'സംഘിഖാന് ഇടുക്കിയില്‍ പ്രവേശനമില്ല' ഗവര്‍ണര്‍ക്കെതിരെ ബാനര്‍, ഭൂനിയമ ഭേദഗതി ബില്ലില്‍ ഒപ്പിടാത്തതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍
'സംഘിഖാന് ഇടുക്കിയില്‍ പ്രവേശനമില്ല' ഗവര്‍ണര്‍ക്കെതിരെ ബാനര്‍, ഭൂനിയമ ഭേദഗതി ബില്ലില്‍ ഒപ്പിടാത്തതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍
തൊടുപുഴ: ഗവര്‍ണര്‍ക്കെതിരെ വീണ്ടും ബാനര്‍. 'സംഘിഖാന് ഇടുക്കിയില്‍ പ്രവേശനമില്ല' എന്നെഴുതിയ ബാനര്‍ ഇടുക്കി ജില്ലാ അതിര്‍ത്തിയില്‍ റോഡിന് കുറുകെയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പേരിലാണ് ബാനര്‍. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ 'കാരുണ്യം' പദ്ധതിയുടെ ഉദ്ഘാടനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചൊവ്വാഴ്ച തൊടുപുഴയില്‍ എത്തുന്നുണ്ട്. ഭൂനിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടണമെന്ന ആവശ്യവുമായി രാജ്ഭവനിലേക്ക് എല്‍.ഡി.എഫ് ജില്ല നേതാക്കളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുന്ന ദിവസംതന്നെയാണ് ഗവര്‍ണര്‍ ഇടുക്കിയിലേക്ക് എത്തുന്നത്. ജില്ലയില്‍ ഇന്ന് ഹര്‍ത്താലും പ്രഖ്യപിച്ചിട്ടുണ്ട്. ഭൂനിയമ ഭേദഗതിക്ക് അനുമതി നല്‍കാത്ത ഗവര്‍ണറുടെ നിലപാടിനെതിരെയാണ് ഹര്‍ത്താലെന്നാണ് എല്‍.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്.
ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നും തൊടുപുഴയിലെത്തുന്ന ഗവര്‍ണറെ തടയില്ലെന്നുമാണ് എല്‍.ഡി.എഫ് നേതാക്കള്‍ അറിയിച്ചത്. പാവപ്പെട്ട ജനങ്ങളെയും കര്‍ഷകരെയും ബാധിക്കുന്ന പ്രശ്‌നത്തില്‍ ഗവര്‍ണര്‍ സ്വീകരിച്ചിരിക്കുന്ന സമീപനം തിരുത്തണമെന്നാണ് ഇടത് കര്‍ഷകസംഘടനകളുടെ ആവശ്യം. ബില്ലുമായി ബന്ധപ്പെട്ട് താന്‍ ചോദിച്ച ചോദിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കാത്തത് കൊണ്ടാണ് ഒപ്പിടാത്തതെന്ന ഗവര്‍ണറുടെ വാദത്തെ റവന്യൂവകുപ്പ് തള്ളിക്കളയുന്നുണ്ട്. ആരോ ആയച്ച പരാതി റവന്യു വകുപ്പിന് കൈമാറിയിട്ട് വിശദീകരണം ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ കഴിയില്ലെന്നാണ് റവന്യൂ വകുപ്പിന്റെ നിലപാട്.
ഗവര്‍ണറെ ഇടുക്കിയിലേക്ക് ക്ഷണിച്ച വ്യാപാരികളുടെ നടപടി ശരിയല്ലെന്ന് എല്‍.ഡി.എഫ് കുറ്റപ്പെടുത്തുമ്പോള്‍, പരിപാടി നേരത്തേതന്നെ നിശ്ചയിച്ചിരുന്നതാണെന്നാണ് വ്യാപാരി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ഗവര്‍ണറും സര്‍ക്കാറും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് ഒമ്പതിന് ഇടുക്കിയിലെ ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചെന്നാണ് യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."