വരേണ്യതയെ എഴുന്നള്ളിക്കുന്ന (നവോത്ഥാന) കേരളം
ഒ.കെ സന്തോഷ്
പ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞൻ എം.എന്‍ ശ്രീനിവാസ് സാമൂഹിക മേല്‍ക്കോയ്മയ്ക്ക് അടിസ്ഥാനമായ പ്രധാന ഘടകങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് സംസ്കൃതവല്‍ക്കരണം(Sanskritization) എന്ന സങ്കൽപ്പനം മുന്നോട്ടുവച്ചത്. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലുള്ള രാംപുര വില്ലേജിനെ അടിസ്ഥാനമാക്കി നടത്തിയ സാമൂഹികപഠനത്തെ മുന്‍നിര്‍ത്തിയാണ് അദ്ദേഹം ഈ ആശയം രൂപപ്പെടുത്തിയത്. ജനസംഖ്യാപരമായ ശക്തി, സാമ്പത്തികവും രാഷ്ട്രീയവുമായ അധികാരം, ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലുമുള്ള പ്രാമുഖ്യം, പാശ്ചാത്യവിദ്യാഭ്യാസവും തൊഴില്‍പരമായ പങ്കാളിത്തവും തുടങ്ങിയ ഘടകങ്ങളാണ് സാമൂഹിക അധീശത്വത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 1970കളിലാണ് തന്റെ അന്വേഷണവും സങ്കൽപ്പനങ്ങളും ശ്രീനിവാസ് വിശദീകരിച്ചത്. The Remembered Village എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം തന്റെ നിഗമനങ്ങൾ വിശദീകരിക്കുകയും പില്‍ക്കാലത്ത് സംസ്കൃതവല്‍ക്കരണം എന്ന ആശയം കീഴാള സമുദായങ്ങളുടെ സാംസ്കാരിക പരിവര്‍ത്തനങ്ങളെയും വികാസത്തെയും സൂചിപ്പിക്കുന്ന സങ്കൽപ്പനമായി അത് മാറുകയും ചെയ്തു. സമൂഹത്തിൽ മേല്‍ക്കോയ്മ നിലനിര്‍ത്തുന്ന വിഭാഗങ്ങളുടെ ജീവിതരീതിയും ആശയാവലികളും അടിത്തട്ടിലെ ജനങ്ങളെ നിര്‍ണായകമായി സ്വാധീനിക്കുകയും സ്വന്തം സാമൂഹികതയും സാംസ്കാരിക സവിശേഷതകളും അന്യാധീനമാവുകയും ചെയ്യുന്ന പ്രക്രിയയെന്നു ലളിതമായി ഇതിനെ വിശദീകരിക്കാം.
എം.എൻ ശ്രീനിവാസിന്റെ പഠനം പുറത്തുവന്നിട്ട് അരനൂറ്റാണ്ട് പിന്നിട്ടെങ്കിലും നമ്മുടെ സമൂഹത്തിൽ മേല്‍ജാതി ഹിന്ദുപ്രാമുഖ്യം സാംസ്കാരികമായി ദുര്‍ബലപ്പെട്ടിട്ടില്ലെന്നു കാണാം. സമീപകാലത്ത്, ഹിന്ദുത്വരാഷ്ട്രീയം അധികാരത്തിലും സംസ്കാരത്തിലും ശക്തമായി പിടിമുറുക്കുന്ന സന്ദര്‍ഭത്തിൽ അതിന്റെ ആക്കവും വിസ്തൃതിയും വര്‍ധിക്കുന്നത് പതിവ് കാഴ്ചയാണ്. മേല്‍ജാതി സംസ്കാരത്തെ ഔപചാരികമാക്കുന്ന സര്‍ക്കാർ പരിപാടികൾ, മാധ്യമങ്ങൾ, അവാര്‍ഡുകൾ, പൊതുബോധത്തിന്റെ നിരുപാധിക പിന്തുണ, കീഴാള–ന്യൂനപക്ഷരാഷ്ട്രീയത്തോടും സാംസ്കാരിക വ്യവഹാരങ്ങളോടുമുള്ള എതിര്‍പ്പ്, സംവരണവിരുദ്ധത, ആചാരാനുഷ്ഠാനങ്ങളുടെ പുനരവതരണം(revivalism) എന്നിവയിലൂടെയാണ് പ്രധാനമായും ലിബറൽ കാഴ്ചപ്പാടിന്റെ പിന്‍ബലത്തിൽ സാംസ്കാരിക അധീശത്വത്തിന്റെ ഉറപ്പിക്കൽ സാധ്യമാക്കുന്നത്.
ഭൂതകാലത്തിന്റെ ചിഹ്നവ്യവസ്ഥയും സാമൂഹികമായി ആചരിച്ചിരുന്ന കീഴ് വഴക്കങ്ങളും ഒരു മറയുമില്ലാതെ സ്ഥാപിക്കാനും ആവിഷ്കരിക്കാനും കഴിയുന്നവിധത്തിലേക്ക് നമ്മുടെ സംവാദങ്ങൾ മാറുന്നത് ശ്രദ്ധിക്കാതിരിക്കാനാവില്ല. സമൂഹമാധ്യമങ്ങള്‍ വ്യാപിച്ചതോടെ നെഗറ്റീവ് പ്രതിച്ഛായയെ മൂലധനമാക്കി, വ്യക്തികള്‍ക്ക് ആള്‍ക്കൂട്ടത്തെ സ്വാധീനിക്കാന്‍ കഴിയുന്നുണ്ട്. ഉദാഹരണത്തിന് കഴിഞ്ഞ ഒരു പതിറ്റാണ്ടായി സംഘ്പരിവാർ രാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ട്രോളുകൾ വ്യാപകമാണെങ്കിലും അത് അവരുടെ രാഷ്ട്രീയവളര്‍ച്ചയെ തടയുന്നില്ലായെന്നു മാത്രമല്ല; മുന്‍പത്തെക്കാള്‍ വ്യത്യസ്തമായി അത് അവരുടെ ആത്മവിശ്വാസവും പൊതുസ്വീകാര്യതയും വര്‍ധിപ്പിക്കുന്ന ഘടകമായി മാറിയെന്നതാണ് വസ്തുത. ദേശീയരാഷ്ട്രീയവും അധികാരവും അതില്‍ പങ്കുവഹിക്കുന്നുണ്ട് എന്ന യാഥാര്‍ഥ്യം വിസ്മരിച്ചുകൊണ്ടല്ല ഇങ്ങനെ സൂചിപ്പിക്കുന്നത്.
അസംബന്ധങ്ങളും മേല്‍ജാതി പ്രാമാണികതയും
സാമൂഹിക അധീശത്വത്തിന്റെ പ്രത്യക്ഷഘടകങ്ങൾ ഇല്ലെങ്കിലും തിരുവിതാകൂർ രാജകുടുംബത്തിലെ ഇപ്പോഴത്തെ അംഗങ്ങളില്‍ ഒരാളായ–ജനാധിപത്യസമൂഹത്തില്‍– -അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിയുടെ അഭിപ്രായങ്ങള്‍ക്ക് കിട്ടുന്ന സ്വീകാര്യത ഉദാഹരണമായി പരിശോധിക്കാവുന്നതാണ്. ക്ഷേത്രങ്ങളെക്കുറിച്ചും അതിന്റെ പാരമ്പര്യത്തെക്കുറിച്ചും ഭക്തിയിലും പെരുമയിലും ഊന്നി വിവരണാത്മകമായി എഴുതിയ ചില ഗ്രന്ഥങ്ങളുടെ പേരിലാണ് അവര്‍ അറിയപ്പെടുന്നത്. എന്നാല്‍ അവരുടെ അഭിമുഖങ്ങളിൽ, ശാസ്ത്രവിരുദ്ധവും അസംബന്ധങ്ങളുമായ കാര്യങ്ങൾ നിരവധിയുണ്ടെങ്കിലും സര്‍ക്കാർ സംഘടിപ്പിക്കുന്ന പരിപാടികളിൽ ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ട് തന്റെ അഭിപ്രായങ്ങള്‍ക്ക് സ്വീകാര്യതയും ഔദ്യോഗിക പരിവേഷവും ഉണ്ടാക്കാൻ അവര്‍ക്ക് കഴിയുന്നുണ്ട്.
കേരളത്തിലെ ഒരു പുരോഗമന പ്രസ്ഥാനവും ലിബറല്‍ ബുദ്ധിജീവിയും ഇവര്‍ക്കെതിരേ കാര്യമായ വിമര്‍ശനങ്ങൾ ഉന്നയിക്കാന്‍ ശ്രമിക്കുന്നില്ലായെന്നതും കാണേണ്ടതുണ്ട്. ജനാധിപത്യസമൂഹത്തില്‍ ഏതൊരാള്‍ക്കുമുള്ള സ്വാതന്ത്ര്യവും അവകാശവും മാത്രമേ രാജകുടുംബത്തിലെ അംഗങ്ങള്‍ക്കും ഇന്നുള്ളൂ എന്നത് വസ്തുതയാണ്. പക്ഷേ, രാജാധിപത്യത്തിന്റെ സാംസ്കാരികശേഷിപ്പുകൾ ഇപ്പോഴും നാം വിമര്‍ശനരഹിതമായി സ്വീകരിക്കുന്നതിനു കാരണം ഹിന്ദുമേല്‍ജാതിസമൂഹത്തിന്റെ സാംസ്‌കാരിക അധീശത്വത്തിനു പൊതുബോധത്തില്‍ ലഭിക്കുന്ന അംഗീകാരമാണ്. അതിന്റെ വേരുകള്‍ അധികാരത്തിന്റെയും ഹിംസയുടെയും ഭൂതകാലത്തിലാണ് ഉറപ്പിക്കപ്പെട്ടിരിക്കുന്നത് എന്നുപോലും പലരും ഓര്‍ക്കാറില്ല. സമൂഹമാധ്യമങ്ങളും ഒരു നൈതികബോധ്യങ്ങളുമില്ലാത്ത യുട്യുബ് ചാനലുകളുമാണ് ഇക്കാര്യങ്ങളുടെ പ്രചാരകർ എന്ന് ഓര്‍ക്കേണ്ടതുണ്ട്. പലരും ഇത്തരം കാര്യങ്ങൾ കേള്‍ക്കുമ്പോൾ കേരളീയ നവോത്ഥാനപ്രക്രിയകളെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് പതിവാണ്. വാസ്തവത്തിൽ നവോത്ഥാനത്തിന്റെ കീഴാളവിമോചനത്തെയും ആശയാവലികളെയും അദൃശ്യമാക്കിയല്ലേ നമ്മുടെ വിദ്യാഭ്യാസമേഖലയും സിലബസ് ഉള്‍പ്പെടുന്ന സംവിധാനങ്ങളും ഇക്കാലംവരെ പ്രവര്‍ത്തിച്ചതെന്ന് ഓര്‍ക്കാവുന്നതാണ്. ചരിത്രം, സാമൂഹികശാസ്ത്രം, സാഹിത്യം തുടങ്ങിയ വിഷയങ്ങളില്‍ കേരളീയജീവിതത്തിന്റെ വൈവിധ്യങ്ങള്‍ക്കും പലമകള്‍ക്കും അര്‍ഹിക്കുന്ന പ്രാതിനിധ്യം കിട്ടിയിട്ടുണ്ടോയെന്ന ഗൗരവമായ ചോദ്യം പ്രസക്തമാണ്. സാഹിത്യവും സംസ്കാരവും സര്‍വകലാശാലയിൽ പഠിപ്പിക്കുന്ന ഒരാളെന്നനിലയിൽ ഇക്കാര്യത്തിൽ നമ്മുടെ കരിക്കുലവും സിലബസും വരേണ്യാധികാരത്തെ പിന്തുണയ്ക്കുകയും ഉറപ്പിക്കുകയും ചെയ്യുന്നതാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും.
ഭരണകൂടവും വ്യക്തികളും അധികാരം പ്രയോഗിക്കുന്നതും നിലനിര്‍ത്തുന്നതും വിധേയത്വമുള്ള വ്യക്തികളെയും സമൂഹത്തെയും നിരന്തരം സൃഷ്ടിച്ചുകൊണ്ടാണ്. ചരിത്രത്തിന്‍ പകരം വിശ്വാസത്തെയും യുക്തിബോധത്തിന്റെ സ്ഥാനത്ത് മിത്തുകളെയും സമകാലികമാക്കിയാണ് ഈ വ്യവഹാരം ഇന്ന് നിലനില്‍ക്കുന്നത്. ഭൂതകാലത്തെക്കുറിച്ച് തുടര്‍ച്ചയായി ചര്‍ച്ചചെയ്തും അസംബന്ധമെന്ന് പ്രത്യക്ഷത്തിൽ തോന്നാവുന്ന കാര്യങ്ങളെ പൊതുബോധത്തിൽ സാമാന്യവൽക്കരിച്ചുമാണ് മതേതര സമൂഹമെന്ന വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിൽ പുതിയൊരു സംവാദലോകം നിർമിക്കപ്പെടുന്നത്. സംഘ്പരിവാറും അവര്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങളും ഈ വ്യവഹാരങ്ങളിൽ മുഖ്യപങ്കുവഹിക്കുന്നുണ്ട്.
മുന്‍പ് ഒളിഞ്ഞുനിന്ന് അവരെ പിന്തുണയ്ക്കുന്നവര്‍ക്ക് പുതിയ സാഹചര്യത്തിൽ ദൃശ്യതയിലേക്ക് വരാൻ കഴിഞ്ഞിട്ടുണ്ട് എന്നത് വസ്തുതയാണ്. ഇതിന്റെ പ്രധാനപ്പെട്ട ഗുണം വിലക്കയറ്റം, അഴിമതി, തൊഴിലില്ലായ്മ, ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തില്‍നിന്നുള്ള പിന്‍വാങ്ങൽ, അധികാര ദുര്‍വിനിയോഗം തുടങ്ങി വര്‍ത്തമാനകാലം നേരിടുന്ന പ്രതിസന്ധികളെ ഭരണകൂടത്തിന് സമര്‍ഥമായി മറച്ചുപിടിക്കാം എന്നുള്ളതാണ്. സമകാലിക ചര്‍ച്ചകളുടെ വിഷയത്തിൽ ഇടപെടുന്നവര്‍ക്ക് വിശ്വസനീയമായ വിവരങ്ങളോ ഡേറ്റകളോ ആവശ്യമില്ലായെന്നുള്ളതാണ്. ബ്രാഹ്മണ്യവും മേല്‍ജാതി പ്രാമാണ്യവും നിരന്തരമായി മുന്നോട്ടുവയ്ക്കുന്ന സംവാദങ്ങളുടെ രീതിശാസ്ത്രമാണിത്.
ഉദാഹരണത്തിന്, സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം വേണമെന്ന് വാദിക്കുന്നവർ ഡേറ്റകള്‍ക്ക് പകരം ദാരിദ്രനായ ഒരു ബ്രാഹ്മണന്റെ കദനകഥയായിരിക്കും തങ്ങളുടെ വാദങ്ങള്‍ക്ക് പിന്‍ബലമായി അവതരിപ്പിക്കുക. ജാതി സെന്‍സസിലൂടെ ബിഹാറിലെ പിന്നോക്ക സാമൂഹികാവസ്ഥയുടെ ചിത്രം മറുവാദമായി ഉന്നയിക്കാനുള്ള സാധ്യതപോലും അത്തരം ചര്‍ച്ചകളിൽ ഉണ്ടായെന്നുവരില്ല. കേരളത്തില്‍ സാമ്പത്തിക സംവരണം നടപ്പാക്കിയതിന്റെ വേഗതയും യുക്തിയും പൊതുബോധത്തിന്റെ തൃപ്തിയും സാധൂകരണവുമായി മാറിയത് ചരിത്രമാണല്ലോ. മണ്ഡല്‍കമ്മിഷൻ റിപ്പോര്‍ട്ടിനെതിരേ സമരം ചെയ്ത ഹിന്ദുമേല്‍ജാതി പെണ്‍കുട്ടികളുടെ കൈയിൽ, ചെരിപ്പ് തുന്നുന്ന ഭര്‍ത്താക്കന്‍മാരെ ഞങ്ങള്‍ക്ക് ആവശ്യമില്ലെന്ന പ്ലക്കാർഡ് ഉണ്ടായിരുന്നതായി ചരിത്രകാരി ഉമ ചക്രവര്‍ത്തി എഴുതിയിട്ടുണ്ട്. പൊതുഭാവനയും യുക്തിരഹിതവും ജനപ്രിയവുമായ ആഖ്യാനങ്ങളും നിര്‍മിച്ച കീഴാള –ന്യുനപക്ഷവിരുദ്ധതയാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. സനാതനധര്‍മത്തെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകളിൽ ഇതിന്റെ തുടര്‍ച്ച കാണാം.
ദേശീയമായും പ്രാദേശികമായും ഹിന്ദുത്വരാഷ്ട്രീയവും അതിന്റെ ആശയലോകവും പൊതുസമ്മതി നേടിയതിന്റെ പിന്നില്‍ ഭരണകൂടാധികാരം മാത്രമല്ല, സംസ്കാരിക അധീശത്വമുറപ്പിക്കലും നിര്‍ണായകമായ പങ്കുവഹിക്കുന്നുണ്ട്. ഭാരതരത്ന പോലുള്ള സിവിലിയൻ ബഹുമതികളിലും ആദിവാസി നേതാക്കളുടെ പ്രതിമാനിര്‍മാണംപോലുള്ള പ്രതീകാത്മകനടപടികളിലും വരെ അതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ട്. കേരളീയ പൊതുമണ്ഡലംപോലും യുക്തിരഹിതമായി ഇത്തരം കാര്യങ്ങളെ പിന്തുണയ്ക്കുമ്പോൾ, ഹിന്ദുത്വരാഷ്ട്രീയം വിജയത്തിന്റെ ഒരുപടികൂടെ കടന്നിരിക്കുന്നു എന്ന് കരുതണം. കീഴാളഹിന്ദുത്വ (Subaltern Hindutva) എന്ന് സാമൂഹികശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്ന സാമൂഹിക എൻജിനീയറിങ് പദ്ധതി എത്രത്തോളം വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നുണ്ട് എന്നത് ഗൗരവമായ ചോദ്യമാണ്. ഹിന്ദുമേല്‍ജാതി പ്രാമാണ്യത്തെ ചോദ്യം ചെയ്യുന്ന സാംസ്കാര –രാഷ്ട്രീയ ആശയാവലികളുടെ അഭാവം, സവര്‍ണഭൂതകാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രക്രിയയെ വേഗത്തിലാക്കും എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."