ഗെയില്‍: 15 മീറ്ററിനുള്ളിലെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റണമെന്ന് സി.എ.ജി
മലപ്പുറം: ഗെയില്‍ പൈപ്പ്‌ലൈനിന് 15 മീറ്ററിനുള്ളിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റണമെന്ന് സി.എ.ജി റിപ്പോര്‍ട്ട്. പൈപ്പ്‌ലൈന്‍ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി ) കര്‍ശന നിര്‍ദേശം നല്‍കിയത്.
വിവിധ സംസ്ഥാനങ്ങളിലെ ഗെയില്‍ പൈപ്പ്‌ലൈന്‍ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് 2017 സെപ്റ്റംബറിലാണ് കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചത്. കേരളത്തിനുപുറത്ത് ഗെയില്‍ ഉപയോഗാവകാശം എടുത്ത 30 മീറ്റര്‍ വീതിയിലുള്ള സ്ഥലത്ത് ഒട്ടനവധി സ്വകാര്യ കെട്ടിടങ്ങളും വീടുകളും ഇലക്ട്രിക് ലൈനുകളും കണ്ടെത്തിയിരുന്നു.
നിയമം ലംഘിച്ച് നിര്‍മിച്ച ഇത് പ്രകൃതിവാതക പൈപ്പ്‌ലൈനിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കണ്ടെത്തിയിരുന്നു. ഗെയില്‍ ഉപയോഗാവകാശം എടുത്ത ഭൂമിയില്‍ (ആര്‍.ഒ.യു) സ്വകാര്യ കെട്ടിടങ്ങള്‍ പാടില്ലെന്നാണ് നിയമം.
ഈ നിയമം ലംഘിക്കപ്പെട്ടതിനാല്‍ ഇത്തരം വീടുകളും കെട്ടിടങ്ങളും പൊളിച്ചുമാറ്റാന്‍ റിപ്പോര്‍ട്ടിലൂടെ ഗെയിലിന് നിര്‍ദേശം നല്‍കിയിരുന്നു. പ്രസ്തുത കെട്ടിടങ്ങള്‍ ഉടനെ പൊളിച്ചുമാറ്റാന്‍ ജില്ലാ ഭരണകൂടം മുഖേന നടപടികള്‍ സ്വീകരിച്ചുവരികയാണെന്നാണ് ഗെയില്‍ സി.എ.ജിക്ക് നല്‍കിയ മറുപടിയിലുള്ളത്.
കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് 20 മീറ്റര്‍ ദൂരപരിധിയാണ് ഗെയില്‍ ഉപയോഗാവകാശം എടുക്കുന്നത്. കുറഞ്ഞ സ്ഥലത്ത് വീടുവച്ച് താമസിക്കുന്നവരുടെ ഭൂമിയിലൂടെവരെ പൈപ്പ്‌ലൈന്‍ കടന്നുപോകുന്നത് ചൂണ്ടിക്കാട്ടി ഇരകള്‍ സമരവുമായി രംഗത്തുവന്നതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവ് അനുവദിച്ചിരുന്നു.
പത്തു സെന്റോ അതില്‍ താഴെയോ ഭൂമിയുള്ളവരുടെ സ്ഥലത്ത് പൈപ്പിടാനുപയോഗിക്കുന്ന സ്ഥലം രണ്ടു മീറ്ററാക്കി ചുരുക്കുമെന്നും അങ്ങനെയുള്ള സ്ഥലങ്ങളില്‍ നിലവിലുള്ള വീടുകള്‍ സംരക്ഷിക്കുമെന്നും വീടുകള്‍ ഇല്ലാത്തിടത്ത് ഭാവിയില്‍ വീടുവയ്ക്കത്തക്കരീതിയില്‍ അലൈന്‍മെന്റ് ഒരു സൈഡിലൂടെ രണ്ടുമീറ്റര്‍ വീതിയില്‍ മാത്രം ഉപയോഗിക്കുമെന്നും അറിയിച്ചിരുന്നു.
ഗെയില്‍ പൈപ്പ്‌ലൈന്‍ പ്രവര്‍ത്തിക്കെതിരേ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുന്ന മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രവൃത്തി നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."