മൂല്യവര്‍ധിത നികുതി: മലയാളികളുടെ സ്ഥാപനങ്ങളടക്കം രജിസ്‌ട്രേഷന്‍ നടത്താന്‍ ബാക്കി
ജിദ്ദ: സഊദിയില്‍ അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കുന്ന മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാതെ ഉപയോക്താക്കളില്‍ നിന്ന് വാറ്റ് ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തുമെന്ന് സക്കാത്ത് നികുതി അതോറിറ്റിയിലെ മേധാവി ഹമദ് അല്‍ഹര്‍ബി മുന്നറിയിപ്പ് നല്‍കി.
അതാത് സ്ഥാപനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന മുഴുവന്‍ ഉല്‍പന്നങ്ങള്‍ക്കും വാറ്റ് ബാധകമായിരിക്കും. അതേ സമയം ചില ഉല്‍പനങ്ങളെ മൂല്യവര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ലോകത്ത് 160 ലേറെ രാജ്യങ്ങളില്‍ വാറ്റ് നടപ്പാക്കുന്നുണ്ട്. മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലും മൂല്യവര്‍ധിത നികുതി നടപ്പാക്കുന്നതിന് 2016 ജൂണില്‍ ജി.സി.സി രാജ്യങ്ങള്‍ ധാരണയിലെത്തിയിരുന്നു. ഏകീകൃത ഗള്‍ഫ് മൂല്യവര്‍ധിത നികുതി കരാര്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് സഊദി അംഗീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത വര്‍ഷം ആദ്യം മുതല്‍ സഊദിയിലും യു.എ.ഇയിലും വാറ്റ് നിലവില്‍വരും.
മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ ഇതുവരെ 83,000 ലേറെ സ്വകാര്യ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിശ്ചിത സമയത്തിനകം നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്ക് പതിനായിരം റിയാല്‍ പിഴ ചുമത്തുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിവര്‍ഷം മൂന്നേമുക്കാല്‍ ലക്ഷം റിയാലില്‍ കൂടുതല്‍ വരുമാനമുള്ള മുഴുവന്‍ സ്ഥാപനങ്ങളും നികുതി നിയമത്തില്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണെന്നും ഹമദ് അല്‍ഹര്‍ബി അറിയിച്ചു.
അതേസമയം മൂല്യവര്‍ധിത നികുതി നടപ്പാക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ, ഇനിയും രജിസ്‌ട്രേഷന്‍ നടത്താത്ത നിരവധി സ്ഥാപനങ്ങള്‍ ബാക്കിയുണ്ട്. ഇവയില്‍ മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും കൂട്ടത്തിലുണ്ട്. കടുത്ത പിഴയും മറ്റു ബുദ്ധിമുട്ടുകളും ഇവര്‍ നേരിടേണ്ടി വരുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."