നമ്മുടെ കുട്ടികൾക്ക് അഭയം എവിടെ?
ആശങ്കപ്പെടുത്തുന്ന ഓർമകൾക്കുമേൽ ശുഭവാർത്ത തേടി, കേരളം ഒരിക്കൽകൂടി ഒരു പിഞ്ചുബാല്യത്തെ തേടുകയായിരുന്നു തിങ്കളാഴ്ച ദിനത്തിലെ പകൽ മുഴുവൻ. മാതാപിതാക്കൾക്കും കൂടെപ്പിറപ്പുകൾക്കുമൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ കാണാനില്ലെന്ന വാർത്ത കേട്ടതുമുതൽ തുടങ്ങിയ ആധിക്കൊടുവിൽ 19ാം മണിക്കൂറിൽ അതിഥിബാലികയെ ഉറങ്ങിക്കിടന്നതിന് 500 മീറ്റർ അകലെയുള്ള ഓടയ്ക്കുള്ളിൽ കണ്ടെത്തിയപ്പോൾ നാടിനുണ്ടായ ആശ്വാസം വാക്കുകളിൽ ഒതുങ്ങുന്നതല്ല.
അത്രമേൽ ആഹ്ലാദകരമായിരുന്നു ആ ശുഭവാർത്ത. ബിഹാർ സ്വദേശികളായ ദമ്പതികളുടെ കുട്ടി ഇപ്പോൾ സുരക്ഷിതയാണ്, പൂർണ ആരോഗ്യത്തിലേക്ക് തിരിച്ചുവന്നു. പക്ഷേ, ഇനിയും ഈ ബാല്യത്തിന്റെ അന്തിയുറക്കം ഉറ്റവർക്കൊപ്പം തെരുവിൽ തന്നെയാണ്. വഴിയോരത്തും പൊതു ഇടങ്ങളിലും അടച്ചുറപ്പില്ലാത്ത വീടുകളിലും അന്തിയുറങ്ങുന്ന നാടോടിബാല്യങ്ങളുടെ സുരക്ഷയ്ക്ക് ഒരുറപ്പും നൽകാൻ നമുക്കാവുന്നില്ലെന്ന് ഒാർത്ത് തലകുനിക്കേണ്ട നിമിഷങ്ങളാണ് തിരോധാനത്തിന്റെ ആ പകൽ മലയാളിക്ക് ബാക്കിയാക്കിയത്. എന്തുകൊണ്ടാണ് പെൺമക്കളെക്കുറിച്ചുള്ള ഒരുപറ്റം അമ്മമാരുടെ ഉത്കണ്ഠയ്ക്ക് നമുക്കിനിയും അറുതിവരുത്താനാകാത്തത്?
തിരുവനന്തപുരം ചാക്കയിൽ സഹോദരങ്ങൾക്കും മാതാപിതാക്കൾക്കുമൊപ്പം ഉറങ്ങിക്കിടന്ന ബാലികയെ തട്ടിക്കൊണ്ടുപോയി വൈകിട്ടോടെ ഓടയിൽ ഉപേക്ഷിച്ചുവെന്ന നിഗമനത്തിൽ തന്നെയാണ് ഇപ്പോഴും പൊലിസ് ഉള്ളത്. എന്നാൽ ആരാണ് ഈ കൃത്യം ചെയ്തതെന്നും എന്തിനായിരുന്നുവെന്നൊന്നും കണ്ടെത്താൻ പൊലിസിനായിട്ടില്ല. പൊലിസും നാട്ടുകാരും പലതവണ പരിശോധന നടത്തിയ സ്ഥലത്ത് തന്നെയാണ് തിങ്കളാഴ്ച രാത്രി ഏഴരയോടെ കുട്ടിയെ കണ്ടെത്തിയത്. കുട്ടി ഉറങ്ങാൻ കിടന്നിടത്തുനിന്ന് മീറ്ററുകൾ അകലെയാണിത്.
കുട്ടിയെങ്ങനെ റെയിൽവേ ട്രാക്കിനരികിലെ പൊന്തക്കാട്ടിൽ എത്തിയെന്ന് കണ്ടെത്താൻ നമ്മുടെ പൊലിസിന് കഴിഞ്ഞില്ലെന്നത് നാണക്കേടുതന്നെയാണ്. ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയെ കൗൺസലിങ് നടത്തിയതിനുശേഷമേ അന്വേഷണം മുന്നോട്ടു നീങ്ങൂവെന്ന് പൊലിസ് പറയുമ്പോൾ നമ്മുടെ അന്വേഷണ സംവിധാനത്തെക്കുറിച്ചോർത്ത് നെറ്റി ചുളിക്കുക സ്വാഭാവികം. ഇത്രയൊക്കെ മേന്മ അവകാശപ്പെടുന്ന പൊലിസിന് രണ്ടു ദിവസം പിന്നിട്ടിട്ടും തട്ടിക്കൊണ്ടുപോകലിന്റെ പിന്നിലെന്ത് എന്ന് വെളിപ്പെടുത്താൻ എന്തുകൊണ്ട് കഴിയുന്നില്ല.
നാടുമുഴുവൻ സി.സി.ടി.വികളുണ്ട്, പൊലിസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും എ.ഐ കാമറകളുമുണ്ട്. പൊലിസ് എയ്ഡ് പോസ്റ്റുകളുണ്ട്. എന്നിട്ടും 19 മണിക്കൂർ നാടിനെയാകെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ രണ്ടു വയസുകാരിയുടെ തിരോധാനത്തിലെ ദുരൂഹത നീക്കാനാവുന്നില്ല. കുട്ടിയെ കണ്ടെത്തിയെന്ന ബ്രേക്കിങ് ന്യൂസ് ചാനലിൽ കണ്ട് ആശ്വസിക്കേണ്ടവരാണോ പൊലിസുകാരും.
ഈയടുത്ത് കൊല്ലത്ത് അബിഗേൽ എന്ന അഞ്ചു വയസുകാരിയെ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് തട്ടിക്കൊണ്ടുപോയപ്പോഴും പൊലിസ് വലയിൽ കുടുങ്ങാതെ പ്രതികൾ കുട്ടിയെ ഒഴിഞ്ഞിടത്ത് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. സമാനമായിട്ടാണ് ചാക്കയിലും സംഭവിച്ചിരിക്കുന്നതെന്ന് വേണം കരുതാൻ. കുറ്റകൃത്യത്തിലേർപ്പെട്ടവരെ സമ്മർദത്തിലാക്കി വലയിലാക്കുക എന്ന തന്ത്രം മാത്രമാണോ പൊലിസിന്റേത്. നൂതന അന്വേഷണ രീതിയിലൂടെയും സാങ്കേതിക വിദ്യയിലൂടെയും കുറ്റകൃത്യങ്ങളുടെ ചുരുളഴിക്കാൻ ഇനിയും സേനയ്ക്ക് കഴിയുന്നില്ലേ?
ആലുവയിൽ അടുത്തടുത്തുണ്ടായ രണ്ടു ദാരുണസംഭവങ്ങളുടെ ഞെട്ടലിൽനിന്ന് കേരളം ഇതുവരെ മോചിതമായിട്ടില്ല എന്നതാണ് ഓരോ വാർത്തയിലും ഇത്രമേൽ ഞെട്ടലുളവാക്കുന്നത്. അതിഥിത്തൊഴിലാളികളുടെ അഞ്ചുവയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയത് കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു. സംഭവം നടന്ന് 41 ദിവസം പിന്നിട്ടപ്പോഴാണ് എട്ടു വസയുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവം ആലുവയിൽനിന്നുതന്നെ കേട്ടത്. ഇൗ പിഞ്ചുപെൺകുട്ടികളുടെ നിലവിളികൾ ഇപ്പോഴും മലയാളികളുടെ കാതുകളെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്.
ഇതര സംസ്ഥാന കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്താൻ സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന മന്ത്രിയുടെ ഉറപ്പിൽ ആശ്വാസം കണ്ടെത്താനാകുമോ. തൊഴിലിടങ്ങളിൽ ജീവിതസമരത്തിലുള്ള അതിഥിത്തൊഴിലാളികളുടെ മക്കൾ രക്ഷിതാക്കളുടെ നെഞ്ചിലെ നെരിപ്പോടായി പുകയുകയാണ്. റെയിൽവേ സ്‌റ്റേഷനുകളിലോ ബസ് സ്റ്റാൻഡുകളിലോ അടച്ചുറപ്പില്ലാത്ത വീടുകളിലോ അന്തിയുറങ്ങേണ്ടി വരുന്നുണ്ട് ഈ കുട്ടികൾക്ക്. അവർക്ക് സുരക്ഷയൊരുക്കുമെന്ന വാഗ്ദാനങ്ങൾ ഓരോ ദുരന്തത്തിനും ശേഷം അധികാരികളിൽ നിന്നുണ്ടാകുമെങ്കിലും യാഥാർഥ്യമാവാറില്ല. കുഞ്ഞുമക്കൾ നാളെയുടെ വാഗ്ദാനങ്ങളാണ്. ഭൂമി അവർക്കും അവകാശപ്പെട്ടതാണ്. മാതാപിതാക്കൾ മാത്രം വിചാരിച്ചാൽ കുഞ്ഞുങ്ങൾക്ക് സംരക്ഷണം നൽകാനാവില്ല.
സമൂഹവും സർക്കാരും പ്രതിജ്ഞാബദ്ധരായാലേ നമ്മുടെ കുഞ്ഞുങ്ങളെ അന്തസിലും ആത്മവിശ്വാസത്തിലും വളർത്തിക്കൊണ്ടുവരുവാൻ കഴിയൂ. അത് അവർക്കു നൽകുന്ന ഔദാര്യമല്ല, അവകാശമാണ്.
സംസ്ഥാനത്തുനിന്ന് കഴിഞ്ഞ വർഷം മാത്രം തട്ടിക്കൊണ്ടുപോയത് 151 കുട്ടികളെയാണെന്നാണ് ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക്. 2022ൽ 279 കുഞ്ഞുങ്ങളെയായിരുന്നു തട്ടിക്കൊണ്ടുപോയത്. 25 കുട്ടികളാണ് 2023 ൽ കൊല്ലപ്പെട്ടത്.
ശിശുഹത്യ അടക്കമുള്ള കണക്കാണിത്. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ 5252 കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് 2023 ഡിസംബർ വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നു. 2024ൽ ഇതുവരെ കേന്ദ്രീകൃത പട്ടിക പൊലിസ് തയാറാക്കിയിട്ടില്ല. 1694 പോക്‌സോ കേസുകളാണ് 2023ൽ രജിസ്റ്റർ ചെയ്തത്. നാല് ആത്മഹത്യാ പ്രേരണ കുറ്റവും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടികളെ ഉപേക്ഷിച്ച സംഭവത്തിൽ രണ്ട് കേസുകളും ശൈശവ വിവാഹത്തിൽ നാല് കേസുകളും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു.
കാണാതായത് അതിഥിത്തൊഴിലാളികളുടെ കുട്ടിയാണെന്നത് ആശങ്കയുടേയും ആധിയുടേയും തോത് ഒട്ടും കുറക്കുന്നില്ല. അവരൊക്കെ നമ്മുടെ കുട്ടികളാണ്. ചിത്രശലഭങ്ങളെപ്പോലെ പകൽ പാറിനടന്ന് രാത്രിയിൽ തളർന്നുറങ്ങുന്ന കുട്ടികൾക്ക് സുരക്ഷിതത്വം നൽകാൻ കഴിയാത്ത ഒരു സമൂഹമായി കേരളീയർ മാറിയെങ്കിൽ ഇൗ നാടിനെ സാക്ഷരകേരളം എന്ന് നമുക്കെങ്ങനെ വിശേഷിപ്പിക്കാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."