പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ക്കു നേരെ ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണം; ബാബരി മസ്ജിദ് ബാനര്‍ തീയിട്ടു
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ക്കു നേരെ ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണം; ബാബരി മസ്ജിദ് ബാനര്‍ തീയിട്ടു
പൂനെ: പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്.ടി.ഐ.ഐ) ക്യാംപസിനുള്ളില്‍ ഹിന്ദുത്വ തീവ്രവാദികളുടെ വിളയാട്ടം. ബാബരി മസ്ജിദ് തകര്‍ത്തത് ഭരണഘടനക്ക് എതിരാണെന്ന ബാനര്‍ ക്യാംപസില്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് ഹിന്ദുത്വ ഗ്രൂപ്പുകള്‍ ക്യാംപസിലെത്തി ആക്രമണം അഴിച്ചു വിട്ടത്. ഹിന്ദുത്വ സംഘടനകള്‍ ബാനറിന് തീവെക്കുകയും ചെയ്തു. ക്യാംപസില്‍ നേരത്തെ രാം കെ നാം ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.
എഫ്.ടി.ഐ.ഐ സ്റ്റുഡന്റസ് അസോസിയേഷനാണ് ബാനര്‍ ഉയര്‍ത്തിയത്. ജനുവരി 23ന് ഉച്ചക്ക് 1.30നാണ് സംഭവമെന്ന് ഡെക്കാന്‍ ജിംഖാന പൊലിസ് പറയുന്നു.
'പ്രാഥമിക അന്വേഷണത്തില്‍ മനസിലായത് ക്യാമ്പസില്‍ എഫ്.ടി.ഐ.ഐ. സ്റ്റുഡന്റസ് അസോസിയേഷന്‍ ബാനര്‍ ഉയര്‍ത്തിയെന്നാണ്. ബാബരി മസ്ജിദ്- രാം ജന്മഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട ഫോട്ടോകളുടെയും സിനിമയുടെയും പ്രദര്‍ശനവും നടത്തിയിരുന്നു,' പൊലിസ് അറിയിച്ചു. സംഭവത്തിന് ശേഷം ഒരുകൂട്ടം പൊലിസുകാരെ ക്യാംപസിനകത്തും പുറത്തും വിന്യസിച്ചിട്ടുണ്ട്.
പൂനെയിലെ വിവിധ ഹിന്ദുത്വ ഗ്രൂപ്പുകളില്‍ നിന്നുള്ള 15ഓളം പേരാണ് ക്യാമ്പസില്‍ അതിക്രമിച്ചുകയറിയത്. എങ്ങനെയാണ് ക്യാംപസിലെ വിദ്യാര്‍ത്ഥികള്‍ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്ന് ചോദിച്ച സംഘം സെക്യൂരിറ്റി ജീവനക്കാരനെ കയ്യേറ്റം ചെയ്തതായി എഫ്.ഐ.ആറില്‍ പറയുന്നു. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും ബാനറിന് തീവെക്കുകയും ചെയ്ത സംഘം അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
അതേസമയം ബാനര്‍ സ്ഥാപിച്ചതിന് എഫ്.ടി.ഐ.ഐ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും ചിലര്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ സംഘത്തെ മര്‍ദിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ടെന്നും പൊലിസ് അറിയിച്ചു. വാഹനത്തില്‍ ചരക്കുമായി പോവുകയായിരുന്ന മുസ്‌ലിം യുവാക്കള്‍ക്ക് നേരെ ആക്രമണമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രതിഷ്ഠാ ചടങ്ങിന് പിന്നാലെ രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ഹിന്ദുത്വ തീവ്രവാദികളുടെ നേതൃത്വത്തിലുള്ള അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. മുംബൈ മിറ റോഡില്‍ മുസ് ലിം വ്യാപാരികളുടെ കടകള്‍ തകര്‍ക്കുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."