യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഉച്ചവരെ മഴയ്ക്ക് സാധ്യത; ഇടിമിന്നലിൽ ജാഗ്രത വേണമെന്ന് എൻസിഎം
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഉച്ചവരെ മഴയ്ക്ക് സാധ്യത; ഇടിമിന്നലിൽ ജാഗ്രത വേണമെന്ന് എൻസിഎം
ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ വൈകിട്ട് ആരംഭിച്ച ഇടിമിന്നലോട് കൂടിയ മഴ തുടരുകയാണ്. ഫുജൈറയിലാണ് ഇന്നലെ കനത്ത മഴ രേഖപ്പെടുത്തിയത്. ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്തു. ഇന്ന് ഉച്ചവരെ ഇടിയോട് കൂടിയ മഴ തുടരുമെന്നാണ് നാഷനൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) മുന്നറിയിപ്പ്. ഇന്നലെ പ്രഖ്യാപിച്ച യെല്ലോ അലർട്ട് വിവിധ ഭാഗങ്ങളിൽ തുടരുകയാണ്.
ദുബൈ അൽ നഹ്ദ, ഖുസൈസ്, മുഹൈസിന, ബർ ദുബായ്, കരാമ, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് (ഇ 311) റോഡ്, മിർഡിഫ്, ദുബൈ സിലിക്കൺ ഒയാസിസ്, അൽ ബർഷ, അർജാൻ, അൽ ഖൂസ്, ദുബായ് ലാൻഡ്, ജുമൈറയുടെ ചില ഭാഗങ്ങൾ, റാസൽ ഖോർ, അൽ വർഖ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്തു.
ദുബൈ ഉൾപ്പെടെയുള്ള വടക്കൻ എമിറേറ്റുകളിലും അബുദാബിയുടെ ചില പടിഞ്ഞാറൻ ഭാഗങ്ങളിലും മഴ മേഘങ്ങൾ നിരീക്ഷിക്കപ്പെട്ടതിനാൽ എൻസിഎം യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ചില സമയങ്ങളിൽ ശക്തമായ കാറ്റ് പൊടി നിറഞ്ഞ കാലാവസ്ഥയ്ക്ക് കാരണമാകും, ഇത് റോഡുകളിലെ ദൃശ്യപരത കുറയ്ക്കും.
യുഎഇയിലെ താമസക്കാരോടും സന്ദർശകരോടും ദേശീയ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെൻ്റ് അതോറിറ്റി (എൻസിഇഎംഎ) സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാൻ ആഹ്വാനം ചെയ്തു. പ്രത്യേകിച്ച് കനത്ത മഴയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ ജാഗ്രത വേണമെന്ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ അതോറിറ്റി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."