ഹജ്ജ് വിസ: കാലതാമസം ഉടന്‍ പരിഹരിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍
നെടുമ്പാശ്ശേരി: ഹജ്ജ് തീര്‍ഥാടകര്‍ക്ക് വിസ അനുവദിക്കുന്ന നടപടിയിലെ കാലാതാമസം ഉടന്‍ പരിഹരിക്കപ്പെടുമെന്നും അടുത്ത ദിവസങ്ങളിലായി മുഴുവന്‍ തീര്‍ഥാടകരുടെ യാത്രാ ഷെഡ്യൂള്‍ ലഭ്യമാകുമെന്നാണി പ്രതീക്ഷയെന്നും കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ ചൗധരി മെഹ്ഹൂബ് അലി കൈസര്‍ എം.പി പറഞ്ഞു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഹജ്ജ് ക്യാംപിന്റെ ഒരുക്കങ്ങള്‍ നേരില്‍ കാണുകയും സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുയും ചെയ്ത ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടകര്‍ക്ക് വിസ അനുവദിക്കുന്ന നടപടിയില്‍ സഊദി സര്‍ക്കാര്‍ മാറ്റം വരുത്തിയതാണ് ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ പുറപ്പെടുന്ന തീര്‍ഥാടകരുടെ യാത്രാ ഷെഡ്യൂള്‍ വൈകാന്‍ കാരണം.
ഈ വര്‍ഷം മുതലാണ് തീര്‍ഥാടകര്‍ക്കായി ഇ വിസ അനുവദിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ വിസ കൂട്ടത്തോടെ സ്റ്റാമ്പ് ചെയ്തുനല്‍കുകയായിരുന്നു. പുതിയ സംവിധാനം നടപ്പാക്കുന്നിതിന്റെ ഭാഗമായി ഒരുമിച്ചു ലഭിക്കാതെ ഘട്ടംഘട്ടമായിട്ടാണ് വിസ ലഭിക്കുന്നത്.
വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതി ലഭിച്ചാല്‍ മാത്രമെ ഹജ്ജ് സര്‍വിസ് കരിപ്പൂരില്‍ നിന്നു പുനരാരംഭിക്കാന്‍ കഴിയുകയുള്ളൂവെന്നും സംസ്ഥാനത്ത് നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഈ മാസം 22ന് നെടുമ്പാശ്ശേരിയില്‍ നിന്നു യാത്ര തിരിക്കുമെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു.
ഹജ്ജ് ക്യാംപ് 21ന് മുഖ്യമന്ത്രി
ഉദ്ഘാടനം ചെയ്യും
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ഹജ്ജ് ക്യംപ് 21ന് വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആദ്യ ഹജ്ജ് തീര്‍ഥാകരുമായുള്ള വിമാനത്തിന്റെ ഫ്‌ളാഗ് ഓഫ് 22ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് സംസ്ഥാന ഹജ്ജ്‌വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ നിര്‍വഹിക്കും. ഹജ്ജ് ക്യാംപിലും യാത്രയിലും തീര്‍ഥാടകര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഒരുക്കുമെന്ന് ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു. ഇത്തവണ കൂടുതല്‍ തീര്‍ഥാടകര്‍ക്ക് ഹജ്ജിന് അവസരം ലഭിക്കുന്നുവെന്നതും പ്രധാനപ്പെട്ട കാര്യമാണ്.
കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം കൂടിയായ ഇ.ടി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി നടത്തിയ പരിശ്രമങ്ങളെ തുടര്‍ന്നാണ് ഈ വര്‍ഷം പതിനായിരത്തിലേറെ പേര്‍ക്ക് കേരളത്തില്‍ നിന്നു ഹജ്ജിന് അവസരം ഒരുങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ഇതുവഴി ഒന്നാം കാറ്റഗറിയില്‍ ഉള്‍പ്പെട്ട 70 വയസ്സ് കഴിഞ്ഞ മുഴുവന്‍ അപേക്ഷകരെയും രണ്ടാം കാറ്റഗറിയില്‍ ഉള്‍പ്പെട്ട അഞ്ചാം വര്‍ഷക്കാരായ അപേക്ഷകരെയും പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ ഈ വര്‍ഷം സാധിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം കേന്ദ്ര ഹജ്ജ് കമ്മിറ്റി നല്‍കിയ ബാഗേജിനെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഈ വര്‍ഷം ഇത് ഒഴിവാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 200 തീര്‍ഥാടകര്‍ക്ക് ഒരു വളണ്ടിയര്‍ എന്ന ക്രമത്തില്‍ തീര്‍ഥാടകരെ സഹായിക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി അമ്പതോളം വളണ്ടിയര്‍മാരും തീര്‍ഥാടകരോടൊപ്പം യാത്ര തിരിക്കും. കഴിഞ്ഞ വര്‍ഷം ഇത് 300 പേര്‍ക്ക് ഒരു വളണ്ടിയര്‍ എന്ന നിലയിലായിരുന്നുവെന്നും ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു.
ജിദ്ദ വഴിയുള്ള ആദ്യ ഇന്ത്യന്‍ സംഘമെത്തി
ജിദ്ദ: ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളംവഴിയുള്ള ഇന്ത്യന്‍ ഹജ്ജ്് തീര്‍ഥാടകരുടെ ആദ്യ സംഘമെത്തി. ഇന്‍ഡോറില്‍നിന്നുള്ള 135 ഹാജിമാരാണ് സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ഇന്നലെ 2.30ന് ജിദ്ദ വിമാനത്താവളത്തിലെത്തിയത്. ഇവരെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍, കോണ്‍സണ്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി ബസ് മാര്‍ഗം ഇവരെ മക്കയിലെത്തിച്ചു. ജിദ്ദ വിമാനത്താവളത്തില്‍ ഇന്ത്യന്‍ തീര്‍ഥാടകരുടെ സേവനത്തിനായി ഡോക്ടര്‍മാരടക്കം 30 പ്രത്യേക വളണ്ടിയര്‍മാര്‍ 24 മണിക്കൂറും ഹജ്ജ് ടെര്‍മിനലില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഹാജിമാരുടെ യാത്രാരേഖകള്‍ പരിശോധിക്കുന്നതിനു പ്രത്യേകം കൗണ്ടറുമുണ്ട്. കേരളത്തില്‍നിന്നുള്ള ഹാജിമാര്‍ നെടുമ്പാശ്ശേരിവഴി 22നാണ് ജിദ്ദയിലെത്തുക.
ആദ്യ കപ്പല്‍ സംഘം ഞായറാഴ്ച
ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജിന് ജിദ്ദ തുറമുഖം വഴിയുള്ള തീര്‍ഥാടകര്‍ ഞായറാഴ്ച മുതല്‍ എത്തുമെന്നു ജിദ്ദ ഇസ്‌ലാമിക് പോര്‍ട്ട് ഡയറക്ടര്‍ ക്യാപ്റ്റന്‍ അബ്ദുല്ല അല്‍സംഇ അറിയിച്ചു. സുദാനില്‍നിന്നുള്ള ആയിരം തീര്‍ഥാടകരാണ് ആദ്യ ദിവസമെത്തുക. 23 കപ്പലുകളിലായി ആകെ 14,475 തീര്‍ഥാടകരാണെത്തുക.
ഇവരെ സ്വീകരിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."