പുഴ പുറമ്പോക്ക് കൈമാറുന്നതില്‍ ചീഫ് സെക്രട്ടറിയുടെ ഉടക്ക്
തൊടുപുഴ: പുഴ പുറമ്പോക്ക് കൈമാറുന്നതിലെ നൂലാമാലകള്‍ മാങ്കുളം അടക്കമുള്ള ജലവൈദ്യുത പദ്ധതികളുടെ ടെന്‍ഡര്‍ നടപടികളെ ബാധിക്കുന്നു. ജനുവരി അവസാനത്തോടെ 40 മെഗാവാട്ടിന്റെ മാങ്കുളം പദ്ധതിയുടെ ടെന്‍ഡര്‍ വിളിക്കാന്‍ കെ.എസ്.ഇ.ബി ഒരുങ്ങുമ്പോഴാണ് ചീഫ് സെക്രട്ടറിയുടെ ഉടക്ക്. പുഴ പുറമ്പോക്ക് കെ.എസ്.ഇ.ബിക്ക് കൈമാറുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പിന്റെ (എല്‍.എസ്.ജി.ഡി) അനുമതി വേണമെന്ന നിലപാട് ചീഫ് സെക്രട്ടറി സ്വീകരിച്ചതാണ് പ്രശ്‌നം സങ്കീര്‍ണമാക്കുന്നത്.
ഇത് 24 മെഗാവാട്ടിന്റെ ചിന്നാര്‍, 24 മെഗാവാട്ടിന്റെ അപ്പര്‍ ചെങ്കുളം, 3.5 മെഗാവാട്ടിന്റെ ലാന്‍ഡ്രം ജലവൈദ്യുത പദ്ധതികളുടെ സ്ഥലമെടുപ്പിനെയും ബാധിക്കും. ഇതില്‍ ചിന്നാറിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതാണ്.
പുഴ പുറമ്പോക്ക് ഏറ്റെടുക്കാനുള്ള മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍ ഉത്തരവിനായി ചീഫ് സെക്രട്ടറിക്ക് മുന്നില്‍ എത്തിയപ്പോള്‍ എല്‍.എസ്.ജി.ഡിയുടെ അനുമതി വേണമെന്ന് സൂചിപ്പിച്ച് റവന്യൂ അഡി. ചീഫ് സെക്രട്ടറിക്ക് ഫയല്‍ കൈമാറുകയായിരുന്നു. ഭൂമിയേറ്റെടുക്കല്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ തുടരാമെന്നും എല്‍.എസ്.ജി.ഡിയുടെ ഗസറ്റ് നോട്ടിഫിക്കേഷന്‍ പിന്നാലെ നടത്തിയാല്‍ മതിയെന്നുംകാണിച്ച് അഡി. ചീഫ് സെക്രട്ടറി മറുപടി നല്‍കിയെങ്കിലും ചീഫ് സെക്രട്ടറി നിരസിക്കുകയായിരുന്നു. എല്‍.എസ്.ജി.ഡിയുടെ ഗസറ്റ് നോട്ടിഫിക്കേഷനുശേഷം തുടര്‍നടപടികള്‍ മതിയെന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിന് കാലതാമസമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
72 ഹെക്ടര്‍ ഭൂമിയാണ് മാങ്കുളം ജലവൈദ്യുത പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ഇതില്‍ 52 ഹെക്ടര്‍ സ്വകാര്യ ഭൂമിയും 11 ഹെക്ടര്‍ വനഭൂമിയുമാണ്. സ്വകാര്യ ഭൂമിയില്‍ 66 ശതമാനത്തോളം പണംനല്‍കി ഏറ്റെടുത്തുകഴിഞ്ഞു. ബാക്കിയുള്ളതില്‍ 85 ശതമാനംപേര്‍ സമ്മതപത്രം നല്‍കിയിട്ടുണ്ട്.
സെന്റിന് 25,000 മുതല്‍ 57,000 രൂപ വരെ നല്‍കിയാണ് സ്ഥലം ഏറ്റെടുക്കുന്നത്. 10 സെന്റില്‍ താഴെ സ്ഥലമുള്ളവര്‍ക്കും വാര്‍ഷിക വരുമാനം 75,000 രൂപയില്‍ താഴെയുള്ളവര്‍ക്കും പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവര്‍ക്ക് ചെങ്കുളം ഡാമിനുസമീപം മൂന്നു സെന്റ് വീതം ഭൂമി നല്‍കും. ഇങ്ങനെ 18 പേര്‍ക്ക് ഭൂമി നല്‍കിക്കഴിഞ്ഞു. ബാക്കിയുള്ളവര്‍ക്ക് നല്‍കാനായി ഭൂമി പ്ലോട്ടുകള്‍ തിരിച്ച് കെ.എസ്.ഇ.ബി തയാറാക്കിയിട്ടുണ്ട്.
നാലുപതിറ്റാണ്ട് മുന്‍പ് ആലോചന തുടങ്ങിയ മാങ്കുളം പദ്ധതിയാണ് ടെന്‍ഡറിന്റെ വക്കിലെത്തിയപ്പോള്‍ വീണ്ടും നൂലാമാലകളില്‍പ്പെട്ടത്. 2009 ജൂണ്‍ 5ന് 160 കോടി അടങ്കല്‍ തുക നിശ്ചയിച്ച് പദ്ധതിക്ക് ടെന്‍ഡര്‍ ക്ഷണിച്ചിരുന്നെങ്കിലും നടപടിക്രമങ്ങള്‍ നീണ്ടുപോയതിനാല്‍ റദ്ദാക്കുകയായിരുന്നു. പദ്ധതി നടത്തിപ്പിനായി അന്നുതന്നെ മാങ്കുളം കേന്ദ്രീകരിച്ച് പ്രൊജക്ട് ഓഫിസ് തുറന്ന് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.
സര്‍വേ നടപടികള്‍ക്കായി ഇതുവരെ ലക്ഷങ്ങള്‍ ചെലവഴിച്ചുകഴിഞ്ഞു. പദ്ധതി വൈകുന്നതുമൂലം പ്രതിവര്‍ഷം 50 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."