ക്ഷേമത്തിന് പ്ലാൻ എ ഇല്ല
'സർക്കാരിന്റെ കൈയിൽ എടുത്തുകൊടുക്കാൻ കാശില്ല'. ഈ യാഥാർഥ്യത്തെ പൂർണമായും ഉൾക്കൊണ്ടുള്ള ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചപ്പോൾ അതിൽ ജനക്ഷേമമില്ല എന്ന് പറയേണ്ടിവരും. പാവപ്പെട്ടവർക്ക് ആശ്വാസത്തിന് വകനൽകുന്ന കാര്യമായ ഒന്നും രണ്ടര മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗത്തിൽ കേട്ടില്ല. കേന്ദ്ര അവഗണനയെന്ന പതിവ് പല്ലവി പാടി, സ്വകാര്യ പങ്കാളിത്തത്തോടെ നവകേരളം സൃഷ്ടിക്കാമെന്ന എൽ.ഡി.എഫ് സർക്കാരിന്റെ മാറിയ ചിന്തയുടെ പ്രതിഫലനം മാത്രമാണ് രണ്ടാം പിണറായി സർക്കാരിന്റെ നാലാം ബജറ്റ്.
പണ്ട്, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നതിനെതിരേ തെരുവ് യുദ്ധം നടത്തിയ സി.പി.എം സ്വകാര്യ സർവകലാശാലകളും വിദേശ സർവകലാശാലകളും സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വികസന മാതൃകകളും ബജറ്റിൽ പ്രഖ്യാപിക്കുമ്പോൾ ക്ഷേമ ബജറ്റെന്നല്ല പരിണാമ ബജറ്റെന്ന് വിളിക്കേണ്ടിവരും. പിണറായി വിജയൻ അവതരിപ്പിച്ച വികസന രേഖയിലെ നിർദേശങ്ങളാണ് ബജറ്റിലൂടെ പ്രതിഫലിക്കുന്നതെന്നാണ് ആക്ഷേപം.
വരവ്-ചെലവ് കണക്കെഴുത്തായി ബജറ്റ് മാറിയാൽ പാവപ്പെട്ടവന്റെ ജീവിതം അത്രമേൽ ദുരിതപൂർണവും സങ്കടകരവുമാകുമെന്ന് ഭരണാധികാരികൾ ഓർക്കാതെ പോകരുത്. കോടികൾ ചെലവിട്ട് നവകേരള സദസ് നടത്തി ജനങ്ങളുടെ പരാതികളും പരിവേദനങ്ങളും നേരിട്ട് കേട്ട് പരിഹാരമോതാൻ ഈ ബജറ്റ് കൊണ്ടായോ എന്ന പരിശോധന നടത്തണം. ജനങ്ങളുടെ ജീവൽപ്രശ്‌നത്തിനുള്ള പരിഹാര സൂചകമാകുന്നില്ല ഈ ബജറ്റെന്നാണ് പ്രതിപക്ഷ ആരോപണം. അതിന് നിരത്താനുമുണ്ട് ഏറെ കാരണങ്ങളും.
ക്ഷേമ പെൻഷൻ 2500 രൂപ എന്നത് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. പക്ഷേ, നാലാം ബജറ്റിലും അതിനുള്ള നീക്കം കണ്ടില്ല. 1600 രൂപയിൽ നിന്ന് 2500ൽ എത്തണമെങ്കിൽ ഇക്കുറി 2000 ആയിട്ടെങ്കിലും പെൻഷൻ തുക ഉയർത്തണമായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയിട്ടും ധനമന്ത്രി ക്ഷേമപെൻഷൻ വർധിപ്പിക്കാൻ കൂട്ടാക്കിയില്ലെങ്കിൽ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴമെത്രയെന്ന് വ്യക്തം. എന്നിട്ടും ധൂർത്തിനും പാഴ്‌ചെലവുകൾക്കും എന്തുകൊണ്ട് കുറവുവരുത്താൻ ഒരുങ്ങുന്നില്ലെന്ന ചോദ്യത്തിനും മറുപടി വേണം.
അഞ്ചു മാസത്തിലേറെയായി കുടിശ്ശികയുള്ള ക്ഷേമ പെൻഷൻ തടസമില്ലാതെ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് മാത്രമാണ് ബജറ്റ് പ്രഖ്യാപനം. ക്ഷേമപെൻഷൻ മുടങ്ങാതെ നൽകാനായിരുന്നു കഴിഞ്ഞ വർഷം മുതൽ ഇന്ധനവിലയിൽ സെസ് ഏർപ്പെടുത്തിയത്. അത് പിൻവലിക്കാതെ ഇനിയും കൃത്യമായി കൊടുക്കുമെന്ന പ്രഖ്യാപനം രാഷ്ട്രീയ പ്രസംഗം മാത്രമല്ലേ? റബർ താങ്ങുവില 250 രൂപയാക്കുമെന്നായിരുന്നു വാഗ്ദാനം. ഇപ്പോൾ വർധിപ്പിച്ചതാകട്ടെ 10 രൂപയും. താങ്ങുവില 180 ലാണിപ്പോഴുള്ളത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മാർക്കറ്റിൽ 70-80 രൂപ വിലയുള്ളപ്പോഴാണ് താങ്ങുവില 180 രൂപ പ്രഖ്യാപിച്ചത്.
ഇപ്പോൾ 300 രൂപയെങ്കിലും താങ്ങുവില വേണമെന്ന് കർഷകർ ആവശ്യപ്പെടുമ്പോഴാണ് 180 ലെത്തിച്ചത്. വിറ്റ നെല്ലിന്റെ പണം കിട്ടാതെ ആത്മഹത്യയിൽ വരെ നെൽകർഷകർ അഭയം തേടുമ്പോഴും ആശ്വാസ നടപടികളില്ല എന്നത് ഖേദകരമാണ്.
ട്രഷറി മുഴുവൻ സമയവും പ്രവർത്തന സജ്ജമാണെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. ധൂർത്ത് ആരോപണം മാത്രമെന്നും മന്ത്രിമാരുടെ എണ്ണം, ചെലവ് വിവാദങ്ങളിൽ കഴമ്പില്ലെന്നുമുള്ള വാദങ്ങളെ ഒരു ബജറ്റ് പ്രസംഗത്തിന്റെ ഗൗരവത്തിലല്ല കേരളം കേട്ടത്. കഴിഞ്ഞ വർഷം 24,585 കോടിയാണ് റവന്യൂ കമ്മി. ഇത് അപകടകരമായ സ്ഥിതിയാണ്. 27,846 കോടിയാണ് അടുത്ത വർഷത്തെ കമ്മി. ഗുരുതര ധനസ്ഥിതി അടുത്തവർഷവും തുടരുമെന്ന് വ്യക്തം. ഈ വർഷത്തെ റവന്യൂ വരവ് 1,26,837 കോടി. അടുത്ത വർഷം പ്രതീക്ഷിക്കുന്നത് 1,38,650 കോടി.
കേരളം ഗുരുതര ധനസ്ഥിതിയിലേക്ക് കൂപ്പു കുത്തുമെന്ന സാമ്പത്തിക സൂചകങ്ങളാണ് ബജറ്റിൽ ഉടനീളമുള്ളത്.പെൻഷന് പുറമെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിലെല്ലാം ബജറ്റ് മൗനം തുടരുകയാണ്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനത്തിനോടു ചേർന്നുനിൽക്കുന്നുവെന്ന് വൈകിയെങ്കിലും തോന്നിപ്പിക്കാനുള്ള നീക്കം ബജറ്റിലുണ്ട്. എന്നാൽ പഴയ പെൻഷൻ രീതിയിലേക്ക് തിരിച്ചുപോകില്ലെന്ന് വ്യക്തമാക്കുമ്പോഴും പുതിയ പദ്ധതി എന്തെന്ന് മിണ്ടുന്നുമില്ല.
നിരവധി ഭാവനാപൂർണമായ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാൽ പലതും നടപ്പാക്കുന്ന സാധ്യത കുറവായിരിക്കുമെന്നാണ് വിമർശനം.
കേരളത്തിന്റെ ജനസംഖ്യാ ഘടനയുടെ മാറ്റം, പ്രവാസി വിഭാഗത്തിന്റെ പങ്ക്, യുവജനതയുടെ അഭിലാഷങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ടും പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇവയൊക്കെ എങ്ങനെ നടപ്പാക്കുമെന്ന് വിശദീകരിക്കാതെ തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ടുള്ള പ്രഖ്യാപനമായി മാറുമോയെന്ന ആശങ്ക അസ്ഥാനത്തല്ല.
പ്രതിസന്ധികളെ അവസരമായി ഉപയോഗിക്കുക എന്നതായിരുന്നു മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ സിദ്ധാന്തം. ഖജനാവിൽ നിന്നുള്ള ചെലവഴിക്കൽ വർധിപ്പിച്ചുള്ള ബജറ്റായിരുന്നു ഐസക്ക് അവതരിപ്പിച്ചിരിക്കുന്നത്. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യകാലം മുതൽ വിവിധ ഘട്ടങ്ങളിൽ അദ്ദേഹം പ്രഖ്യാപിച്ച പാക്കേജുകളൊക്കെ ഖജനാവിൽ നിന്നുള്ള പണമൊഴുക്ക് ഉറപ്പാക്കുംവിധത്തിലായിരുന്നു. എന്നാൽ പുതിയ കാലത്ത്, സർക്കാർ ഖജനാവിനെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാകില്ലെന്ന് സി.പി.എമ്മും സർക്കാരും വ്യക്തമാക്കുകയാണ് ബാലഗോപാലിന്റെ ബജറ്റിലൂടെ.
അതുകൊണ്ടാണ് വിദ്യാഭ്യാസ- വ്യവസായ-ടൂറിസം മേഖലകളിലൊക്കെ കൂടുതൽ സ്വകാര്യ നിക്ഷേപമെന്ന നയത്തിലേക്ക് മാറുന്നത്. കൊച്ചിയിലെ സ്മാർട്ട് സിറ്റിയിലും മെട്രോയിലും പൊതു-സ്വകാര്യ പങ്കാളിത്തം പോലും പറ്റില്ലെന്ന് നിലപാടെടുത്ത സി.പി.എമ്മും ഇടതുപക്ഷവും ഈ വിധത്തിലേക്ക് മാറുമ്പോൾ, പുതിയ സാഹചര്യങ്ങളിൽ മറ്റു മാർഗമില്ലെന്ന യാഥാർഥ്യമാണ് അടിവരയിടുന്നത്.
കേന്ദ്രത്തിനെതിരേ സമരം ചെയ്യാൻ ഒപ്പം ചെല്ലാത്ത പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയും കേന്ദ്രത്തെ വെല്ലുവിളിച്ചുമുള്ള ബജറ്റിൽ അണിയറയിലൊരുങ്ങുന്ന പ്ലാൻ ബിയെക്കുറിച്ചുള്ള മേനിപറച്ചിലുണ്ടെങ്കിലും പ്രായോഗികമായ 'പ്ലാൻ എ' എവിടെയെന്ന ചോദ്യം ബാക്കിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."