പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായി കൂട്ടുകാര്‍; സിദ്ധാര്‍ഥിനെതിരെ നടന്നത് ആള്‍ക്കൂട്ട വിചാരണയും അതിക്രൂര മര്‍ദ്ദനവുമെന്ന് പൊലിസും
പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായി കൂട്ടുകാര്‍; സിദ്ധാര്‍ഥിനെതിരെ നടന്നത് ആള്‍കൂട്ട വിചാരണയും അതിക്രൂര മര്‍ദ്ദനവുമെന്ന് പൊലിസും
കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍, മരിച്ച സിദ്ധാര്‍ത്ഥനെതിരെ നടന്നത് ആള്‍ക്കൂട്ട വിചാരണയെന്ന് പൊലിസ്. കോളജ് ഹോസ്റ്റലിന്റെ നടുമുറ്റത്തു വെച്ചാണ് വിചാരണയും മര്‍ദ്ദനവും നടന്നത്. മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടായിരുന്നുവെന്നും പൊലിസ് പറയുന്നു. വീട്ടില്‍ പോയ സിദ്ധാര്‍ത്ഥനെ എസ്എഫ്‌ഐ നേതാക്കള്‍ അടക്കമുള്ള പ്രതികള്‍ വിളിച്ചു വരുത്തുകയായിരുന്നു. സഹപാഠിയെക്കൊണ്ടാണ് സിദ്ധാര്‍ത്ഥനെ വിളിച്ചു വരുത്തിയത്. ഫെബ്രുവരി 16 ന് മൂന്നു മണിക്കൂറോളവും 18 ന് ഉച്ചയ്ക്കും സിദ്ധാര്‍ത്ഥനെ തല്ലിച്ചതച്ചു. ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ അടക്കം നോക്കിനിന്നു. അടുത്ത സഹപാഠികള്‍ അടക്കം ആരും എതിര്‍ത്തില്ല. പൊലിസ് പറയുന്നു.
മര്‍ദ്ദനത്തിന് ശേഷം സിദ്ധാര്‍ത്ഥന്റെ ആരോഗ്യനിലയും സംഘം നിരീക്ഷിച്ചു. ഹോസ്റ്റല്‍ റൂമില്‍ അടച്ചിട്ടാണ് സംഘം നിരീക്ഷിച്ചിരുന്നത്. ക്രൂരമര്‍ദ്ദനത്തിന് ശേഷം സിദ്ധാര്‍ത്ഥന്‍ കടുത്ത മനോവിഷമത്തിലായിരുന്നു എന്നും പൊലിസ് പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വെച്ച് സിദ്ധാര്‍ത്ഥന്‍ ക്രൂരത നേരിടുമ്പോഴും അടുത്ത സുഹൃത്തുക്കള്‍ പോലും സഹായിച്ചില്ല. ഇത് സിദ്ധാര്‍ത്ഥിനെ മാനസികമായി തളര്‍ത്തിയെന്ന് പൊലിസ് പറയുന്നു.
അതേസമയം, സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ചകാര്യം പുറത്തറിയാതിരിക്കാന്‍ പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്ന് മറ്റു വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിവരം പുറത്തുപറഞ്ഞാല്‍ തലയമുണ്ടാകില്ലെന്ന് ഒളിവിലുള്ള പ്രതി സിന്‍ജോ ജോണ്‍സന്‍ മുന്നറിയിപ്പ് നല്‍കിയെന്നാണ് വിവരം. ക്യാമ്പസില്‍ ഇത്തരം മൃഗീയ വിചാരണകള്‍ നേരത്തേയും നടന്നിട്ടുള്ളത് കൊണ്ടാണ് ആരും സിദ്ധാര്‍ത്ഥനെ രക്ഷിക്കാന്‍ തുനിയാത്തതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. 130 കുട്ടികളുള്ള ഹോസ്റ്റലിലാണ് സിദ്ധാര്‍ത്ഥന്‍ പരസ്യ വിചാരണ നേരിടേണ്ടി വന്നത്. ആരും പ്രതികരിക്കാതെ ഇരിക്കുന്നതാണ് വെറ്റിനറി കോളേജിലെ അലിഖിത നിയമമെന്നാണ് പുറത്തുവരുന്നത്. കോളേജ് ഹോസ്റ്റലില്‍ അടിപിടികള്‍ ഇടയ്ക്കുണ്ടാകുമ്പോഴും ഒന്നും പുറത്തുപോകരുതെന്നാണത്രേ അലിഖിത നിയമം. ഹോസ്റ്റലിലെ അടി അവിടെ തീരണമെന്നാണത്രെ തിട്ടൂരം. സിദ്ധാര്‍ത്ഥന്റെ ജീവനെടുക്കാനും വഴിയൊരുക്കിയത് ഇതു തന്നെയായിരുന്നു.
16നും 17നും കോളേജില്‍ സ്‌പോര്‍ട്‌സ് ഡേ ആയിരുന്നു. പതിനാറിന് രാത്രിയാണ് അക്രമവും മര്‍ദനവും ഉണ്ടായത്. 17ന് ചിലര്‍ സിദ്ധാര്‍ഥന്റെ നീക്കം നിരീക്ഷിച്ചിരുന്നത്ര. പതിനെട്ടിന് പ്രശ്‌നമില്ലെന്ന് കണ്ടതോടെ, കാര്യമാക്കിയില്ലെന്ന് അറസ്റ്റിലായവര്‍ പൊലിസിനോട് പറഞ്ഞു. പതിനെട്ടിന് കുളിക്കാന്‍ പോകുന്നു എന്ന് പറഞ്ഞ സിദ്ധാര്‍ത്ഥനെ പിന്നെ കണ്ടത് മരിച്ച നിലയിലാണ്.
അതോടെ, പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. കേസില്‍ ഇതുവരെ ആറു പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പെടെ 12 മുഖ്യപ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."