ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്: കേരളം മുന്നില്‍
റോഹ്തക്: ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന്റെ നാലാം ദിവസം കേരളത്തിന് മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമുള്‍പെടെ എട്ട് മെഡലുകള്‍. ഇതോടെ കേരളം 63 പോയിന്റുമായി മെഡല്‍ പട്ടികയില്‍ ഒന്നാമതെത്തി. ഇന്നലെ നടന്ന ഒന്‍പത് ഫൈനലുകളില്‍ ജാവലില്‍ ത്രോയിലും ഷോട് പുട്ടിലും മാത്രമാണ് കേരളത്തിന് മെഡല്‍ നേടാനാവാതെ പോയത്. ദേശീയ സ്‌കൂള്‍ മീറ്റ് ചരിത്രത്തിലാദ്യമായി ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ കേരളം സ്വര്‍ണം നേടിയതും ഇന്നലെ നേട്ടമായി. ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ അലക്‌സ് പി തങ്കച്ചനാണ് സ്വര്‍ണ നേട്ടത്തിലൂടെ ചരിത്രം തിരുത്തിയത്. പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ പി.ആര്‍ ഐശ്വര്യയും, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിഷ്ണുപ്രിയയും നാലാം ദിനത്തില്‍ കേരളത്തിനായി സുവര്‍ണ നേട്ടം സ്വന്തമാക്കി.
ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ അലക്‌സ് പി. തങ്കച്ചന്‍ 50.57 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് സ്വര്‍ണം നേടിയത്. ഹരിയാനയുടെ അജയ് വെള്ളിയും മഹാരാഷ്ട്രയുടെ സുരാജ് വെങ്കലവും നേടി. പെണ്‍കുട്ടികളുടെ ട്രി പ്പിള്‍ ജംപില്‍ 12.53 ദൂരം ചാടിയാണ് പി. ആര്‍ ഐശ്വര്യ സുവര്‍ണ താരമായത്. ഐ. പി. എസ്. സിയുടെ ഖുശ്ബീന്‍ വെള്ളിയും മതിഴ്‌നാടിന്റെ നാഗപ്രിയ വെങ്കലവും നേടി. പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിഷ്ണുപ്രിയ 1.4.58 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണം സ്വന്തമാക്കിയത്. മഹാരാഷ്ട്രയുടെ വൈഷ്ണവി യാദവ് വെള്ളിയും ജാര്‍ഖണ്ഡിന്റെ നീലംകുമാരി വെങ്കലവും നേടി. ഈ ഇനത്തില്‍ മത്സരിച്ച മറ്റൊരുകേരള താരമായ അര്‍ഷിത നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
സ്വര്‍ണ പ്രതീക്ഷയുണ്ടായിരുന്ന ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെള്ളിയാണ് കേരളത്തിന് സ്വന്തമാക്കാനായത്. ഗുജറാത്തിന്റെ ഉത്തേകര്‍ ദവാല്‍ 54.58 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കി സ്വര്‍ണം നേടി. കേരളത്തിന്റെ അനന്തു വിജയന്‍ 54.62 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കി വെള്ളിയും പഞ്ചാബിന്റെ ലൗപ്രീത് സിങ് വെങ്കലവും നേടി.
പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ കേരളത്തിന്റെ അനുമോള്‍ തമ്പി 10.06.09 സമയത്തില്‍ വെള്ളിയും കെ.ആര്‍ ആതിര 10.26.33 സമയം കൊണ്ട് വെങ്കലവും നേടി. ഈ ഇനത്തില്‍ ഹിമാചല്‍പ്രദേശിന്റെ സീമ 10.00.44 സമയത്തില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം നേടി.
ആണ്‍കുട്ടികളുടെ ട്രി പ്പിള്‍ ജംപില്‍ കേരളം വെള്ളിയും വെങ്കലവും നേടി. 15.39 മീറ്റര്‍ ദൂരം ചാടി കേരളത്തിനായി എന്‍ അനസ് വെള്ളിയും 14.97 മീറ്റര്‍ ചാടി എ അജിത് വെങ്കലവും നേടി. തമിഴ്‌നാടിന്റെ എസ് മാണിരാജ് 15.70 മീറ്റര്‍ ചാടി സ്വര്‍ണം സ്വന്തമാക്കി.
ചരിത്രം തിരുത്തി അലക്‌സ്
ദേശീയ സ്‌കൂള്‍ കായിക മേളയുടെ ചരിത്രത്തിലാദ്യമായി കേരളത്തിന് ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണം സമ്മാനിച്ച് അലക്‌സ് പി തങ്കച്ചന്‍ ഇന്നലെ താരമായി. 50.57 മീറ്റര്‍ ദൂരം എറിഞ്ഞാണ് അലക്‌സിന്റെ നേട്ടം. കരിയറിലെ മൂന്നാമത്തെ ദേശീയ മീറ്റിലാണ് താരം സുവര്‍ണ നേട്ടത്തിലെത്തിയത്. മൂന്നാം മീറ്റിലാണ് താരം മെഡല്‍ നേടുന്നത്. കോഴിക്കോട് നടന്ന മീറ്റില്‍ ഏഴാം സ്ഥാനത്തായിരുന്നു. ഗുണ്ടൂരില്‍ നടന്ന ജൂനിയര്‍ ദേശീയ മീറ്റിലും പങ്കെടുത്തെങ്കിലും അഞ്ചാം സ്ഥാനം മാത്രമാണ് നേടാനായത്. കണ്ണൂര്‍ പൂവംചാല്‍ സ്വദേശിയായ അലക്‌സ് കോതമംഗലം സെന്റ് ജോസഫ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.
ഇന്ന് ഒന്‍പത് ഫൈനലുകള്‍
അഞ്ചാം ദിനമായ ഇന്ന് ഒന്‍പത് ഫൈനലുകള്‍ അരങ്ങേറും. രാവിലെ ഏഴിന് ആണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ ക്രോസ് കണ്‍ട്രി, പെണ്‍കുട്ടികളുടെ മൂന്ന് കിലോമീറ്റര്‍ ക്രോസ് കണ്‍ട്രി, ആണ്‍കുട്ടികളുടെ 1500 മീറ്റര്‍, പെണ്‍കുട്ടികളുടെ 1500 മീറ്റര്‍, പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോ, ആണ്‍കുട്ടികളുടെ 200 മീറ്റര്‍ ഓട്ടം, പെണ്‍കുട്ടികളുടെ 200 മീറ്റര്‍ ഓട്ടം, ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 4- 400 മീറ്റര്‍ റിലേ ഇനങ്ങളിലാണ് ഇന്ന് ഫൈനല്‍ പോരാട്ടങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."