അവസാനം അവര്‍ പൊന്നാനിയിലുമെത്തി
അഡ്വ. അനൂപ് വി.ആർ
ഒരുദിവസം പൊടുന്നനെ, ഒരു പള്ളി അമ്പലമായി മാറുന്ന വാര്‍ത്ത ഇപ്പോള്‍ നമ്മെ സംബന്ധിച്ച് പുതിയതൊന്നുമല്ല. അക്കൂട്ടത്തില്‍, ഏറ്റവും അവസാനം കേട്ടത്, ഉത്തര്‍പ്രദേശിലെ ബദറുദ്ദീന്‍ ഷാ ദര്‍ഗയുമായി ബന്ധപ്പെട്ട വാര്‍ത്തയാണ്. ജില്ലാ കോടതി ഹിന്ദു ആരാധന അനുവദിച്ച് ഉത്തരവിട്ട ആ മുസ്‌ലിം പള്ളിയെക്കുറിച്ച് ഉന്നയിക്കപ്പെട്ട അതിവിചിത്ര ആരോപണം, അത് പണ്ട് പാണ്ഡവര്‍ താമസിച്ചിരുന്ന ‘അരക്കില്ലം’ ആയിരുന്നു എന്നാണ്. ‘അരക്കില്ലം’ എന്നത് എന്തിനേക്കാളും എളുപ്പത്തില്‍ ഇന്നത്തെ ഇന്ത്യയിലെ മുസ്‌ലിം നിലനില്‍പ്പിനെ സൂചിപ്പിക്കാവുന്ന രൂപകം തന്നെയാണ്. അരക്കില്ലത്തിന്റെ പ്രത്യേകത, അതിന്റെ അകത്തു താമസിക്കുന്നവരെ എളുപ്പത്തില്‍ കത്തിച്ചു കൊല്ലാവുന്ന നിര്‍മിതിയാണ്.
വംശീയമായ വെറുപ്പിന്റെ, നുണക്കഥകളുടെ തീ പടര്‍ത്തുന്നവരുടെ ഉദ്ദേശ്യം മുസ്‌ലിംകളുടെ വംശീയോന്‍മൂലനം തന്നെയാണ്. ഓരോ ദിവസവും സമാന സ്വഭാവത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍, മുസ്‌ലിം ജനവിഭാഗങ്ങള്‍ക്ക് ഈ രാജ്യംതന്നെ ഏതു നിമിഷവും വെന്തുരുകാവുന്ന അരക്കില്ലമായി തുടങ്ങിയിട്ട് കാലം കുറേയായി. അപ്പോള്‍പോലും, ഇതെല്ലാം ഉത്തരേന്ത്യയില്‍ മാത്രം സംഭവിച്ച, സംഭവിക്കാവുന്ന കാര്യങ്ങള്‍ മാത്രമാണെന്നായിരുന്നു മതേതര മലയാളിയുടെ വിശ്വാസവും അവര്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നതും. എന്തൊക്കെ സംഭവിച്ചാലും, എല്ലാ കാലത്തേക്കും ഒരു സുരക്ഷിത സ്ഥാനമായിരിക്കും കേരളം എന്ന വിശ്വാസം എല്ലാവരും ഒരുപോലെ പങ്കിട്ടിരുന്നു. അതിന് അപവാദമായ സംഭവങ്ങള്‍ ഉണ്ടായപ്പോഴും അതെല്ലാം കേവലം അപഭ്രംശങ്ങള്‍ മാത്രമാണെന്നു കരുതി സ്വയം പ്രതിരോധിക്കുകയും ചെയ്തിരുന്നു. അങ്ങനെവരെ നമ്മള്‍ നിര്‍മിക്കുകയും നിലനിര്‍ത്തിപ്പോരുകയും ചെയ്ത ബോധത്തിന്റെ മുഖത്തേറ്റ പ്രഹരമാണ് ഇപ്പോള്‍ പൊന്നാനിയില്‍നിന്ന് വരുന്ന വാര്‍ത്ത.
കേരളീയ മുസ്‌ലിംകളുടെ വിശ്വാസ ജീവിതത്തില്‍ മാത്രമല്ല, കേരള ചരിത്രത്തില്‍തന്നെ സുപ്രധാന സ്ഥാനമാണ് പൊന്നാനിക്കുള്ളത്. പ്രാചീന കേരളത്തിലെ പ്രമുഖ തുറമുഖമെന്ന നിലയില്‍ എല്ലാ പുതിയ സംസ്‌കാരങ്ങളെയും സ്വാഗതം ചെയ്ത വാതായനം എന്ന രീതിയിലാണ് പൊന്നാനി വര്‍ത്തിച്ചുപോന്നത്. അന്നുമുതല്‍തന്നെ, പൊന്നാനി സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും സംഗമസ്ഥാനമായിരുന്നു. ഇസ്‌ലാം ഇവിടെവന്ന കാലംമുതല്‍ പൊന്നാനി, മുസ്‌ലിംകളുടെ മതവിദ്യാഭ്യാസത്തിന്റെ കേന്ദ്രമായി മാറി. അങ്ങനെയാണ് അതിനു ചെറിയ മക്ക എന്ന പേരുവന്നത്. വലിയ ജമാഅത്ത് പള്ളിയിലെ സൈനുദ്ദീന്‍ മഖ്ദൂം മുതല്‍ എല്ലാ മഖ്ദൂമുമാരും ആ പാരമ്പര്യത്തെ പുഷ്‌കലമാക്കി. മതപരമായ ആ പാരമ്പര്യത്തിന്റെ മറ്റൊരു നൈരന്തര്യമാണ് പൊന്നാനിയില്‍ സ്ഥാപിതമായ മഊനത്തുല്‍ ഇസ്‌ലാം സഭ. ഇതിന്റെയെല്ലാം കൂട്ടത്തില്‍ എടുത്തുപറയേണ്ടതാണ് പൊന്നാനിയിലെ മുസ്‌ലിം വിശ്വാസ പാരമ്പര്യങ്ങളോട്, ഇതര വിശ്വാസധാരയില്‍ പുലര്‍ത്തിയ സാഹോദര്യം. പൊന്നാനി കളരിയിലെ ഇടശ്ശേരിയെപ്പോലെ ഒരു കവി എഴുതിയ ‘ഇസ്‌ലാമിന്റെ വന്‍മല’ തന്നെ അതിന്റെ ഏറ്റവും വലിയ സാക്ഷ്യപത്രം. ‘കാഫിറേ എന്ന് എന്നെ വിളിച്ചുകൊള്ളൂ, കാത് കുത്താതെ നടന്നുകൊള്ളൂ’ എന്ന ഉള്ളംതൊടുന്ന വരികള്‍, മുസ്‌ലിം അപരവല്‍ക്കരണത്തിന്റെ ഈ കാലത്തിലേക്കുംകൂടി എഴുതപ്പെട്ടതാണ്. ആഴത്തിലേക്ക് വേരുകളും ആകാശത്തേക്ക് ശാഖകളുമുള്ള മഹിതമായ ഒരു പാരമ്പര്യത്തെ അടിമുടി മറിച്ചിടാന്‍ തന്നെയാണ്, ഇപ്പോള്‍ വെറുപ്പിന്റെ പ്രചാരകന്‍മാര്‍ രംഗത്തുവന്നിരിക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ടതില്ല.
ഇപ്പോഴത്തെ വിവാദം ഉയര്‍ത്തിക്കൊണ്ടുവരുന്നവരുടെ ലക്ഷ്യം, പൊന്നാനിയിലെ മഊനത്തുല്‍ ഇസ്‌ലാം സഭയാണ്. സംഘ്പരിവാര്‍ കേന്ദ്രങ്ങളെ സംബന്ധിച്ച് ഇതുപോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലക്ഷ്യംവയ്ക്കുന്നത് സ്വാഭാവികവുമാണ്. അതിനുവേണ്ടി അവര്‍ തിരഞ്ഞെടുത്തിരിക്കുന്നതാകട്ടെ, സഭയുടെ സ്വന്തംസ്ഥലത്ത് പുതിയ അറബിക് കോളജിന്റെ നിര്‍മാണ പ്രവർത്തനങ്ങള്‍ നടക്കുന്ന സമയവും. അതിനുമുമ്പ് അതേസ്ഥലത്ത്, ഇതേ സ്ഥാപനത്തിന്റെ തന്നെ സ്‌കൂളാണ് പ്രവത്തിച്ചുവന്നിരുന്നത്. ആ സ്‌കൂള്‍ ഇപ്പോള്‍ പ്രവർത്തിക്കാത്ത സാഹചര്യത്തിലാണ്, അറബിക് കോളജിന്റെ നിര്‍മാണ പ്രവർത്തനങ്ങള്‍ തുടങ്ങുന്നതും അതുവരെ പ്രദേശത്തെ ഹിന്ദുവിശ്വാസികള്‍ ഉള്‍പ്പെടെ ആര്‍ക്കും കേട്ടുകേള്‍വിയില്ലാത്ത കഥകളുമായി ചിലര്‍ രംഗത്തുവന്നിരിക്കുന്നതും. ഇപ്പോള്‍ നിര്‍മാണ പ്രവർത്തനങ്ങള്‍ നടക്കുന്ന സ്ഥലം പണ്ടുകാലത്ത് തളി മഹാദേവ ക്ഷേത്രം ആയിരുന്നുവെന്നാണ് ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ വാദം. എന്നാല്‍ നിരവധി പ്രഗത്ഭ ക്ഷേത്രങ്ങള്‍ നിലനില്‍ക്കുകയും മികച്ചരീതിയില്‍ പരിപാലിക്കപ്പെടുകയും ചെയ്യുന്ന പൊന്നാനി പരിസരത്തില്‍ ഈയൊരു ക്ഷേത്രത്തെക്കുറിച്ച് എല്ലാവരും കേള്‍ക്കുന്നത് ഇപ്പോള്‍ മാത്രമാണ്. സംഘ്പരിവാര്‍ പ്രൊഫൈലുകള്‍ തന്നെ മുന്‍കാലങ്ങളില്‍ പാലയൂരിലെ ക്രിസ്ത്യന്‍ പള്ളി നിന്ന സ്ഥലത്തും ഉണ്ടായിരുന്നത്, തളി മഹാദേവ ക്ഷേത്രമാണെന്ന അസംബന്ധ പ്രചാരണം ഉയര്‍ത്തിയിട്ടുണ്ട്. നട്ടാല്‍ മുളക്കാത്ത നുണകള്‍ നാട്ടില്‍ നട്ടുപിടിപ്പിച്ച് വെറുപ്പിന്റെ വെള്ളവും വളവും വിതറുന്ന പണിയാണല്ലോ എക്കാലവും ഇക്കൂട്ടര്‍ നിര്‍വഹിച്ചു പോന്നത്.
സംഘ്പരിവാറിനെ സംബന്ധിച്ച് ഇതൊന്നും പുതിയ കാര്യങ്ങളല്ലെന്നിരിക്കെ, ഇപ്പോഴത്തെ സാഹചര്യത്തെ കൂടുതല്‍ ഗൗരവതരമാക്കുന്നത്, സംഘ്പരിവാര്‍ താല്‍പര്യങ്ങള്‍ക്കു ഭരണതലത്തില്‍ ലഭിക്കുന്ന സ്വീകാര്യത തന്നെയാണ്. അവിടെ അമ്പലമായിരുന്നു എന്ന അവകാശവാദവുമായി ചിലര്‍ ഹൈക്കോടതിയെ സമീപിക്കുമ്പോഴേക്കുമാണ്, ആ സ്ഥലത്തെ നിര്‍മാണ പ്രവർത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുണ്ടാകുന്നത്. ഇത് ഒരേസമയം അബദ്ധ അവകാശങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് കരുത്തു പകരുന്നതും പൊതുബോധം അവര്‍ക്കു അനുകൂലമാക്കിത്തീര്‍ക്കുന്നതുമാണ്. മുളയിലേ നുള്ളേണ്ടതിനെ ഇത്തരത്തില്‍ സങ്കീര്‍ണമാക്കിയതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഒരിക്കലും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഇതുപോലൊരു ഗുരുതര സാഹചര്യത്തോട് അത് അര്‍ഹിക്കുന്ന ഗൗരവത്തില്‍ പ്രതികരിക്കാതിരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നിലപാട് പ്രതിഷേധാര്‍ഹം തന്നെയാണ്. നിസംഗത തുടര്‍ന്നാല്‍ ഒരുവട്ടംകൂടി നമ്മള്‍ പരാജയപ്പെട്ട ജനതയായിത്തീരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."