'ഞാന്‍ ജീവിക്കുന്ന രക്തസാക്ഷി'; എസ്.എഫ്.ഐക്കാരുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ്
'ഞാന്‍ ജീവിക്കുന്ന രക്തസാക്ഷി'; എസ്.എഫ്.ഐക്കാരുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ്
തിരുവനന്തപുരം: എഴുപതുകളില്‍ കെ.എസ്.യുവില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന കുറിപ്പുമായി ചെറിയാന്‍ ഫിലിപ്പ്. താന്‍ ജീവിക്കുന്ന രക്തസാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. യൂനിവേഴ്‌സിറ്റി കോളജില്‍ പഠിക്കുമ്പോഴാണ് കോളജിന്റെ രണ്ടാംനിലയില്‍ നിന്ന് എസ്.എഫ്.ഐക്കാര്‍ താഴേക്ക് വലിച്ചെറിഞ്ഞത്. നട്ടെല്ലിനും സുഷുമ്‌നക്കും ഗുരുതരമായ ക്ഷതമുണ്ടായതിനെ തുടര്‍ന്ന് അരയ്ക്കു താഴെ നാഡീവ്യവസ്ഥയ്ക്കും കാലുകളിലെ പേശീവ്യൂഹത്തിനും ബലക്ഷയമുണ്ടായി. അതുകൊണ്ടാണ് കുടുംബ ജീവിതം ഒഴിവാക്കേണ്ടിവന്നതെന്നും ചെറിയാന്‍ ഫിലിപ്പ് കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഞാൻ ജീവിക്കുന്ന ഒരു രക്തസാക്ഷി: ചെറിയാൻ ഫിലിപ്പ്
എഴുപതുകളിൽ കെ.എസ്.യു നേതാവായിരുന്നപ്പോൾ എസ്.എഫ്.ഐ യുടെ ക്രൂരമായ പീഢനത്തിന് നിരന്തരം ഇരയായ ഒരു ജീവിക്കുന്ന രക്തസാക്ഷിയാണ് ഞാൻ.
യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുമ്പോഴാണ് കോളജിന്റെ രണ്ടാം നിലയിൽ നിന്നും എസ്.എഫ്.ഐക്കാർ എന്നെ താഴേക്ക് വലിച്ചെറിഞ്ഞത്. നട്ടെല്ലിനും സുഷുമ്നാകാണ്ഢത്തിനും ഗുരുതരമായ ക്ഷതമുണ്ടായതിനെ തുടർന്ന് അരയ്ക്കു താഴെ നാഡീ വ്യവസ്ഥയ്ക്കും കാലുകളിലെ പേശീ വ്യൂഹത്തിനും ക്രമേണ ബലക്ഷയമുണ്ടായി. അതുകൊണ്ടാണ് കുടുംബ ജീവിതം ഒഴിവാക്കേണ്ടി വന്നത്.
വർഷങ്ങളിലെ തുടർച്ചയായ അലോപ്പതി, ആയൂർവേദ, അക്യൂപക്ചർ ചികിത്സ കൊണ്ടാണ് ഇത്രയും നാൾ പിടിച്ചു നിന്നത്. വർഷങ്ങളായി വേഗത്തിൽ നടക്കാനോ ചവിട്ടുപടികൾ കയറാനോ പ്രയാസമാണ്. ശാരീരിക അവശതകളുടെ കടുത്ത വേദന പേറുമ്പോഴും മനശക്തി കൊണ്ടാണ് പൊതുജീവിതത്തിൽ സജീവമായി ഇപ്പോഴും നിലനിൽക്കുന്നത്.
എന്നെ പീഢിപ്പിച്ച പലരും ഇന്നും ജീവിച്ചിരിപ്പുണ്ടെങ്കിലും അവരോട് ഒരിക്കലും പകയോ വിദ്വേഷമോ പുലർത്തിയിട്ടില്ല. എന്നോട് ക്ഷമ ചോദിച്ച പലരും ഇന്ന് എന്റെ ഉറ്റ സുഹൃത്തുക്കളാണ്. സിദ്ധാർത്ഥിന്റെ ജീവിതം അപഹരിച്ച ക്രൂരത കണ്ടപ്പോൾ എസ്.എഫ്.ഐ യുടെ പഴയ കിരാത വാഴ്ച ഓർമ്മിച്ചെന്നു മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."