വീട്ടില്‍നിന്നു കിട്ടേണ്ട സര്‍ട്ടിഫിക്കറ്റുകള്‍
വിവാഹസര്‍ട്ടിഫിക്കറ്റില്‍ അയാള്‍ അവള്‍ക്ക് ഭര്‍ത്താവാണ്. പറഞ്ഞിട്ടെന്ത്..? ജീവിതത്തില്‍ അതല്ല സ്ഥിതി. വീട്ടിലെത്തിയാലും തന്റെ ഔദ്യോഗികവേഷം അയാള്‍ അഴിച്ചുവയ്ക്കില്ല. വീട്ടിലും ഓഫീസിലെ ഉദ്യോഗസ്ഥനായി തന്നെ നിലകൊള്ളും. ഭാര്യയ്ക്കുവേണ്ടത് ഉദ്യോഗസ്ഥനെയല്ല, ഭര്‍ത്താവിനെയാണെന്നറിയാതെ അയാള്‍ തന്റെതായ ലോകത്തങ്ങനെ ജീവിച്ചുപോകുന്നു.
സഹനത്തിനും ഒരു പരിധിയുണ്ടല്ലോ. ഇമ്മട്ടിലുള്ള ജീവിതം തുടരാന്‍ ഇനി വയ്യെന്നു പറഞ്ഞ് ഒരുനാള്‍ അവള്‍ ഇറങ്ങിപ്പോയി. ആ ഇറങ്ങിപ്പോക്ക് കുറിക്കുകൊണ്ടു എന്നു പറയാം. താനൊരു ഉദ്യോഗസ്ഥന്‍ മാത്രമല്ല, ഭര്‍ത്താവുകൂടിയാണെന്ന സത്യം അയാള്‍ക്കു വെളിപ്പെടാന്‍ അതു വഴിയായി. ഉടനെ അയാള്‍ ഭര്‍ത്താവായി അവള്‍ക്കു പിന്നാലെയോടി.
''ക്ഷമിക്കണം. ഇനിമേല്‍ ഞാനെന്റെ വേഷങ്ങളെല്ലാം അഴിച്ചുവയ്ക്കാം.''
ആ കേണപേക്ഷ അവള്‍ തള്ളിക്കളഞ്ഞില്ല. 'ഭര്‍ത്താവി'നെ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ അയാളുടെ കൈ പിടിച്ച് അവള്‍ വീട്ടിലേക്കുതന്നെ തിരിഞ്ഞുനടന്നു.
അണിയാന്‍ മാത്രമല്ല, അഴിച്ചുവയ്ക്കാനുമുള്ളതാണു വേഷങ്ങള്‍. അഴിച്ചുവച്ചാലേ വേറൊന്ന് ധരിക്കാനാകൂ. അഴിക്കാനുള്ള വൈമനസ്യം കൊണ്ട് മേല്‍ക്കുമേല്‍ ധരിക്കാമെന്നുവച്ചാല്‍ അറുബോറായിരിക്കുമത്. പേരെടുത്ത ഭിഷഗ്വരനാണെന്നു കരുതി എല്ലായിടത്തും ആ വേഷവുമായി കയറിയിറങ്ങരുതല്ലോ. ഭിഷഗ്വരവേഷം രോഗികള്‍ക്കു മുന്നില്‍ മതി. വീട്ടുകാര്‍ക്കു മുന്നില്‍ ആ വേഷത്തിനു കാര്യമായ പ്രസക്തിയൊന്നുമില്ല.
വീട്ടിലെത്തിയാല്‍ മിക്കവരും ആദ്യം ചെയ്യുക വസ്ത്രം മാറലായിരിക്കും. വീട്ടില്‍ വീട്ടിലെ വസ്ത്രമാണല്ലോ അണിയേണ്ടത്. വസ്ത്രം മാറുമ്പോള്‍ വസ്ത്രം മാത്രമല്ല, കൂടെത്തന്നെ ചില ഭാവങ്ങളും മാറേണ്ടതുണ്ട്. ഡോക്ടര്‍ ഡോക്ടര്‍വേഷം അഴിച്ചു വയ്ക്കുന്നതോടൊപ്പം ഡോക്ടര്‍ഭാവവും അഴിച്ചുവയ്ക്കണം. അഭിഭാഷകന്‍ അഭിഭാഷകവേഷം അഴിച്ചുവയ്ക്കുമ്പോള്‍ അഭിഭാഷകഭാവവും അഴിച്ചുമാറ്റേണ്ടതുണ്ട്. നാടാകെ ആദരിക്കുന്ന മന്ത്രിയായിരിക്കാം. വീട്ടിലെത്തിയാല്‍ അദ്ദേഹവും മന്ത്രിവേഷത്തോടൊപ്പം മന്ത്രിഭാവവും ഊരിവയ്ക്കണം.
ഭാര്യയ്ക്കുമുന്നില്‍ ഭര്‍ത്താവിന്റെ വേഷം മതി. ഭര്‍ത്താവിനു മുന്നില്‍ ഭാര്യയുടെ വേഷവും മതി. മക്കള്‍ക്കു മുന്നില്‍ ഏതൊരാള്‍ക്കും പിതാവിന്റെ/ മാതാവിന്റെ വേഷമേ പാടുള്ളൂ. മാതാപിതാക്കള്‍ക്കു മുന്നില്‍ മകന്റെ/ മകളുടെ വേഷത്തിനാണു പ്രാധാന്യം.
സാഹചര്യങ്ങള്‍ക്കു യോജിക്കാത്ത വേഷം പോലെ അഭംഗിയുളവാക്കുന്നതാണ് സന്ദര്‍ഭങ്ങള്‍ക്കനുസരിച്ചല്ലാത്ത ഭാവങ്ങളും. മണവാട്ടിയുടെ വേഷം മംഗല്യവേളയില്‍ അലങ്കാരമാണ്. വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ അത് അലങ്കോലമാണ്. മണവാട്ടിയാണെന്ന ഭാവവും തഥൈവ. മംഗല്യവേളയില്‍ ആ ഭാവത്തിനൊരു ഭംഗിയുണ്ട്. വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ ആ ഭാവം ബോറാണ്.
എന്റെ പിതാവ് ന്യായാധിപനാണെന്നതും ആ ന്യായാധിപന്‍ എന്റെ പിതാവാണെന്നതും രണ്ടര്‍ഥങ്ങള്‍ ധ്വനിപ്പിക്കുന്നില്ലേ.. എന്റെ പിതാവ് ന്യായാധിപനാണെന്നു പറയുന്നിടത്ത് പിതാവിനെയല്ല, ന്യായാധിപനെയാണു കാണുന്നത്. ആ ന്യായാധിപന്‍ എന്റെ പിതാവാണെന്നതില്‍ ന്യായാധിപനെയല്ല, പിതാവിനെയാണു കാണുന്നത്. ഏതു സ്ഥാനവുമലങ്കരിക്കാം; മക്കള്‍ക്ക് പിതാവിനെ കാണാന്‍ ആ സ്ഥാനം തടസമാകരുതെന്നു മാത്രം. ഭാര്യയ്ക്കു ഭര്‍ത്താവിനെ കാണാന്‍ അതു വിഘാതമാകരുത്. മാതാപിതാക്കള്‍ക്കു മക്കളെ കാണാന്‍ അതു മറയാകരുത്. ബന്ധുക്കള്‍ക്ക് ബന്ധുവിനെ കാണാന്‍ അതു തടയാകരുത്. പരിസരവാസികള്‍ക്ക് അയല്‍ക്കാരനെ കാണാതാകാന്‍ അതിടയാകരുത്.
മികച്ച മന്ത്രിക്കുള്ള പുരസ്‌കാരം നാട്ടുകാര്‍ തരും. മികച്ച അധ്യാപകനുള്ള സമ്മാനം വിദ്യാര്‍ഥികള്‍ നല്‍കും. മികച്ച പ്രസംഗകനുള്ള അവാര്‍ഡ് ശ്രോതാക്കള്‍ സമര്‍പ്പിക്കും. മികച്ച എഴുത്തുകാരനുള്ള സര്‍ട്ടിഫിക്കറ്റ് അനുവാചകരില്‍നിന്നു കിട്ടും. എന്നാല്‍, മികച്ച ഭര്‍ത്താവിനുള്ള സര്‍ട്ടിഫിക്കറ്റ് സ്വന്തം ഭാര്യയില്‍നിന്നു തന്നെ കിട്ടണം. മികച്ച ഭാര്യയ്ക്കുള്ള സമ്മാനം സ്വന്തം ഭര്‍ത്താവില്‍നിന്നും കിട്ടണം. മികച്ച സന്താനത്തിനുള്ള അംഗീകാരം സ്വന്തം മാതാപിതാക്കളില്‍നിന്നേ വാങ്ങാനാകൂ. മികച്ച പിതാവിനുള്ള/മാതാവിനുള്ള സര്‍ട്ടിഫിക്കറ്റ് സ്വന്തം മക്കളില്‍നിന്നല്ലാതെ മറ്റെവിടെന്നും കിട്ടാന്‍ വഴിയില്ല.
വീടിനു പുറത്തുനിന്നു ലഭിക്കുന്ന അംഗീകാരങ്ങള്‍ നാം വീടിനകത്ത് കൊണ്ടുപോയിവയ്ക്കാറുണ്ട്. എന്നാല്‍ വീടിനകത്തുനിന്നു കിട്ടുന്ന അംഗീകാരങ്ങള്‍ കൊണ്ടുപോയിവയ്ക്കാന്‍ ബഹുഭൂരിഭാഗമാളുകള്‍ക്കും ഇടമില്ലെന്ന വസ്തുത അത്ര നിസാരമായി തള്ളാവതല്ല. ഇടമില്ലാതിരിക്കാന്‍ കാരണം ഇടങ്ങള്‍ കണ്ടെത്താത്തതാണ്. കണ്ടെത്താതിരിക്കാന്‍ കാരണം അംഗീകാരങ്ങള്‍ ലഭിക്കുന്നില്ലെന്നതാണ്. അംഗീകാരങ്ങള്‍ ലഭിക്കാതിരിക്കാന്‍ കാരണം അതിനര്‍ഹത നേടിയിട്ടില്ലെന്നതുമാണ്..! അര്‍ഹതയില്ലാത്തവര്‍ക്ക് എന്തു സര്‍ട്ടിഫിക്കറ്റ്..?
വീടിനു പുറത്തുനിന്നു ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കു മൂല്യമുണ്ട്. എന്നാല്‍ അതിലും മൂല്യം വീടിനകത്തുനിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കാണ്. കാരണം, ഒരാള്‍ യഥാര്‍ഥ മനുഷ്യനാണെന്നു കാണിക്കുന്നതായിരിക്കും അവ. വീടിനു പുറത്തുനിന്നു ലഭിക്കുന്നവ അതു കാണിച്ചുകൊള്ളണമെന്നില്ല. ഭാര്യയെ കൊലപ്പെടുത്തുന്ന ഡോക്ടറുടെയും മക്കളെ കിണറ്റിലെറിയുന്ന ഉദ്യോഗസ്ഥന്റെയും അമ്മയെ തല്ലുന്ന നേതാവിന്റെയും അയല്‍ക്കാരനെ ദ്രോഹിക്കുന്ന ന്യായാധിപന്റെയും കൈവശം വീടിനുവെളിയില്‍നിന്നു കിട്ടിയ സര്‍ട്ടിഫിക്കറ്റുകളുണ്ടാകും. അതൊന്നും അവര്‍ യഥാര്‍ഥ മനുഷ്യരാണെന്നല്ലല്ലോ കാണിക്കുന്നത്.
സര്‍ട്ടിഫിക്കറ്റില്‍ മകനെന്നോ മകളെന്നോ ഭര്‍ത്താവെന്നോ പിതാവെന്നോ മാതാവെന്നോ കാണാം. സര്‍ട്ടിഫിക്കറ്റുകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോയാല്‍ അനായാസം ലഭിക്കുകയും ചെയ്യും. വീട്ടില്‍നിന്നു ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകളുണ്ടല്ലോ. അതേതു സ്ഥാപനത്തില്‍പോയാലും ലഭിക്കില്ല. വീട്ടില്‍നിന്നുതന്നെ ലഭിക്കണം. കൈകൂലി കൊടുത്തു വാങ്ങാവുന്നതുമല്ല അത്.
അതെന്റെ മകനാണെന്ന്/മകളാണെന്ന് മാതാപിതാക്കള്‍ക്ക് സാഭിമാനം പറയാന്‍ കഴിയുന്നുവെങ്കില്‍ അതൊരു അംഗീകാരമാണ്. അതെന്റെ പിതാവാണെന്ന്/മാതാവാണെന്ന് മക്കള്‍ക്ക് അഭിമാനത്തോടെ വിളിച്ചുപറയാന്‍ കഴിയുന്നുണ്ടെങ്കില്‍ നിങ്ങളാണ് യഥാര്‍ഥ പിതാവ്/മാതാവ്. അതെന്റെ ഭര്‍ത്താവാണെന്നു സാവേശം പറയാന്‍ ഭാര്യയ്ക്ക് യാതൊരു വൈമനസ്യവുമില്ലെങ്കില്‍ മികച്ച ഭര്‍ത്താവിനുള്ള അംഗീകാരമായി അതിനെ കാണാം. നിങ്ങളെ നോക്കി ഇതെന്റെ ഭാര്യയാണെന്നു പറയുന്നതില്‍ ഭര്‍ത്താവിനു പുളകം കൊള്ളാന്‍ കഴിയുന്നുവെങ്കില്‍ നിങ്ങള്‍തന്നെ മികച്ച ഭാര്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."