അദൃശ്യമാവുന്ന ഗസ്സയിലെ ചോര
ഡോ. സനന്ദ് സദാനന്ദൻ
ഗസ്സയിലെ ഇസ്റാഇൗൽ ആക്രമണം അഞ്ചാം മാസത്തിലേക്ക് കടന്നിരിക്കുന്നു. ഈജിപ്ഷ്യൻ അതിർത്തിയായ റാഫയിൽ തമ്പടിച്ചിരിക്കുന്ന അഭയാർഥികളെക്കൂടി അക്രമിക്കാൻ ഇസ്റാഇൗൽ തയാറെടുക്കുകയാണ്. സമാധാന ശ്രമങ്ങൾ വാർത്തകളിൽ ഒതുങ്ങുന്നു. ഫലസ്തീനികളുടെ ദൈന്യത ഇന്ന് ലോകത്തിന് വലിയ വിഷയമല്ലാതായി മാറി. മാധ്യമപ്രവർത്തകർ നിരന്തരം കൊല്ലപ്പെടുന്നു. പുറത്തുവരുന്ന വാർത്തകളുടെ കാര്യത്തിലും കാര്യമായ കുറവ് സംഭവിച്ചിരിക്കുന്നു. നാല് മാസങ്ങൾക്കിപ്പുറം ഗസ്സയിലെ ജനങ്ങൾ അവഗണിക്കപ്പെട്ട, അസ്പൃശ്യത കൽപിക്കപ്പെട്ട, അദൃശ്യരായ ഒരു ജനസമൂഹമായി ഇന്ന് പരിണമിച്ചിരിക്കുന്നു.
ഒരു കാലത്ത് ഫലസ്തീനൊപ്പമായിരുന്നു ലോകം. ജൂതന്മാരെ ഹിറ്റ്‌ലറുടെ ക്രൂരതകളുടെ ഇരകളെന്ന് അംഗീകരിക്കുമ്പോൾ തന്നെ ഐക്യരാഷ്ട്രസംഘടനയും മറ്റു ലോകരാഷ്ട്രങ്ങളും ഫലസ്തീൻ രാഷ്ട്രം എന്ന ആശയത്തെ പിന്തുണച്ചിരുന്നു. എഡ്വേർഡ് സെയ്ദിന്റെ പ്രശസ്ത പുസ്തകത്തിന്റെ തലക്കെട്ട് ഇരകളുടെ ഇരകൾ എന്നാണ്. എന്നാൽ ഇന്ന് വർഷങ്ങൾ മാറി, കഥമാറി. ഫലസ്തീൻ രാഷ്ട്രം എന്നതിന്റെ ആവശ്യകതയെപ്പറ്റി ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങൾ ചിലപ്പോൾ മാത്രം അടക്കം പറയുന്നു എന്ന അവസ്ഥയിലെത്തി.
എന്നാൽ മറുഭാഗത്ത് ഒരു രാഷ്ട്രമായി നിലനിൽക്കാനുള്ള ഇസ്റാഇൗലിന്റെ അവകാശത്തെപ്പറ്റി, സ്വയം പ്രതിരോധിക്കാനുള്ള ന്യായത്തെപ്പറ്റിയൊക്കെ ലോക രാഷ്ട്രങ്ങൾ വാദിക്കുന്നു. ഗാന്ധിയും നെഹ്‌റുവും ഫിദൽ കാസ്‌ട്രോയും നെൽസൻ മണ്ടേലയും നിലകൊണ്ട ഫലസ്തീൻ നിലപാടുകൾ ഇന്നത്തെ ഭരണാധികാരികൾക്ക് അപ്രിയങ്ങളാണ്. ഇസ്റാഇൗലിനെതിരേ രൂപീകരണ സമയത്തും പിന്നീട് 1967, 1973 വർഷങ്ങളിലും യുദ്ധം നയിച്ച അറബ് രാഷ്ട്രങ്ങൾ ഇന്ന് മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങളാൽ സ്വയം ബന്ധിതരായിരിക്കുന്നു.
ഇപ്പോഴത്തെ സംഘർഷങ്ങളുടെ പ്രത്യേകത ഇറാനാണ് ഫലസ്തീനൊപ്പം ഉറച്ചുനിൽക്കുന്നത് എന്നതാണ്.നീതി നിഷേധിക്കപ്പെട്ടവന്റെ അവസാനത്തെ അത്താണിയാണ് കോടതികൾ. ഐക്യരാഷ്ട്രസഭക്കു കീഴിലുള്ള ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽനിന്ന് ഫലസ്തീന് അനുകൂലമായ വിധി വന്നത് ദിവസങ്ങൾക്ക് മുമ്പാണ്. കോടതിയിൽ ഇസ്റാഇൗലിനെതിരേ ദക്ഷിണാഫ്രിക്ക ഉയർത്തിയ വംശഹത്യാ ആരോപണങ്ങൾ കോടതി അംഗീകരിക്കുന്നു.
‘വംശഹത്യയിൽനിന്ന് രക്ഷനേടാൻ ഫലസ്തീൻകാർക്ക് അവകാശമുണ്ട്. ഗസ്സയിലെ ഇസ്റാഇൗലിന്റെ വിനാശകരമായ സൈനിക നടപടികൾ ഒട്ടേറെപ്പേരുടെ ജീവനെടുത്തു. വീടുകൾ തകർത്തു. നിർബന്ധിത കുടിയൊഴിപ്പിക്കലുണ്ടായി. ഗസ്സ മരണത്തിന്റെയും നിരാശയുടെയും ഇടമായി മാറി’_ഇങ്ങനെ പറഞ്ഞത് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അധ്യക്ഷൻ ജുവാൻ ഡൊനോഗാണ്. കേസിൽ അന്തിമവിധി വരാൻ വർഷങ്ങളെടുക്കുമെന്നതും ഇസ്റാഇൗൽ ഇതിനെ തള്ളിക്കളഞ്ഞു എന്നതും ഇന്നിന്റെ രാഷ്ട്രീയ യാഥാർഥ്യമായി നിലനിൽക്കുന്നു.
ഇനി എവിടെ നിന്നാണ് ഫലസ്തീനികൾക്ക് നീതി ലഭിക്കുക. സംഘർഷങ്ങൾ നാല് മാസങ്ങൾ പിന്നിടുമ്പോൾ ഗസ്സൻ നിവാസികളുടെ സ്ഥിതി അതിദയനീയമാണ്. ഭക്ഷണവും വെള്ളവും മരുന്നും നിഷേധിക്കപ്പെട്ട് അവർ ജീവനുവേണ്ടി നാൽപ്പത്തി ഒന്ന് കിലോമീറ്ററിനകത്ത് ഓടിക്കൊണ്ടിരിക്കുന്നു. അവരുടെ ദൈന്യം ഇന്ന് ലോകത്തിന് ഒരു വിഷയമേ അല്ലാതായിരിക്കുന്നു. മഴയും തണുപ്പും മാറി വരുന്നതും കൊല്ലപ്പെടുന്ന കുട്ടികളുടെയും സ്ത്രീകളുടെയും എണ്ണവും ഇന്നത്തെ പ്രാധാന്യമുള്ള വാർത്തകളിൽ പോലും ഇടം പിടിക്കാതിരിക്കുന്നു. ആകാശം നഷ്ടപ്പെട്ട പറവകളെപ്പോലെ ഫലസ്തീൻ ജനത ലോകത്തിനു മുമ്പിൽ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ഇന്നിന്റെ പ്രശ്‌നം ചോദ്യങ്ങൾ ഉന്നയിക്കാൻ ആരും ഇല്ല എന്നതാണ്.
അസ്പൃശ്യ ജനത
ഇസ്റാഇൗൽ രാഷ്ട്ര രൂപീകരണത്താൽ ആട്ടിയോടിക്കപ്പെട്ട ഫലസ്തീൻ ജനതക്കുവേണ്ടി 1949 ഒക്ടോബറിൽ ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ രൂപീകരിച്ചതാണ് UNRWA(യു.എൻ റിലീഫ് ആന്റ് വർക്സ് ഏജൻസി ഫോർ ഫലസ്തീൻ റെഫ്യൂജീസ്). ഗസ്സ, വെസ്റ്റ്ബാങ്ക്, കിഴക്കൻ ജറൂസലം, സിറിയ, ലബനാൻ, ജോർദാൻ തുടങ്ങിയ വിവിധ പ്രദേശങ്ങളിലായി ചിതറപ്പെട്ട ഫലസ്തീനിയൻ ജനതയുടെ ക്ഷേമത്തിന് ഈ സംഘടന പ്രവർത്തിച്ചുവരുന്നു.
പതിമൂവായിരത്തോളം പേർ ഇതിൽ പ്രവർത്തിക്കുന്നുണ്ടെന്ന് മനസിലാക്കിയാൽ ഇതിന്റെ വ്യാപ്തി വ്യക്തമാകും. നിരവധി വിദ്യാലയങ്ങൾ, ആശുപത്രികൾ എന്നിവ ഫലസ്തീനിയൻ അഭയാർഥികൾക്കുവേണ്ടി നടത്തിവരുന്നു. എന്നാൽ ഒക്ടോബർ 7 ൽ ഹമാസ് നടത്തിയ ആക്രമണത്തിൽ UNRWAയുടെ ചില ജോലിക്കാർ സഹായം നൽകി എന്നാണ് ഇസ്റാഇൗൽ ആരോപണം. എന്നാൽ ഇതിന് ഒരു തെളിവും ഇസ്റാഇൗലി ഭരണകൂടം പുറത്തുവിട്ടിട്ടില്ല എന്നാണ് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പോലുള്ള ആഗോള മനുഷ്യാവകാശ സംഘടനകൾ വെളിവാക്കുന്നത്. പൂർണമായും മറ്റു രാജ്യങ്ങളുടെ സാമ്പത്തിക സഹായത്താലാണ് ഇത് പ്രവർത്തിച്ചു വന്നിരുന്നത്.
മുഖ്യമായും അമേരിക്ക, ജർമ്മനി, യൂറോപ്യൻ യൂനിയൻ, സ്വീഡൻ, സ്വിറ്റ്‌സർലാന്റ്, ജപ്പാൻ. ഇവരിൽ അമേരിക്കയും ജർമ്മനിയും സ്വിറ്റ്‌സർലാന്റും തങ്ങളുടെ സാമ്പത്തിക സഹായം നിർത്തലാക്കി. യൂറോപ്യൻ യൂനിയൻ അടക്കമുള്ളവർ സഹായങ്ങൾ പുനഃപരിശോധിക്കുമെന്നോ വെട്ടിക്കുറക്കുമെന്നോ പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ ഫെബ്രുവരി അവസാനത്തോടെ UNRWA യുടെ പ്രവർത്തനങ്ങൾ പൂർണമായും അവസാനിക്കാൻ പോവുകയാണ്. ഇത് ഫലസ്തീൻ ജനതയെ സംബന്ധിച്ച് വലിയ ആഘാതമാണ് സൃഷ്ടിക്കാൻ പോകുന്നത്.
ഗസ്സയിൽ തന്നെ അഞ്ച് ലക്ഷത്തിലധികം കുട്ടികളെ പഠിപ്പിക്കുന്നത് ഈ സംവിധാനമാണ്. 2023 ഡിസംബറിലെ ഇന്റർ നാഷണൽ ലേബർ ഓർഗനൈസേഷന്റെ അനുമാനപ്രകാരം ഗസ്സയിലെ 66 ശതമാനം തൊഴിലിനുള്ള സാഹചര്യങ്ങളും നിലവിൽ തകർക്കപ്പെട്ടിരിക്കുന്നു. അവശേഷിക്കുന്ന തൊഴിലിടങ്ങൾ നിലനിൽക്കുന്നത് ഈ സംവിധനാനത്തിനു കീഴിലാണ്. ഇന്ന് ആശുപത്രികളും വിദ്യാലയങ്ങളും എല്ലാം അഭയാർഥികേന്ദ്രങ്ങളായി മാറിയിരിക്കുന്നു.
അതിന്റെ മുകളിലാണ് ഇസ്റാഇൗലിന്റെ നേതൃത്വത്തിൽ ശവപ്പെട്ടിയിലെ അവസാന ആണിയും അടിക്കുന്നത്. UNRWAയുടെ മേധാവി ഫിലിപ്പിലസാറിനി ഇതിനെ വിലയിരുത്തുന്നത് ഇസ്റാഇൗലി സഖ്യരാഷ്ട്രങ്ങളുടെ കളക്ടീവ് പണിഷ്‌മെന്റിന്റെ ഭാഗമാണ് ഈ ഫണ്ടിങ് നിരോധനം എന്നാണ്. ഒരു കാലത്ത് ഐക്യരാഷ്ട്ര സംഘടനയിലെ രാഷ്ട്രങ്ങൾ ഫലസ്തീൻ ജനതയുടെ നിസ്സഹായത കണ്ടതിന്റെ ഫലമായി രൂപീകരിച്ച സംവിധാനം ഇന്ന് ഇല്ലാതാക്കപ്പെടുമ്പോൾ ആ ജനത തൊട്ടുകൂടാത്തവരിൽ നിന്ന് ദൃഷ്ടിയിൽ പോലും ദോഷമുള്ളവരായി തരം താഴ്ത്തപ്പെട്ടിരിക്കുന്നു.
സസ്പെൻ്റ് ചെയ്യപ്പെടുന്ന
ഫലസ്തീൻ പിന്തുണ
ഒക്ടോബർ തുടങ്ങിയ മേഖലയിലെ ചോരദിനങ്ങൾ ഇന്ന് കലണ്ടറിയെ അക്ഷരങ്ങൾ മാത്രമായി മാറിയിരിക്കുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 107 ആണ്. എത്ര വാർത്താ മാധ്യമങ്ങൾക്ക് ഇന്ന് അത് പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മൊത്തം കൊല്ലപ്പെട്ടവരുടെ എണ്ണം ഫലസ്തീനിയൻ ആരോഗ്യവിഭാഗത്തിന്റെ കണക്കനുസരിച്ച് 27000ൽ അധികം വരും.
ആദ്യദിനങ്ങളിലെ എക്‌സിക്ലൂസീവ് റിപ്പോർട്ടിങ്ങിനപ്പുറം ഇന്ന് മുഖ്യധാരാ വാർത്താ മാധ്യമങ്ങൾക്ക് ഇതൊരു വാർത്തയേ അല്ലാതായിരിക്കുന്നു. എന്നാൽ സാമൂഹിക മാധ്യമങ്ങളുടെ മേഖലയിലാണ് വലിയ അട്ടിമറികൾ നടന്നിട്ടുള്ളത്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയെ നിയന്ത്രിക്കുന്ന മെറ്റ കമ്പനി തന്നെ ഈ വിഷയത്തെ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്താൻ ശ്രമിക്കുന്നുണ്ട് എന്നാണ് 2023 ഡിസംബറിൽ പുറത്തുവിട്ട ഹ്യൂമൺ റൈറ്റ്‌സ് വാച്ച് റിപ്പോർട്ട് പറയുന്നത്.
ഫലസ്തീൻ അനുകൂല അക്കൗണ്ടുകൾ പൂട്ടിക്കുന്നു എന്നതു മാത്രമല്ല ഫീഡിൽ നിന്ന് ഇസ്റാഇൗൽ വിരുദ്ധ വാർത്തകൾ പൂർണമായും എടുത്തുമാറ്റപ്പെടുന്നു. കേരളത്തിൽ ഇരുന്നുകൊണ്ട് സമൂഹമാധ്യമങ്ങളിൽ ഇത്തരം വാർത്തകൾ അഭ്യസിക്കുന്നവർക്കുപോലും ഇത് കൃത്യമായി മനസ്സിലാക്കാവുന്ന ഒന്നാണ്. ഹ്യൂമൺ റൈറ്റ്‌സ് വാച്ചിന്റെ നിരീക്ഷണത്തിൽ വ്യത്യസ്ത പാറ്റേണുകൾ ഉപയോഗിച്ചാണ് ഈ കമ്പനികൾ ഈ അജൻഡകൾ നടപ്പാക്കുന്നത്. പോസ്റ്റുകൾ, സ്‌റ്റോറികൾ, കമന്റുകൾ എന്നിവ നീക്കം ചെയ്യുക, അക്കൗണ്ടുകൾ സസ്‌പെന്റ് ചെയ്യുക അല്ലെങ്കിൽ പ്രവർത്തനരഹിതമാക്കുക,
ലൈക്ക്, ഷെയർ, ടാഗ് ചെയ്യൽ, ഫോളോ ചെയ്യുക തുടങ്ങിയവയുടെ നിയന്ത്രണം, ഇതിനെല്ലാമുപരി ദൃശ്യപരതയിലുള്ള ഗണ്യമായ കുറവ് എന്ന ഷാഡോ നിയന്ത്രണം. പല മലയാളികളും തന്റെ പോസ്റ്റിന് പഴയപോലെ ലൈക്ക് കിട്ടുന്നില്ല എന്ന് പരാതി പറയുന്നത് ഈ ഷാഡോ നിയന്ത്രണത്തിന്റെ ആഗോളപരതയെ വ്യക്തമാക്കുന്നതാണ്. സത്യാനന്തര കാലത്ത് പൊയ് ഏത് നിജം ഏത് എന്ന് നിർണയിക്കുന്നതിൽ മൂലധന ശക്തികൾക്കുള്ള സ്ഥാനം ഇവിടെ ഇസ്റാഇൗലി ചോരക്കളികൾക്ക് കുടപിടിക്കുന്നു.
ഗസ്സയുടെ ചോരനിലവിളികൾ ഒരു മരീചികയെന്നപോലെ മെഡിറ്ററേനിയൻ തീരത്ത് അടിഞ്ഞ് അവസാനിക്കുന്നു.
(കൊടുങ്ങല്ലൂർ എം.ഇ.എസ്. അസ്മാബി കോളജിൽ പൊളിറ്റിക്കൽ സയൻസ്
വിഭാഗം മേധാവിയാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."