗ്രസിലെ തലമുറമാറ്റം സമ്പൂര്‍ണ ആഘോഷമാക്കി മാറ്റാനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായിട്ടുണ്ട്. രാവിലെ പത്തരയോടെ തുടങ്ങുന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയ അധ്യക്ഷത വഹിക്കും. സോണിയയുടെ അധ്യക്ഷപ്രസംഗത്തോടെയാവും ചടങ്ങ് തുടങ്ങുക. സോണിയയയുടെ 'വിടവാങ്ങാല്‍' പ്രസംഗം രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കുന്നുണ്ട്. തുടര്‍ന്ന് രാഹുല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഒദ്യോഗിക അറിയിപ്പ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സോണിയക്ക് കൈമാറും.
ശേഷം ചുമതലയേല്‍ക്കുന്ന രാഹുല്‍ അംഗങ്ങളെ അഭിസംബോധന ചെയ്യും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാര്‍, പി.സി.സി അധ്യക്ഷന്‍മാര്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. സംഘടനാ തെരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചെങ്കിലും എതിര്‍ സ്ഥാനാര്‍ഥിയില്ലാത്തതിനാല്‍ രാഹുലിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."