ഇനി മൊഞ്ചിന്റെ തെരുവ്
കോഴിക്കോട്: സുരക്ഷാസംവിധാനങ്ങളോടെ നവീകരിച്ച് മുഖം മിനുക്കിയ കോഴിക്കോട് മിഠായിത്തെരുവ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. വൈകിട്ട് ഏഴിന് മാനാഞ്ചിറ സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. ചടങ്ങില്‍ എം.ടി വാസുദേവന്‍ നായര്‍, യു.എ ഖാദര്‍, പ്രമുഖ ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ എന്നിവരെ ആദരിക്കും.
മന്ത്രി ടി.പി രാമകൃഷ്ണന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.കെ രാഘവന്‍ എം.പി, എം.എല്‍.എമാരായ ഡോ. എം.കെ മുനീര്‍, എ. പ്രദീപ് കുമാര്‍, എ.കെ ശശീന്ദ്രന്‍, വി.കെ.സി മമ്മദ്‌കോയ എന്നിവര്‍ പങ്കെടുക്കും. ജില്ലാ കലക്ടര്‍ യു.വി ജോസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ടൂറിസം ഡയരക്ടര്‍ പി. ബാലകിരണ്‍, സിറ്റി പൊലിസ് കമ്മിഷണര്‍ എസ്. കാളിരാജ് മഹേഷ് കുമാര്‍, കോര്‍പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ജയശ്രീ കീര്‍ത്തി, യു.എല്‍.സി.സി ചെയര്‍മാന്‍ പാലേരി രമേശന്‍, ടി. നസ്‌റുദ്ദീന്‍ (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി), സി.കെ വിജയന്‍ (വ്യാപാരി വ്യവസായി സമിതി) തുടങ്ങിയവര്‍ സംസാരിക്കും.
6.26 കോടി രൂപ ചെലവിലാണ് മിഠായിത്തെരുവ് നവീകരിച്ചിട്ടുള്ളത്. ഇടയ്ക്കിടെയുണ്ടാകുന്ന തീപിടിത്തങ്ങളെ തുടര്‍ന്ന് മിഠായിത്തെരുവ് സുരക്ഷാക്രമീകരണങ്ങളോടെ നവീകരിക്കണമെന്ന ചിന്തയ്ക്ക് 30 വര്‍ഷത്തെ പഴക്കമുണ്ട്. വ്യാപാരികളാണ് ഈ ആശയം ആദ്യം മുന്നോട്ടുവച്ചത്. എന്നാല്‍ പലകാരണം കൊണ്ടും ഇത് പ്രാവര്‍ത്തികമായില്ല. കഴിഞ്ഞ ഫെബ്രുവരി 22ലെ തീപിടിത്തത്തെ തുടര്‍ന്നാണ് കോര്‍പറേഷനും ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും ചേര്‍ന്ന് മിഠായിത്തെരുവ് സുരക്ഷാക്രമീകരണങ്ങളോടെ നവീകരിക്കുന്നതിന് തീരുമാനിച്ചത്.
നവീകരണ പദ്ധതിയുടെ ഭാഗമായി തെരുവിലെ ഒന്‍പത് സ്ഥലങ്ങളില്‍ ഫയര്‍ ഹൈഡ്രന്റ് വാല്‍വുകള്‍ സ്ഥാപിച്ചു. വൈദ്യുതി ലൈനുകളും ടെലിഫോണ്‍ ലൈനുകളും ഭൂഗര്‍ഭ കേബിളുകള്‍ വഴി മാറ്റിസ്ഥാപിച്ചു. തെരുവിലെ ജലവിതരണത്തിനുപയോഗിച്ചിരുന്ന ഇരുമ്പ് പൈപ്പുകള്‍ മാറ്റി സ്ഥാപിച്ചു. ഡ്രൈനേജ് സംവിധാനം നവീകരിച്ചു. പുതിയ ശുചിമുറികള്‍ സ്ഥാപിച്ചു. തെരുവില്‍ ആവശ്യത്തിന് വെളിച്ചം ലഭ്യമാക്കാന്‍ അലങ്കാരവിളക്കുകള്‍ ഒരുക്കി. തെരുവിലെത്തുന്നവര്‍ക്ക് വിശ്രമിക്കാന്‍ എസ്.കെ സ്‌ക്വയറില്‍ ഇരിപ്പിടങ്ങളും പ്രവേശന കവാടത്തില്‍ എസ്.കെ പൊറ്റെക്കാട്ടിന്റെ തെരുവിന്റെ കഥ പറയുന്ന ചുമര്‍ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഉടന്‍തന്നെ നിരീക്ഷണ കാമറകളും മ്യൂസിക് സിസ്റ്റവും സ്ഥാപിക്കും. ഇതിലേക്കായി ഡോ.എം.കെ മുനീര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് തുക ചെലവഴിക്കും.
നവീകരിച്ച തെരുവിലൂടെ വാഹന ഗതാഗതം പാടില്ലെന്ന ജനകീയ അഭിപ്രായം പരിഗണിച്ച് പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സഞ്ചരിക്കാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബഗ്ഗികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ക്കിടെക്ട് ആര്‍.കെ രമേശാണ് തെരുവിന്റെ നവീകരണത്തിന് രൂപകല്‍പന നിര്‍വഹിച്ചത്.
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിനു വേണ്ടി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചത്. ഉദ്ഘാടന ചടങ്ങിന് ശേഷം ഉറൂബ്, എസ്.കെ പൊറ്റെക്കാട്ട്, വൈക്കം മുഹമ്മദ് ബഷീര്‍, കെ.ടി മുഹമ്മദ്, എന്‍.പി മുഹമ്മദ്, പുനത്തില്‍ കുഞ്ഞബ്ദുല്ല തുടങ്ങിയവരേയും അവരുടെ കഥാപാത്രങ്ങളേയും ഓര്‍മകളിലേക്ക് കൊണ്ടുവരുന്ന ദൃശ്യാവിഷ്‌കാരവും അരങ്ങേറും.
യൂറോപ്പുകാരുടെ സ്വീറ്റ് മീറ്റ് സ്ട്രീറ്റ്, ഞമ്മളെ 'മുട്ടായ്‌ത്തെരു'
By കെ. ജംഷാദ്
കോഴിക്കോട്: ദേശങ്ങളുടെ അതിരുകള്‍ താണ്ടിയ നഗരത്തിന്റെ കഥാകാരന്‍ എസ്.കെ പൊറ്റെക്കാട്ടിന്റെ 1960ല്‍ പുറത്തിറങ്ങിയ ഒരു തെരുവിന്റെ കഥയെന്ന നോവലിന്റെ ഇതിവൃത്തമായ മിഠായിത്തെരുവിന്റെ ചരിത്രത്തിന് അഞ്ചുനൂറ്റാണ്ടോളം പഴക്കം.
500 വര്‍ഷത്തെ ചരിത്രമുറങ്ങുന്ന പൈതൃക തെരുവാണ് എസ്.എം സ്ട്രീറ്റ് എന്നറിയപ്പെടുന്ന മിഠായിത്തെരുവ്. 1498ല്‍ വാസ്‌കോഡ ഗാമ കാപ്പാട് കപ്പലിറങ്ങിയപ്പോള്‍ മുതല്‍ മിഠായിത്തെരുവിന്റെ മധുരം ലോകം അറിഞ്ഞുതുടങ്ങിയിരുന്നു. അക്കാലത്ത് തെരുവിന്റെ ഇരുവശങ്ങളിലും നിരവധി ഹല്‍വ കടകളുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
ഹുസൂര്‍ റോഡ് എന്നായിരുന്നു മിഠായിത്തെരുവിന്റെ ആദ്യ പേര്. ബ്രിട്ടീഷ് ഭരണാധികാരികളുടെ കലക്ടറേറ്റായിരുന്ന ഹുസൂര്‍ ഓഫിസ് പ്രവര്‍ത്തിച്ചത് മിഠായി ത്തെരുവിലായിരുന്നു. ഇതാണ് തെരുവിന് ഹുസൂര്‍ റോഡ് എന്ന പേരുവരാന്‍ കാരണം.
പിന്നീട് യൂറോപ്പുകാരാണ് ഹല്‍വയെ മധുരമുള്ള ഇറച്ചിയെന്ന് അര്‍ഥം വരുന്ന സ്വീറ്റ് മീറ്റ് സ്ട്രീറ്റ് (എസ്.എം സ്ട്രീറ്റ്) എന്ന പേരുവിളിച്ചത്. പിന്നീട് അത് മലയാളീകരിച്ച് മിഠായിത്തെരുവായി. പോര്‍ച്ചുഗീസുകാരുടെ കാലത്ത് പണികഴിപ്പിച്ച കെട്ടിടങ്ങളായിരുന്നു അന്ന് ഏറെയും. യൂറോപ്പില്‍ നിന്ന് പോര്‍ച്ചുഗീസുകാരും ഡച്ചുകാരുമാണ് ഈ തെരുവില്‍ ഏറെയും എത്തിയിരുന്നത്.
നാട്ടുകാര്‍ക്കൊപ്പം പാഴ്‌സികളും ജൂതരും അറബികളും ചൈനക്കാരും മിഠായിത്തെരുവ് സന്ദര്‍ശിച്ചിരുന്നതായി വിവിധ ചരിത്ര രേഖകളില്‍ പറയുന്നു. മിഠായിത്തെരുവ് കഴിഞ്ഞ 40 വര്‍ഷം മുന്‍പ് വരെ വിശ്വാസത്തിന്റെ പ്രതീകമായ തെരുവായിരുന്നുവെന്ന് ആദ്യകാല കച്ചവടക്കാര്‍ പറയുന്നു. ആര്‍ക്കും പോസ്റ്റ്കാര്‍ഡില്‍ വിലാസം എഴുതി നല്‍കി സാധനങ്ങള്‍ കടംവാങ്ങി കൊണ്ടുപോകാമായിരുന്നു അന്ന്. ദീപാവലിയോടനുബന്ധിച്ച് പണം നല്‍കിയില്ലെങ്കില്‍ വീട്ടിലേക്ക് കാര്‍ഡയക്കുകയും ഉപഭോക്താവ് കടയിലെത്തി പണം അടയ്ക്കുകയുമായിരുന്നു പതിവ്. കടയുടമ സൗജന്യമായി നല്‍കുന്ന ദീപാവലി മിഠായിയും വാങ്ങി ആളുകള്‍ സന്തോഷത്തോടെ തിരിച്ചുപോയതായി പഴയകാല കച്ചവടക്കാര്‍ ഓര്‍ക്കുന്നു.
എന്നാല്‍ ഇന്ന് ബേക്കറികളും മറ്റും നാമമാത്രമായി ചുരുങ്ങി. തുണിക്കടകളും തെരുവു വാണിഭവുമാണ് പുതിയ മിഠായിത്തെരുവിലെ സ്ഥിരം കാഴ്ചകള്‍.
തെരുവില്‍ ശേഷിക്കുന്ന പാഴ്‌സികളുടെ അഗ്നി ക്ഷേത്രമാണ് ഏറ്റവും പുരാതന നിര്‍മിതികളിലൊന്ന്. പാഴ്‌സികളുടെ താമസകേന്ദ്രമായിരുന്നു തെരുവിന്റെ പരിസരം. ആദ്യകാലത്തെ മൂന്നു ബുക്ക് സ്റ്റാളുകളും തെരുവിലുണ്ട്. പി.കെ ബ്രദേഴ്‌സ്, കെ.ആര്‍ ബ്രദേഴ്‌സ്, ടൂറിങ് ബുക് സ്റ്റാള്‍ (ടി.ബി.എസ്) എന്നിവയാണിവ. കേരളത്തിലെ ഏറ്റവും പഴക്കമുള്ള സിനിമാ തിയറ്ററുകളിലൊന്നായ രാധയും മിഠായിത്തെരുവിലാണ്. 1937ലാണ് ഇത് നിര്‍മിച്ചത്. ആദ്യകാലത്തെ വെജിറ്റേറിയന്‍ ഹോട്ടലായ ആര്യഭവനും, ബേക്കറികളായ ശങ്കരന്‍ ബേക്കറി, മഹാരാജ ബേക്കറി എന്നിവയും സ്റ്റുഡിയോകളായ പിട്ടാമ്പര്‍ സ്റ്റുഡിയോ, നാഷനല്‍ സ്റ്റുഡിയോ, പഴയ തുണിക്കടയായ പസഫിക് സാരി ഡിപ്പോ, ബാറ്റയുടെ ഷോറും എന്നിവ ആദ്യകാലത്തെ സ്ഥാപനങ്ങളില്‍ ചിലതാണ്.
ആംഗ്ലോ ഇന്ത്യന്‍ നിര്‍മാണ രീതിയിലായിരുന്നു. തെരുവിലെ കെട്ടിടങ്ങളുണ്ടായിരുന്നു. നഗര വികസനത്തിന്റെ ഭാഗമായി ഇത്തരം കെട്ടിടങ്ങളെല്ലാം പിന്നീട് പൊളിച്ചുമാറ്റപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."