നെയ്യാറ്റിന്‍കര: കൂടുതല്‍ അന്വേഷണം ആവശ്യമെന്നു വനിതാ കമ്മിഷന്
കോഴിക്കോട്: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നു സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന്. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന വനിതാ കമ്മിഷന് അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പൊലിസിനു വീഴ്ചയുണ്ടായെങ്കില്‍ അത് അന്വേഷിക്കണം. ഇത്തരം കേസുകള്‍ കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും ജോസഫൈന് പറഞ്ഞു.
കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തത് അഭിനന്ദനാര്‍ഹമാണ്. വര്‍ക്കലയില്‍ അമ്മയെ മകന് ഉപദ്രവിച്ച സംഭവത്തില്‍ അമ്മയുടെ നടപടിയോട് വിയോജിപ്പാണുള്ളത്. എന്നാല്‍, പൊലിസ് ജാഗ്രത കാണിച്ചു. അമ്മയുടെ പരാതി ഇല്ലെങ്കിലും വനിതാ കമ്മിഷന് സ്വമേധയാ കേസെടുത്തു.
കൊച്ചിയിലെ മാളില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ പരാതിയില്ലെന്ന നടിയുടെ തീരുമാനം വേദനിപ്പിച്ചുവെന്നും നടിയുടെയും കുടുംബത്തിന്റെയും സമീപനം തെറ്റെന്നും ജോസഫൈന് പറഞ്ഞു.
സ്ത്രീകള്‍ അപമാനിക്കപ്പെടാതിരിക്കാന്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. സുരക്ഷയുടെ കാര്യത്തില്‍ സ്ത്രീകള്‍ ഏറെ ജാഗ്രത പുലര്‍ത്തണം. വിദ്യാ സമ്പന്നരുടെ നാടായ കേരളത്തില്‍ ഇപ്പോഴും അന്ധവിശ്വാസം കൊടികുത്തി വാഴുന്നു. അന്ധവിശ്വാസത്തിന്റെ മറവില്‍ ആളുകളെ ചൂഷണം ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."