ഉംറ വിസയിൽ എത്തുന്നവർ ജൂൺ ആറിന് മുമ്പായി രാജ്യം വിടണം; കർശന നിർദേശവുമായി സഊദി
ഉംറ വിസയിൽ എത്തുന്നവർ ജൂൺ ആറിന് മുമ്പായി രാജ്യം വിടണം; കർശന നിർദേശവുമായി സഊദി
റിയാദ്: ഉംറ വിസയിൽ എത്തുന്നവരെല്ലാം ജൂൺ ആറിന് മുമ്പായി സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്ന് സഊദി അറേബ്യ ഹജ്ജ്-ഉംറ മന്ത്രാലയം. ഈ വർഷം ഉംറക്കെത്തുന്ന തീർഥാടകര് ജൂണ് ആറിന് (ദുൽഖഅദ് 29) മുമ്പ് രാജ്യം വിടണമെന്നാണ് നിർദേശം. ഇത് സംബന്ധിച്ച ഉത്തരവ് ഉംറ കമ്പനികൾക്കും ഏജൻസികൾക്കും മന്ത്രാലയം നൽകി.
വിസയില് കാലാവധി അവശേഷിക്കുന്നുണ്ടെങ്കിലും നിശ്ചിത തീയതിക്കകം മടങ്ങൽ നിർബന്ധമാണ്. ജൂണ് ആറിന് ശേഷവും രാജ്യത്ത് തങ്ങുന്നവർക്ക് കടുത്ത പിഴയും വിലക്കും ഉൾപ്പെടെയുള്ള നടപടി നേരിടേണ്ടി വരുമെന്നും ഹജ്ജ്-ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉംറ ട്രാവൽ ഏജൻസികളും ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ അവർക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്.പുതുതായി ഉംറക്കെത്തുന്ന തീർഥാടകരുടെ വിസയില് മടങ്ങേണ്ട അവസാന തീയതിയുൾപ്പെടെ പ്രത്യേകം രേഖപ്പെടുത്തുന്നുണ്ട്.
ഹജ്ജിന് മുന്നോടിയായി എല്ലാ വർഷവും ഏർപ്പെടുത്തുന്നതാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം. 2024ലെ ഹജ്ജിന് തൊട്ടുമുന്നോടിയായാണ് നിയന്ത്രണം ഏർപ്പെടുത്തുക. മൂന്ന് മാസമാണ് സാധാരണ ഉംറ വിസകളുടെ കാലാവധി. രാജ്യത്തേക്ക് പ്രവേശിക്കുന്നത് മുതലാണ് കാലാവധി കണക്കാക്കുക. എന്നാല്, ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി എല്ലാ വർഷവും ഉംറ വിസക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്താറുണ്ട്. ഹജ്ജിന് ശേഷം മുഹറം ഒന്ന് മുതൽ വീണ്ടും ഉംറ വിസകൾ അനുവദിച്ച് തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."