ആരോഗ്യ ഇന്‍ഷുറന്‍സെടുക്കാത്ത ജനപ്രതിനിധികളെ അയോഗ്യരാക്കണം
ആരോഗ്യവകുപ്പു മന്ത്രി കെ.കെ.ശൈലജ ചികിത്സാ റീ ഇംപേഴ്‌സ്‌മെന്റിനായി വ്യാജ കണക്കു നല്‍കിയെന്ന ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഇതു സംബന്ധിച്ചു വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, തനിക്കെതിരേയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നാണു മന്ത്രി ശൈലജയുടെ വാദം.
മന്ത്രിയെന്ന പദവിയുപയോഗിച്ചു ഭര്‍ത്താവിന്റെ ചികിത്സയ്ക്കുള്ള ധനസഹായം അനധികൃതമായി കൈപ്പറ്റിയെന്ന ആരോപണം വസ്തുതകള്‍ക്കു നിരക്കാത്തതാണെന്നും നിയമപരമല്ലാത്ത ഒരു കാര്യംപോലും മെഡിക്കല്‍ റീഇംപേഴ്‌സ്‌മെന്റിന്റെ പേരില്‍ നടത്തിയിട്ടില്ലെന്നും മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
എന്നാല്‍, മന്ത്രിയുടെ ഭര്‍ത്താവിന്റെ വരുമാനം മറച്ചുവച്ചതു സ്വജനപക്ഷപാതമാണെന്നും റീഇംപേഴ്‌സ്‌മെന്റിലൂടെ ഖജനാവിനു നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു സുരേന്ദ്രന്‍ പരാതി നല്‍കിയത്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു.
മന്ത്രി സ്വകാര്യാശുപത്രികളില്‍ ചികിത്സയ്ക്കായി നവംബര്‍വരെ ചെലവാക്കിയത് 3,81,876 രൂപയാണെന്നും പൊറോട്ട, ഗോപി മഞ്ചൂരിയന്‍, ദോശ, കുറുമ, മാതളനാരങ്ങ ജൂസ്, മിനറല്‍ വാട്ടര്‍, അപ്പം, ചപ്പാത്തി, ഇഡലി, ആപ്പിള്‍ ജൂസ്, ഉള്ളിവട, പഴംപൊരി മുതലായവയെല്ലാം മരുന്നെന്ന പേരില്‍ കാണിച്ചാണ് മെഡിക്കല്‍ റീഇംപേഴ്‌സ്‌മെന്റിനായി രേഖ സമര്‍പ്പിച്ചതെന്നും ആരോപണമുയര്‍ന്നിരുന്നു.
ഭര്‍ത്താവ് പൂര്‍ണമായും തന്നെ ആശ്രയിച്ചു കഴിയുന്നയാളാണെന്നും തൊഴില്‍രഹിതനാണെന്നും മന്ത്രി സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്നും ഇതു നുണയാണെന്നും മന്ത്രി സത്യവാങ്മൂലം നല്‍കുമ്പോള്‍ ഭര്‍ത്താവ് ഭാസ്‌ക്കരന്‍ മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനായിരുന്നെന്നും പരാതിയില്‍ ഉണ്ട്. കൂടാതെ മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ആകുന്നതിനു മുന്‍പും മന്ത്രിയുടെ ഭര്‍ത്താവ് ഭാസ്‌ക്കരന്‍ തൊഴില്‍രഹിതനായിരുന്നില്ലെന്നും പഴശ്ശി വെസ്റ്റ് എല്‍.പി സ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്നെന്നും നല്ലൊരു സംഖ്യ ഈ ഇനത്തില്‍ പെന്‍ഷനായി അദ്ദേഹം ഇന്നും കൈപറ്റുന്നുണ്ടെന്നും വിജിലന്‍സില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
എന്തിനാണു മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ചികിത്സാസഹായം പൊതുഖജനാവില്‍നിന്ന് ഈടാക്കുന്നതെന്നു മനസിലാകുന്നില്ല. അങ്ങനെ ചെയ്യുന്നത് അഴിമതിയും അനീതിയും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. ഈ പ്രവണത അടിയന്തരമായി നിര്‍ത്തണം. കോടിക്കണക്കിനു രൂപയാണ് ഈ ഇനത്തില്‍ വര്‍ഷന്തോറും പൊതുഖജനാവില്‍നിന്നു ചെലവാകുന്നത്. ഏതെങ്കിലും ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് ആരോഗ്യ ഇന്‍ഷുറന്‍സെടുക്കാന്‍ ഇവരോടു നിര്‍ദ്ദേശിക്കണം. സ്വന്തം ചെലവില്‍ ഇന്‍ഷുറന്‍സ് എടുക്കാത്ത ജനപ്രതിനിധികളെ അയോഗ്യരാക്കുന്നതിനുള്ള നിയമനിര്‍മാണം നടത്തണം. യഥാര്‍ഥസ്വത്തു വെളിപ്പെടുത്താത്തവരെയും തെരഞ്ഞെടുപ്പു കണക്കു നല്‍കാത്തവരെയും അയോഗ്യരാക്കുന്നപോലെ ഇതിനും നിയമനിര്‍മാണം അനിവാര്യമായിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."