രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ല; 'വീഞ്ഞ്' പരാമര്‍ശം പിന്‍വലിക്കുന്നെന്ന് മന്ത്രി സജി ചെറിയാന്‍
'വീഞ്ഞ്' പരാമര്‍ശം പിന്‍വലിക്കുന്നെന്ന് മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം: ബിഷപ്പുമാര്‍ക്കെതിരെ നടത്തിയ പ്രസ്താവന പിന്‍വലിച്ച് മന്ത്രി സജി ചെറിയാന്‍. തന്റെ പരാമര്‍ശങ്ങളില്‍ വന്ന ചില കാര്യങ്ങള്‍ പുരോഹിതര്‍ സൂചിപ്പിച്ചു. 'കേക്ക് , വൈന്‍, രോമാഞ്ചം' എന്ന ഭാഗം പ്രയാസം ഉണ്ടാക്കിയെങ്കില്‍ ആ വാക്കുകള്‍ പിന്‍വലിക്കുന്നു. വിരുന്നിന്റെ ഭാഗമായി വീഞ്ഞും കേക്കും എന്നു പറഞ്ഞ ഭാഗം പ്രയാസമായി തോന്നിയിരിക്കാം. എന്നാല്‍ കേക്കിന്റെയും വീഞ്ഞിന്റെയും പ്രശ്‌നമല്ല ഞാന്‍ ഉന്നയിച്ചതെന്ന് മന്ത്രി പറഞ്ഞു. എല്ലാ ബിഷപ്പുമാരുമായും വ്യക്തിബന്ധമുണ്ട്. അവരെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. ആരെയെങ്കിലും ഭയപ്പെട്ട്, കീഴ്‌പ്പെട്ട് പോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം കേന്ദ്ര മന്ത്രി വി മുരളീധരന്‍ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു. ചില മാധ്യമങ്ങള്‍ തന്നെ വ്യക്തിപരമായി അക്രമിച്ചു. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ മരണം വരെ പോരാടുമെന്നും അതാണ് തന്റെ രാഷ്ട്രിയ നിലപാടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വര്‍ത്തമാന കാല ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ തീവ്രമായ ആക്രമണങ്ങളും പ്രചാരണങ്ങളും അഴിച്ചുവിട്ട് ഹിന്ദുത്വ വര്‍ഗീയാധിപത്യത്തെ വളര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സജി ചെറിയാന്‍ പറഞ്ഞു. ക്രിസ്ത്യന്‍ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ വര്‍ഷം ക്രൈസ്തവര്‍ക്ക് നേരെ 700 ഓളം ആക്രമണങ്ങളാണ് നടന്നത്. അതായത് ഏതാണ്ട് ഒരു ദിവസം രണ്ടിടത്ത് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ആക്രമിക്കപ്പെടുന്ന അവസ്ഥ. ഇതില്‍ 287 എണ്ണം ഉത്തര്‍പ്രദേശിലാണ്. 148 ഛത്തീസ്ഗഡിലും 49 ജാര്‍ഘണ്ടിലും 47 എണ്ണം ഹരിയാനയിലുമാണ്. ഇതെല്ലാം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് എന്നത് യാദൃശ്ചികമല്ല.
2014 ല്‍ രാജ്യത്ത് ആകെ 140 അക്രമസംഭവങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ഉണ്ടായിരുന്ന സ്ഥലത്ത് നിന്നും കേന്ദ്രത്തില്‍ ബിജെപി ഭരിച്ച കഴിഞ്ഞ 9 വര്‍ഷം ഈ കണക്കുകള്‍ കുത്തനെ കൂടുകയാണ് ചെയ്യുന്നത്. അന്താരഷ്ട്ര ക്രിസ്ത്യന്‍ സംഘടനകളുടെ റിപ്പോര്‍ട്ട് പ്രകാരം ക്രിസ്ത്യന്‍ വിഭാഗത്തിന് എതിരെയുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ഏറ്റവും മോശം പതിനൊന്നാമത്തെ രാജ്യമാണെന്നും സജി ചെറിയാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."