HOME
DETAILS

പാട്ടുംപാടി ഇറങ്ങിപ്പോയ ഒരാള്‍

  
backup
March 09 2024 | 22:03 PM

a-man-who-went-down-singing

നസ്‌റുദ്ദീൻ മണ്ണാർക്കാട്
മാപ്പിള സാഹിത്യ തറവാടിന്റെ മുറ്റത്തുനിന്ന് ഒരു കാരണവർകൂടി വിടവാങ്ങിയിരിക്കുന്നു. ഏറെക്കാലം ആകാശവാണിയിലും ദൂരദർശനിലും മറ്റു മാധ്യമങ്ങളിലും മാപ്പിളപ്പാട്ടിന്റെ തനതായ ശീലുകളെ, പാരമ്പര്യ മൊഴിവഴക്കങ്ങളുടെ മാധുര്യം ചോരാതെ അവതരിപ്പിച്ച് ജനകീയമാക്കിയ പുലാമന്തോൾ അബൂബക്കർ മാഷ് വിടപറയുമ്പോൾ, സമീപകാലത്ത് മാപ്പിളപ്പാട്ടിനു സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിഭകളുടെ നഷ്ടങ്ങളുടെ പട്ടിക ഒന്നുകൂടി കനക്കുകയാണ്. പിതാവ് മലപ്പുറം പുലാമന്തോൾ യു.പിയിലെ ചേക്കു മുസ്‌ലിയാരാണ്. മദ്റസാധ്യാപകനായാണ് ഉപജീവനം നടത്തിയിരുന്നത്.


ബാല്യകാലം മുതൽ പാട്ടുകളോട് ഇഷ്ടംകൂടിയ അബൂബക്കർ, മോയിൻകുട്ടി വൈദ്യരുൾപ്പെടെയുള്ള പൂർവസൂരികളായ കവികളുടെ രചനകളും ബൈത്തുകളും മറ്റു അറബി മലയാള സാഹിത്യങ്ങളും വലിയ ആവേശത്തോടെ മനഃപാഠമാക്കി പാടിനടക്കുന്നത് പതിവായിരുന്നു. തനതു പാട്ടുകളോടുള്ള പ്രത്യേക ഇഷ്ടംകാരണം വൈദ്യരുടെ പല പാട്ടുകളും അദ്ദേഹത്തിനു ഹൃദിസ്ഥമായിരുന്നു. ആലാപനം ജീവിത സപര്യയാക്കി കൊണ്ടുനടന്ന അദ്ദേഹം വാർധക്യസഹജമായ അവശതകൾക്കിടയിലും, തന്നെ നിരന്തരം അലട്ടിയിരുന്ന ഓർമക്കുറവിന്റെ പ്രയാസങ്ങളെ മറികടന്നും വൈദ്യർ ഇശലുകൾ മൂളാനും ഓർത്തെടുക്കാനും പ്രത്യേക ആവേശംതന്നെ കാണിക്കുകയുണ്ടായി. മാപ്പിളപ്പാട്ടിനെ തന്റെ ജീവശ്വാസമാക്കിയ അദ്ദേഹത്തിന് പാട്ടെന്നു കേട്ടാൽ ആവേശം വീണ്ടെടുക്കാൻ അനാരോഗ്യവും ഓർമക്കുറവും ഒരിക്കലും തടസമായിരുന്നില്ല.


പുലാമന്തോൾ എൽ.പി സ്‌കൂളിൽ അറബി അധ്യാപകനായിരുന്ന അദ്ദേഹം, ഇടക്കാലത്ത് അറബി സാഹിത്യത്തിൽ അതീവതൽപരനായി സഉൗദി അറേബ്യയിലെത്തുകയും പ്രശസ്ത റിയാദ് യൂനിവേഴ്‌സിറ്റിയിൽ സ്റ്റൈപ്പന്റോടെയുള്ള അഞ്ചു വർഷം പഠനത്തിനു ചേരുകയുമുണ്ടായി. എങ്കിലും പിന്നീട് പല കാരണങ്ങളാൽ അത് പൂർത്തിയാക്കാൻ സാധിക്കാതെ തന്റെ അധ്യാപക വൃത്തിയിലേക്ക് തന്നെ മടങ്ങിയെത്തിയ അദ്ദേഹത്തിന് അറബി കവിതകളിൽ പ്രത്യേക അഭിരുചിയുണ്ടായിരുന്നു. സഉൗദി അറേബ്യയിലെ അറബ് സാഹിത്യ പഠനം അഭിരുചിയെ പരിപോഷിപ്പിക്കുകകൂടി ചെയ്തപ്പോൾ സ്വന്തമായി കവിതകൾ രചിക്കുകയും ധാരാളം അറബിക്കവിതകൾ കവിയരങ്ങുകളിൽ അവതരിപ്പിക്കുകയും ചെയ്തു. അതോടൊപ്പം ദീർഘകാലം ഒാൾ ഇന്ത്യാ റേഡിയോയിൽ ബി ഹൈ കലാകാരനായി മാപ്പിളപ്പാട്ടിന്റെ ശബ്ദമായി മാറാനും മാഷിനു സാധിച്ചു. ഭക്തിഗാനങ്ങളും മറ്റിതര ഗാനങ്ങളുമായി ഒട്ടേറെ ഗാനങ്ങൾ ആകാശവാണിയിൽ അദ്ദേഹത്തിന്റേതായി സംപ്രേഷണം ചെയ്യപ്പെട്ടിട്ടുണ്ട്. അതുവഴി പഴയകാല ശ്രോതാക്കളുടെ മനസിൽ ഒരു സുപരിചിത നാമമായി പുലാമന്തോൾ അബൂബക്കർ മാറുകയുണ്ടായി. ഒപ്പം അദ്ദേഹത്തിന്റെ പേരിന്റെ മേൽവിലാസമായ പുലാമന്തോൾ എന്ന നാടും.


മറ്റു കാവ്യശാഖകളിൽനിന്ന് വിഭിന്നമായി താളനിബദ്ധതയാണ് മാപ്പിളപ്പാട്ടിന്റെ സവിശേഷത. പരമ്പരാഗത ഇശലുകളിൽ രചിക്കപ്പെട്ട പാട്ടുകളുടെ പദവിന്യാസത്തിൽതന്നെ കൃത്യമായ സംഗീതമുണ്ട്. മാപ്പിളപ്പാട്ടിൽ സംഗീതത്തിന്റെ അനന്ത സാധ്യതകൾ മനസിലാക്കി ചെറുകര മണി മാസ്റ്റർ, തുവ്വൂർ ഗോവിന്ദ പിഷാരടി, മഞ്ഞളൂർ സുരേന്ദ്രൻ തുടങ്ങിയവരിൽനിന്ന് സംഗീത പഠനം നടത്തിയിട്ടുണ്ട്‌ ഈ ഗായകൻ. കർണാടക സംഗീതത്തിലെ കീർത്തനങ്ങൾ സ്വായത്തമാക്കി തന്റെ പ്രതിഭയ്ക്ക് മൂർച്ചകൂട്ടി.


ഒരു പാട്ടുകാരൻ എന്നതിലുപരി അദ്ദേഹം സ്വന്തമായി ഈണം നൽകിയ പാട്ടുകളുമുണ്ട് എന്ന കാര്യം പലർക്കുമറിയില്ല എന്നതാണ് വാസ്തവം. ഇപ്പോൾ സഉൗദി അറേബ്യയിൽ പ്രവാസിയായി തുടരുന്ന പി.എ മുഹമ്മദ് രചിച്ച "കതിരും മലരും തേനും തളിരും' എന്ന ഗാനത്തിനു സംഗീതം നൽകിയാണ് ഈ രംഗത്തേക്ക് മാഷിന്റെ കാൽവയ്പ്പ്‌. "ജീവന്റെ ജീവൻ നീയെൻ തംബുരു തൻ ഈണം എന്നും' എന്ന മറ്റൊരു പാട്ടും ഇതോടൊപ്പം തന്നെ മാഷിന്റെ സംഗീതത്തിൽ ആകാശവാണിയിലൂടെ മുഴങ്ങി. ഈ രണ്ടുഗാനങ്ങളും ആകാശവാണി തൃശൂർ നിലയത്തിൽ ആലപിച്ചത് ഇപ്പോൾ സംഗീതാധ്യാപിക കൂടിയായ ഗായിക സൈബുന്നീസയാണ്. വേറെയും ധാരാളം പാട്ടുകൾക്ക് അദ്ദേഹം ഈണമിട്ടു.


സൂക്ഷ്മജ്ഞാനിയായ വിധികർത്താവ്
മാപ്പിളപ്പാട്ടിനു പുറമെ ഒപ്പന, വട്ടപ്പാട്ട്, കോൽക്കളി തുടങ്ങി വിവിധ മാപ്പിളകലകളുടെ ആധികാരിക ശബ്ദമായി അദ്ദേഹം സജീവമായി നിന്നിരുന്നു. സബ്ജില്ല, ജില്ലാ സംസ്ഥാന കലോത്സവ വേദികൾ, ഇന്റർ സോൺ, സോൺ വേദികൾ തുടങ്ങി വിവിധ മത്സര വേദികളിൽ വിധികർത്താവെന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ കഴിവുകൾ തെളിയിക്കപ്പെട്ടതാണ്. മാർക്കിട്ടു പോവുക എന്നതിലുപരി ഓരോ കലകളുടെയും നിർണയത്തിൽ തന്റെ വിശേഷ അറിവ് ഉപയോഗപ്പെടുത്തി വിശദവും സൂക്ഷ്മവുമായ വിലയിരുത്തലായിരുന്നു അദ്ദേഹം നടത്തിയിരുന്നത്. പരാതികൾ ഉയരുമ്പോൾ അവരുടെ പിഴവുകൾ ചൂണ്ടിക്കാണിച്ചു ബോധ്യപ്പെടുത്താനുള്ള സൂക്ഷ്മജ്ഞാനം അദ്ദേഹത്തിനുണ്ടായിരുന്നു.

പാട്ടുകൾ ബാക്കിവയ്ക്കാതെ...
നൂറുകണക്കിനു പാട്ടുകൾ ആലപിച്ച പുലാമന്തോൾ അബൂബക്കറെന്ന പ്രതിഭ കാലയവനികയ്ക്കുള്ളിലേക്ക് മറയുമ്പോൾ അദ്ദേഹത്തിന്റെ പാട്ടുകളുടെ റെക്കോർഡിങ്ങുകൾ അധികമൊന്നും ശേഖരിക്കപ്പെട്ടിട്ടില്ല എന്ന സങ്കട യാഥാർഥ്യം നമുക്കു മുന്നിൽ ബാക്കിയാവുന്നു. സ്വന്തമായി ഈണമിട്ടതും അദ്ദേഹം തനിക്കുവേണ്ടി എഴുതിച്ചതുമായ പല പാട്ടുകളും ആകാശവാണിയിലൂടെ സംപ്രേഷണം ചെയ്യപ്പെട്ട് അന്തരീക്ഷത്തിൽ അലിഞ്ഞുപോയി എന്നതൊഴിച്ചാൽ അവയൊന്നും യൂട്യൂബിൽ പോലുമില്ല. ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരമുള്ള ഒരു കാലത്ത് ജീവിച്ചിട്ടും അദ്ദേഹത്തെ വേണ്ടവിധം രേഖപ്പെടുത്തിയെടുക്കാൻ സാധിക്കാതെ പോയി എന്നത് ദുഃഖകരം തന്നെയാണ്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, അദ്ദേഹത്തെ അർഹിക്കുന്നവിധം പരിഗണിക്കാനോ ആദരിക്കാനോ നമുക്കു സാധിച്ചിട്ടില്ല. അംഗീകാരങ്ങൾക്കുവേണ്ടി ഓടിനടക്കാത്ത ഇത്തരം കലാകാരന്മാരെ അവരർഹിക്കുന്ന രീതിയിൽ തിരിച്ചറിയാനും ആദരിക്കാനും അവരുടെ മരണം വരെ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യങ്ങൾ പലപ്പോഴുമുണ്ടാവുന്നു. കഴിഞ്ഞ വർഷം മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി നൽകിയ ഒരു അവാർഡ് മാത്രമാണ് ഈ ഗായകന്റെ ജീവിതത്തിൽ ലഭിച്ച എടുത്തു പറയത്തക്ക ഒരേയൊരു അംഗീകാരം. തന്റെ ജീവിതം മുഴുവൻ മാപ്പിളപ്പാട്ടിനുവേണ്ടി ഉഴിഞ്ഞുവച്ച ആ കലാകാരൻ ഒരു കാര്യത്തിലും ആരോടും പരിഭവം പറയാതെ, തന്റെ സ്വതസിദ്ധ സൗമ്യത കൈവിടാതെ അരങ്ങൊഴിഞ്ഞു പോവുകയും ചെയ്തു. പാടിയ പാട്ടുകൾ പോലും ബാക്കിയാക്കാതെ.

ബാക്കിയാകുന്ന സ്നേഹത്തലോടൽ
മാപ്പിളപ്പാട്ടിന്റെ ചൂരും ചൊടിയും താളവും മനസിലാക്കിത്തുടങ്ങിയ കൗമാര കാലത്ത് സ്കൂൾ നോട്ട് പുസ്തകത്തിൽ കുറിച്ചിട്ട പത്തോളം പാട്ടുകൾ എന്റെ പിതാവ്, അന്ന് അദ്ദേഹത്തിന്റെ സൗഹൃദ വലയത്തിലുണ്ടായിരുന്ന പുലാമന്തോൾ അബൂബക്കർ മാഷിനെ കാണിക്കുകയും അദ്ദേഹം അവ പാടി നോക്കിയശേഷം ഏറെ പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്തതിന്റെ സമൃദ്ധമായ ഓർമകൾ ഇപ്പോഴും എന്റെ മനസിലുണ്ട്. അക്കാലത്ത് അദ്ദേഹത്തിന് ആകാശവാണിയിൽ ആലപിക്കാനായി നാലഞ്ചു പാട്ടുകൾ എഴുതിക്കുകയും ചെയ്തു. ഈ പാട്ടുകളും ഒരെണ്ണം പോലും ബാക്കിയാവാതെ കൈമോശം വന്നുപോയി.


2024 ഫെബ്രുവരി 23 നു തന്റെ ജന്മനാടായ പുലാമന്തോളിലെ എ.യു.പി സ്‌കൂളിന്റെ വാർഷികത്തിൽ പങ്കെടുത്ത്, നാടിന്റെ ആദരം ഏറ്റുവാങ്ങി, ഹൃദയം നിറഞ്ഞ് പാട്ടുകൾ പാടി അദ്ദേഹം ഇറങ്ങിപ്പോയത് തന്റെ വിയോഗത്തിലേക്ക് നയിച്ച ആശുപത്രി വാസത്തിലേക്കായിരുന്നു. എഴുപത്തിയെട്ടാമത്തെ വയസിൽ ആ ധന്യമായ കലാജീവിതം അവസാനിച്ചു.


ഖിസ്സകളും കെസ്സുകളും ഭക്തിയും ലൗകികവും പൂത്തുലഞ്ഞു നിൽക്കുന്ന മാപ്പിള സാഹിത്യത്തിന്റെ ഇശൽ പൂവാടിയിലൂടെ, മുഖത്തൊരു പുഞ്ചിരിയും ചുണ്ടുകളിൽ ഈണവുമായി ആ പ്രതിഭ നടന്നുനീങ്ങി മൺ മറഞ്ഞിരിക്കുന്നു.
വരുംതലമുറയ്ക്ക് ഇങ്ങനെയൊരു ഗായകൻ നമുക്കിടയിൽ ജീവിച്ചിരിക്കുന്നു എന്ന് പരിചയപ്പെടുത്തുംവിധം അദ്ദേഹത്തിന്റെ നിത്യസ്മരണകൾ നിലനിർത്താനുള്ള ബാധ്യത മാപ്പിള സാഹിത്യ ലോകത്തിനുണ്ട്. നൂറുകണക്കിനു ശിഷ്യസമ്പത്തുള്ള അദ്ദേഹത്തിന്റെ ശിഷ്യന്മാർ മാത്രം കൈകോർത്താൽ, പതിഞ്ഞതും പതിയാതെ പോയതുമായ അദ്ദേഹത്തിന്റെ കാൽപ്പാടുകളെ വീണ്ടെടുക്കാൻ സാധിക്കും. ഒപ്പം അദ്ദേഹത്തിന്റെ രചനകൾ കൂടി കണ്ടെത്തി ക്രോഡീകരിക്കാൻ ശ്രമങ്ങൾ ഉണ്ടാവണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുഞ്ഞിന് 'ദുആ' എന്ന് പേരിട്ടു; ബോളിവുഡ് താരങ്ങള്‍ ദീപിക-രണ്‍വീര്‍ ദമ്പതികള്‍ക്കെതിരെ രൂക്ഷമായ സൈബറാക്രമണം 

National
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേള:  ഗെയിംസ് മത്സരങ്ങള്‍ ഇന്ന് 

Others
  •  a month ago
No Image

യഹ്‌യ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിച്ചത് വധിക്കപ്പെടുന്നതിന് മൂന്നു ദിവസം മുന്‍പ്

International
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

Kerala
  •  a month ago
No Image

തെരഞ്ഞെടുപ്പിന് ബി.ജെ.പി എത്തിച്ചത് 41 കോടി' കൊടകര കുഴല്‍പ്പണക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പൊലിസ് നല്‍കിയ കത്ത് പുറത്ത്

Kerala
  •  a month ago
No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago