തലസ്ഥാനത്തുണ്ടായത് ധര്‍മ റാന്‍സംവെയര്‍ ആക്രമണം
തിരുവനന്തപുരം: തലസ്ഥാനത്തുണ്ടായത് ധര്‍മ റാന്‍സംവെയര്‍ ആക്രമണമെന്ന് സൈബര്‍ ഡോം കണ്ടെത്തി. വാനാക്രൈ മാതൃകയിലുള്ള സൈബര്‍ ആക്രമണമാണെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. ഇന്നലെ നടത്തിയ വിശദമായ പരിശോധനയിലാണ് ധര്‍മ റാന്‍സംവെയര്‍ ആക്രമണമാണെന്ന് കണ്ടെത്തിയത്. വാനാക്രൈയില്‍ നിന്നു വ്യത്യസ്തമായി ഒരു സര്‍വറിന്റെ പരിധിയിലുള്ള ഏതെങ്കിലും ഒരു കംപ്യൂട്ടറിനെ ആക്രമിക്കുന്നതാണ് ധര്‍മ റാംന്‍സംവെയറിന്റെ രീതിയെന്ന് സൈബര്‍ ഡോം ഉദ്യോഗസ്ഥര്‍ പറയുന്നു. സര്‍വറുമായി ബന്ധപ്പെടുത്തിയ എല്ലാ കംപ്യൂട്ടറുകളെയും ആക്രമിക്കുന്ന രീതിയാണ് വാനാക്രൈയുടേത്. അതുകൊണ്ടു തന്നെ തിരുവനന്തപുരം ജില്ലാ മര്‍ക്കന്റയിന്‍ സഹകരണ ബാങ്കിലെ മറ്റു കംപ്യൂട്ടറുകളൊന്നും ആക്രമണത്തിനിരയായിട്ടില്ല. ആക്രമിക്കപ്പെട്ട കംപ്യൂട്ടറിലെ ഫയലുകള്‍ സൈബര്‍ ഡോം വിദഗ്ധര്‍ വീണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ 23ന് വൈകിട്ടാണ് ആക്രമണം ബാങ്ക് ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടത്. കംപ്യൂട്ടര്‍ പ്രവര്‍ത്തന രഹിതമാവുകയും റീ സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഫയലുകള്‍ 'എന്‍ക്രിപ്റ്റ്' ചെയ്തിരിക്കുകയാണെന്നും 'ഡീക്രിപ്റ്റ്' ചെയ്തു കിട്ടണമെങ്കില്‍ മോചനദ്രവ്യം നല്‍കണമെന്നുമുള്ള സന്ദേശം മോണിറ്ററില്‍ തെളിയുകയുമായിരുന്നു.
സൈബര്‍ ആക്രമണം മാസങ്ങള്‍ക്ക് മുന്‍പും സംസ്ഥാനത്ത് ആശങ്ക സൃഷ്ടിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, വയനാട് ജില്ലകളിലെ എട്ട് പഞ്ചായത്ത് ഓഫിസുകളില്‍ വാനാക്രൈ ആക്രമണമാണ് അന്ന് ഉണ്ടായത്. സൈബര്‍ ആക്രമണത്തിനെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് സൈബര്‍ സെല്‍ അറിയിച്ചിട്ടുണ്ട്. മെയില്‍ വഴിയും സമൂഹമാധ്യമങ്ങള്‍ വഴിയും ലഭിക്കുന്ന അനാവശ്യ ലിങ്കുകളില്‍ കയറരുതെന്നും മെയിലുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തിയ ശേഷം മാത്രമേ തുറക്കാവൂയെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."