ഡിജിപി ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് മേധാവിയും ഐ.എം.ജി ഡയരക്ടറുമായ ഡി.ജി.പി ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍. സര്‍ക്കാറിനെതിരെ പരസ്യപ്രസ്താവന നടത്തിയതിന്റെ പേരിലാണ് നടപടി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെയാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്.
കഴിഞ്ഞയാഴ്ച തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച കേരളത്തിലെ ഭരണസംവിധാനത്തിലുള്ള വിവിധ താത്പര്യങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറിലാണ് ജേക്കബ് തോമസ് സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചത്. സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്ന് ആരോപിച്ച ജേക്കബ് തോമസ് അതിനാല്‍ അഴിമതിക്കതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ക്കു ഭയമാണെന്നും ചൂണ്ടിക്കാട്ടി. സുനാമി ദുരിതാശ്വാസ പാക്കേജിലെ കോടികള്‍ കട്ടുകൊണ്ടുപോയെന്നും അദ്ദേഹം ആരോപിച്ചു.
ഓഖി ദുരന്തത്തില്‍ എത്രപേര്‍ മരിച്ചുവെന്നോ എത്രപേര്‍ കടലില്‍ കുടുങ്ങിയിട്ടുണ്ടെന്നോ ആര്‍ക്കുമറിയില്ല. ഇക്കാര്യത്തില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ല. പണക്കാരുടെ മക്കളാണ് കടലില്‍പ്പോയതെങ്കില്‍ ഇതാകുമായിരുന്നോ അധികാരികളുടെ പ്രതികരണം. ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിന് അധികാരത്തില്‍ തുടരുന്നു എന്നാണ് ജനം ചോദിച്ചത്. ജനവിശ്വാസമുള്ള ഭരണാധികാരികള്‍ക്ക് ജനത്തിന്റെ അടുത്തുപോയി നില്‍ക്കാം. ജനങ്ങളാണ് യഥാര്‍ഥ അധികാരികള്‍- ജേക്കബ് തോമസ് പറഞ്ഞു.
ഗുണനിലവാരമില്ലാത്ത സേവനമായി ഭരണം മാറുന്നുവെന്ന് അദ്ദേഹം കുറ്റപ്പടുത്തി. സുതാര്യതയെക്കുറിച്ച് ഇപ്പോള്‍ ആരും മിണ്ടുന്നില്ല. 1400 കോടിയുടെ സുനാമി ഫണ്ട് വിനിയോഗിച്ചത് ശരിയായ രീതിയിലല്ല. ശരിയായരീതിയില്‍ വിനിയോഗിച്ചിരുന്നെങ്കില്‍ ചെല്ലാനത്ത് ഇപ്പോള്‍ കാണുന്ന കാഴ്ച ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി തുടര്‍ന്നാല്‍ ദരിദ്രര്‍ ദരിദ്രരായി തുടരും. കൈയേറ്റക്കാര്‍ വമ്പന്‍മാരായിമാറും. അഴിമതിക്കെതിരേ ശബ്ദിക്കുന്നവരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കലാണ് ഇപ്പോള്‍ നടക്കുന്നത്. 51 വെട്ടുവെട്ടിയില്ലെങ്കിലും അവരെ നിശ്ശബ്ദരാക്കും. ഭീകരരുടെ രീതിയാണത്. ഭരണം നിലവാരമില്ലാതാകുമ്പോഴാണ് വലിയ പ്രചാരണങ്ങള്‍ വേണ്ടിവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."