യുപി സ്വദേശിയുടെ മരണം: സഊദിയില്‍ മൂന്നു മലയാളികടക്കം അഞ്ചു പേര്‍ പൊലിസ് കസ്റ്റഡിയില്‍
റിയാദ്: അസ്വഭാവിക മരണത്തെ തുടര്‍ന്ന് സഹ താമസക്കാരായ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ പൊലിസ് കസ്റ്റഡിയില്‍. സഊദി അറേബ്യയിലെ സകാകയില്‍ ഉത്തര്‍ പ്രദേശ് സ്വദേശിയുടെ അസ്വഭാവിക മരണത്തെ തുടര്‍ന്നാണ് സഹതാമസക്കാരായ ഇവരെ അറസ്റ്റു ചെയ്തത്. കരുനാഗപ്പള്ളി, പത്തനംതിട്ട, കണ്ണൂര്‍ സ്വദേശികളായ യുവാക്കളാണ് രണ്ട് ഉത്തരേന്ത്യക്കാരോടൊപ്പം ചോദ്യം ചെയ്യാനായി കസ്റ്റഡിയിലുള്ളത്.
സകാകയിലെ സെന്‍ട്രല്‍ ആശുപത്രിയില്‍ അറ്റകുറ്റ പണി നടത്തുന്ന കരാര്‍ കമ്പനിയിലെ ജീവനക്കാരനായ ഉത്തര്‍പ്രദേശ് സ്വദേശി അഞ്ച് ദിവസം മുമ്പാണ് താമസിക്കുന്ന മുറിയില്‍ അസ്വാഭാവികമായ നിലയില്‍ മരിച്ചുകിടക്കുന്നത് കണ്ടത്.
കഴുത്തില്‍ തുണികൊണ്ട് കുരുക്കിട്ട നിലയിലും വയറ്റില്‍ കത്തി കൊണ്ട് മുറിവേറ്റ നിലയിലുമായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇതെ തുടര്‍ന്നാണ് ഇയാളുടെ മുറിയിലെ സഹതാമസക്കാരായ അഞ്ചുപേരെ ചോദ്യം ചെയ്യാനായി സകാക ഖാലിദിയ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുപി സ്വദേശി രണ്ട് മാസത്തിലേറെയായി ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് ജോലിക്ക് പോകാതെ മുറിയില്‍ തന്നെ കഴിയുകയായിരുന്നു. സംഭവ ദിവസവും രാവിലെ 7.30 ഓടെ മറ്റുള്ളവര്‍ ജോലിക്ക് പോകുമ്പോള്‍ ഇയാള്‍ മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു. ഉച്ചകഴിഞ്ഞ് 3.30 ഓടെ ജോലികഴിഞ്ഞത്തെിയ സഹപ്രവര്‍ത്തകര്‍ മുറി പൂട്ടിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തുറന്ന് അകത്തു കയറിയപ്പോഴാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് വിവരം.
എന്നാല്‍ മരിച്ച യുപി കാരന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നാലേ കേസന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയുള്ളൂവെന്നും അതുവരെ ഇവര്‍ പൊലിസ് കസ്റ്റഡിയില്‍ ആയിരിക്കുമെന്നും പോലീസ് മേധാവി കേസുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."