ഗാസ: പരിക്കേറ്റ 1,000 കുട്ടികൾക്കും കാൻസർ രോഗികൾക്കും സ്വാഗതമരുളി യുഎഇ
ദുബൈ: ഗാസയിൽ പരിക്കേറ്റ ഫലസ്തീൻ കുട്ടികളും കാൻസർ രോഗികളുമടങ്ങുന്ന എട്ടാമത്തെ സംഘം വെള്ളിയാഴ്ച യുഎഇയിലെത്തി. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്റെ നിർദേശാനുസൃതം പരിക്കേറ്റ 1,000 കുട്ടികൾക്കും ഗാസ മുനമ്പിലെ 1,000 കാൻസർ രോഗികൾക്കുമാണ് യുഎഇ ആശുപത്രികളിൽ വൈദ്യ ചികിത്സ നൽകുക. ഏറ്റവും അടിയന്തിര വൈദ്യ സഹായം ആവശ്യമുള്ള 28 പലസ്തീൻകാരെയും അവരുടെ കുടുംബത്തിലെ 35 അംഗങ്ങളെയും വഹിച്ച് അൽ അരിഷ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട വിമാനം അബുദാബി ഇൻ്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്തു. എമിറേറ്റ്‌സ് വാർത്താ ഏജൻസി ടീം വിമാനത്തെ അനുഗമിക്കുകയും ഫലസ്തീൻ കുടുംബങ്ങൾ എത്തിയപ്പോൾ അവരുമായി സംസാരിക്കുകയും ചെയ്തു. പലസ്തീൻ ജനതയുടെ അടിയന്തര മാനുഷിക ആവശ്യങ്ങളോട് പ്രതികരിക്കുന്നതിൽ യുഎഇയുടെ 'അതുല്യ മാതൃക'യെ അവർ പ്രശംസിച്ചു. അവരുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിന് മാനുഷികവും വൈദ്യസഹായവും നൽകുന്നതിലെ രാജ്യത്തിൻ്റെ സമഗ്രമായ സംരംഭങ്ങളെ അവർ എടുത്തു കാട്ടി. ഈ മാനുഷിക സംരംഭത്തിന് അവർ യുഎഇയോട് ആത്മാർത്ഥമായ നന്ദിയും അഭിനന്ദനവും അറിയിച്ചു. യുഎഇയിലെ ആശുപത്രികൾ പരിക്കേറ്റവർക്കും കാൻസർ രോഗികൾക്കും ഉയർന്ന തലത്തിലുള്ള ആരോഗ്യപരിചരണം നൽകുന്നുണ്ട്.
പ്രതിസന്ധിയുടെ തുടക്കം മുതൽ ഗാസ മുനമ്പിലെ ഫലസ്തീൻ ജനതയ്ക്ക് മാനുഷിക സഹായം നൽകി വരികയാണ് യുഎഇ. 2023 നവംബർ 5ന് ഓപറേഷൻ 'ഗാലൻ്റ് നൈറ്റ് 3' ആരംഭിച്ച് ഗാസക്ക് സഹായം നൽകി വരികയാണ്. ഫലസ്തീൻ ജനതയ്ക്ക് ഭക്ഷണം, മാനുഷിക-അടിയന്തര വൈദ്യ സഹായം എന്നിവ തുടർച്ചയായി എത്തിക്കുന്നു. ഗാസയിൽ 150 കിടക്കകളുള്ള ഒരു ഫീൽഡ് ഹോസ്പിറ്റൽ യുഎഇ സ്ഥാപിച്ചു. അവിടെ 100ലധികം വലുതും ഗുരുതരവുമായ ശസ്ത്രക്രിയകൾ നടത്തി.
'ഗാലൻ്റ് നൈറ്റ് 3' ഓപറേഷൻ്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ജനുവരി 4 വ്യാഴാഴ്ച വരെ യുഎഇയിലെ ആശുപത്രികളിൽ 395 ഫലസ്തീൻ കുട്ടികളും കാൻസർ രോഗികളും എത്തിയിട്ടുണ്ട്. ഗാസയിലെ യുഎഇ ഫീൽഡ് ഹോസ്പിറ്റലിൽ ആകെ കേസുകളുടെ എണ്ണം 1,098 ആയി.
ഗാസയിലെ ജല ദൗർലഭ്യം പരിഹരിക്കുന്നതിനും ഫലസ്തീൻ ജനതയ്ക്ക് സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുമായി യുഎഇ ഈജിപ്തിലെ റഫയിൽ ആറ് ഡീസലിനേഷൻ പ്ലാൻ്റുകൾ ആരംഭിച്ചു. പ്ലാൻ്റുകൾ പ്രതിദിനം 1.2 ദശലക്ഷം ഗാലൻ ഡീസാലിനേറ്റ് ചെയ്യുന്നു.
ഏറ്റവും ദുർബലരായ വിഭാഗങ്ങളുടെ, പ്രത്യേകിച്ച് കുട്ടികൾ, സ്ത്രീകൾ തുടങ്ങിയവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിനായി യുഎഇ നടപടികൾ എടുത്തു വരുന്നു. ഗാസ മുനമ്പിലെ യുദ്ധത്തിൽ ആഘാതമനുഭവിക്കുന്ന ഫലസ്തീൻ ജനതയ്ക്ക് ദുരിതാശ്വാസ സഹായം നൽകാനായിട്ടാണ് യുഎഇ 'തറാഹൂം -ഫോർ ഗാസ' കാമ്പെയ്‌ൻ നടപ്പിലാക്കിയത്.
ഈ സംരംഭങ്ങളുടെ തുടർച്ചയായി, യു.എ.ഇയുടെ ചെലവിൽ പഠിക്കാൻ ഗാസ മുനമ്പിൽ നിന്നുള്ള 33 വിദ്യാർത്ഥികളെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റി സ്വാഗതം ചെയ്തു.
ഫലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനും അവരുടെ പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനും ഫലപ്രദമായ മാനുഷിക ശ്രമങ്ങളിലൂടെ ഐക്യദാർഢ്യവും സഹകരണവും വളർത്തിയെടുക്കുന്നതിനും യു.എ.ഇ.യുടെ ദീർഘകാല സമർപ്പണത്തെ ഈ സംരംഭങ്ങൾ ഉദാഹരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."