വിദേശിയുടെ വയറ്റില്‍ മയക്കുമരുന്നിന്റെ 90 ക്യാപ്സ്യൂളുകള്
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നര്‍ക്കോട്ടിക് ബ്യൂറോയുടെ പിടിയിലായ വിദേശി യുവാവിന്റെ വയറ്റില്‍ നിന്നു കൊക്കെയ്ന്‍ ഒളിപ്പിച്ച ക്യാപ്സ്യൂളുകള് പുറത്തെടുത്തു.
വെനിസ്വേല സ്വദേശി ഹാര്‍ലി ഗബ്രിയേല്‍ കാസ്ട്രോ കാരെനോ (36) എന്ന യുവാവാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. വയറ്റിലെത്തിയാല് ദഹിച്ചു പോകാത്ത വിധത്തിലുള്ള പ്രത്യേക ക്യാപ്സ്യൂള്‍ കാട്രിഡ്ജുകളില്‍ മയക്കുമരുന്ന് നിറച്ചശേഷം വിഴുങ്ങുകയായിരുന്നു. ബ്രസീലില്‍ നിന്നും ദുബൈ വഴി എമിറേറ്റ്സ് വിമാനത്തിലാണ് ഇയാള്‍ നെടുമ്പാശേരിയിലെത്തിയത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് കളമശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് വയറ്റില്‍ ക്യാപ്സ്യൂളുകള് കണ്ടെത്തിയത്.
ഏകദേശം ഒരു കിലോ കൊക്കെയ്ന്‍ ക്യാപ്സ്യൂളുകള് വയറ്റിലുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിന് മൂന്ന് കോടിയോളം രൂപ വില വരും. ഭാഗികമായാണ് ഇതുവരെ പുറത്തെടുക്കാനായത്. ഇന്ന് വൈകുന്നേരത്തോടെ മുഴുവന്‍ പുറത്തെടുക്കാനായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് നര്‍ക്കോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മുന്‍പും പല തവണ ഇയാള്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. കേരളത്തില്‍ ഇയാളുടെ കൂട്ടാളികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."