ട്രംപിന്റെ നയപ്രഖ്യാപനം വിദ്വേഷ പ്രസംഗമായി
ഒഹിയോ: മുസ്്‌ലിം വിദ്വേഷ പ്രസംഗവുമായി യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വീണ്ടും. താന്‍ പ്രസിഡന്റായാല്‍ മുസ്്‌ലിംകള്‍ അടക്കമുള്ള വിദേശകുടിയേറ്റക്കാരെ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കുമെന്നും ഭീകരതയുടെ ചരിത്രമുള്ള രാജ്യങ്ങള്‍ക്ക് യു.എസിലേക്ക് വിസ നല്‍കില്ലെന്നും ട്രംപ് പറഞ്ഞു. ഇസ്്‌ലാമിക ഭീകരവാദം ഉണ്ടെന്ന് വാദിക്കുന്ന ട്രംപ് അതിനെതിരേ അന്വേഷിക്കാന്‍ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള കമ്മിഷന്‍ രൂപീകരിക്കുമെന്നും വ്യക്തമാക്കി.
ഒഹിയോയില്‍ നടന്ന നയപ്രഖ്യാപന പ്രസംഗത്തിലാണ് ട്രംപിന്റെ വംശീയ,സാമുദായിക വിദ്വേഷം നിറഞ്ഞുനിന്നത്. ഭീകരതയോട് മൃദുസമീപനം പുലര്‍ത്തുന്ന രാജ്യങ്ങള്‍ ഏതൊക്കെയെന്ന് ട്രംപ് വിശദമാക്കിയില്ല. അമേരിക്കകാരെ ബഹുമാനിക്കുന്നവര്‍ക്കും സഹിഷ്ണുതയുള്ളവര്‍ക്കും മാത്രമേ വിസ നല്‍കൂ. ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ല. ഐ.എസിനെ തോല്‍പിക്കാന്‍ റഷ്യയുമായും സഹകരിക്കും. ഗ്വാണ്ടാനാമോ തടവറ പൂട്ടില്ല. യു.എസിലേക്ക് വരുന്നവരുടെ പ്രത്യയശാസ്ത്രം എന്തെന്ന് പരിശോധിക്കും. തീവ്രവാദത്തിനെതിരേ പോരാടുന്ന എല്ലാവരുമായും സഹകരിക്കും. യു.എസിലേക്ക് എല്ലാ മുസ്്‌ലിംകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുമെന്ന നേരത്തേയുള്ള വിവാദ പ്രസ്താവന ഇത്തവണ ട്രംപ് ആവര്‍ത്തിച്ചില്ല. ട്രംപിന്റെ ജനപ്രീതി കുറഞ്ഞതും ഇത്തരം വിവാദത്തെ തുടര്‍ന്നായിരുന്നു.
ഹിലരിയും ഒബാമയുമാണ് ഐ.എസിനെ വളര്‍ത്തിയത് എന്ന പരാമര്‍ശമാണ് പ്രസംഗത്തില്‍ ട്രംപ് ഉന്നയിച്ച പ്രധാന രാഷ്ട്രീയ ആരോപണം. ഇറാഖ് അധിനിവേശത്തിനു ശേഷമാണ് ഐ.എസ് ഉയര്‍ന്നുവന്നതെന്ന നിരീക്ഷണവും ട്രംപ് നടത്തി. ഇറാഖ് അധിനിവേശത്തെ താന്‍ നേരത്തേ എതിര്‍ത്തിരുന്നുവെന്നും എന്നാല്‍ ആരും ഇത് ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒബാമ സര്‍ക്കാരിന്റെ വിദേശനയങ്ങള്‍ ഭീകരതയുടെ വളര്‍ച്ചയ്ക്ക് സഹായമായി. ഇതില്‍ സമൂല മാറ്റം വരുത്തുമെന്നും ട്രംപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."