'ഝാര്‍ഖണ്ഡില്‍ സര്‍ക്കാറുണ്ടാക്കാനുള്ള ബി.ജെ.പിയുടെ കളികള്‍ തടഞ്ഞത് ഇന്‍ഡ്യ സഖ്യം' രാഹുല്‍ ഗാന്ധി
'ഝാര്‍ഖണ്ഡില്‍ സര്‍ക്കാറുണ്ടാക്കാനുള്ള ബി.ജെ.പിയുടെ കളികള്‍ തടഞ്ഞത് ഇന്‍ഡ്യ സഖ്യം' രാഹുല്‍ ഗാന്ധി
റാഞ്ചി: ഝാര്‍ഖണ്ഡില്‍ ഭരണകക്ഷി എം.എല്‍.എമാരെ ചാക്കിട്ട് പിടിച്ച് സര്‍ക്കാരുണ്ടാക്കാനുള്ള ബി.ജെ.പിയുടെ നീക്കം തടഞ്ഞത് ഇന്‍ഡ്യ സഖ്യമാണെന്ന് രാഹുല്‍ ഗാന്ധി. ഝാര്‍ഖണ്ഡില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ബി.ജെ.പി ശ്രമിച്ചത്. എന്നാല്‍ അവരുടെ കൊള്ളയടിക്കാനുള്ള ശ്രമത്തിന് ഇന്‍ഡ്യ സഖ്യം തടയിട്ടു.
പണവും അന്വേഷണ ഏജന്‍സികളെയും ഉപയോഗിച്ച് ബി.ജെ.പി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. താന്‍ ബി.ജെ.പിയെ ഭയക്കുന്നില്ലെന്നും അവരുടെ ഭിന്നിപ്പിച്ചു ഭരിക്കുന്ന ആശയത്തിനെതിരെ പോരാട്ടം തുടരുമെന്നും രാഹുല്‍ വ്യക്തമാക്കി.
ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ഭിന്നിപ്പിക്കുന്ന ആശയങ്ങളോടുള്ള പോരാട്ടമായിരുന്നു ഭാരത് ജോഡോ യാത്രയിലൂടെ ഉദ്ദേശിച്ചത്. എന്നാല്‍ ഇപ്പോഴത്തെ ജോഡോ ന്യായ് യാത്ര രാജ്യത്തിലെ ജനങ്ങള്‍ക്ക് നീതി തേടിക്കൊണ്ടുള്ളതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജ്യത്തുടനീളം വ്യാപകമായ അനീതിയാണ് നടക്കുന്നത്. വിലക്കയറ്റവും തൊഴിലില്ലായ്മയും അതിന്റെ പാരമ്യതയിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തില്‍ തൊഴില്‍ ലഭിക്കുമെന്ന് യുവാക്കള്‍ക്ക് പ്രതീക്ഷ ഇല്ലാതായി. രാഹുല്‍ പറഞ്ഞു. മോദി സര്‍ക്കാറിന്‍രെ സാമ്പത്തിക നയങ്ങളേയും അദ്ദേഹം കുറ്റപ്പെടുത്തി.
ഝാര്‍ഖണ്ഡിലെ ജനങ്ങളെ യാത്രയുടെ ഭാഗമാകാനും രാഹുല്‍ ക്ഷണിച്ചു. മോദിയുടെ മന്‍കി ബാത്തിനെ അദ്ദേഹം പരിഹസിച്ചു. ഞങ്ങള്‍ നിങ്ങളുടെ മന്‍കി ബാത്ത് കേള്‍ക്കുന്നു. അതേസമയം, ഞങ്ങളുടെ മന്‍കി ബാത്ത് അവിടെ വരുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ഇ.ഡി അറസ്റ്റിനെ തുടര്‍ന്ന് ഹേമന്ത് സോറന്‍ രാജിവെച്ചതിനു പിന്നാലെ ഝാര്‍ഖണ്ഡില്‍ ചംപായ് സോറന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റിരുന്നു. പുതിയ മുഖ്യമന്ത്രിതെ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ പിന്നിട്ടിട്ടും സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കാത്തതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഝാര്‍ഖണ്ഡില്‍ എം.എല്‍.എമാരെ വിലക്കുവാങ്ങി സര്‍ക്കാരുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."