അതിർത്തിക്കപ്പുറം പച്ചക്കറികളിൽ നടത്തുന്നത് കീടനാശിനികളുടെ 'കോക്ടെയിൽ' പ്രയോഗം കാത്തിരിക്കുന്നത് ഗുരുതര പ്രത്യാഘാതമെന്ന് ആരോഗ്യ വിദഗ്ധർ
ടി.എസ് നന്ദു
കോട്ടയം
കേരളാവിപണി ലക്ഷ്യംവച്ചുള്ള പച്ചക്കറികളിൽ കീടനാശിനികളുടെ പുതുപരീക്ഷണവുമായി ഇതര സംസ്ഥാന കർഷകർ. പുതുനിരയിലുള്ളതും കേരളത്തിൽ നിരോധിച്ചതുമായ ഉഗ്രവിഷമുള്ള കീട-കുമിൾ നാശിനികളുടെ മിശ്രിതമാ(കോക് ടെയിൽ)ണ് തമിഴ്നാട്ടിൽ അടക്കമുള്ള തോട്ടങ്ങളിൽ ഇപ്പോൾ ഉപയോഗിക്കുന്നത്.
മലയാളിക്ക് ഒഴിച്ചുകൂടാനാകാത്ത മല്ലിയില, കറിവേപ്പില, പച്ചമുളക്, പടവലം, തക്കാളി, പുതിനയില, കാപ്സിക്കം (പച്ച, ചുവപ്പ്) എന്നിവയിലാണ് ''കോക് ടെയിൽ'' പ്രയോഗത്തിൻ്റെ സൂചനകൾ അധികമായി കണ്ടെത്തിയത്. മുന്തിരി (കറുപ്പ്, പച്ച) സാമ്പിളിലും ഇത് കണ്ടെത്തി. ''സേഫ് ടു ഈറ്റ്'' പദ്ധതി പ്രകാരം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ഇത് ജനിതകരോഗങ്ങൾ അടക്കമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുമെന്ന് വിദഗ്ധർ പറഞ്ഞു. 2020- 2021 വാർഷിക റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത്. മുൻ വർഷങ്ങളിലെ പരിശോധനകളിൽ തുടർച്ചയായി പച്ചക്കറികളിൽ കണ്ടെത്തിയിരുന്ന അസഫേറ്റ്, ഇമിഡാക്ലോപ്രിഡ്, ലാംബ്ഡാ സൈഹാലോത്രിൻ, സൈഫൽത്രിൻ എന്നിവയ്ക്കൊപ്പം ഫെനസാക്വിൻ, ക്ലോത്തയാനിഡിൻ, തയോമെതോക്സാം എന്നീ പുതുനിര കീടനാശിനികളും ട്രൈഫ്ളോക്സിസ്ട്രോബിൻ, ടെബുകൊണാസോൾ, പൈറക്ലോസ്ട്രോബിൻ, അസോക്സിസ്ട്രോബിൻ, മെറ്റാലാക്സിൽ, ഹെക്സാകൊണാസോൾ, ട്രൈസൈക്ലാസോൾ എന്നീ ഏഴിനം പുതു കുമിൾനാശിനികളും ചേർത്തുള്ള പ്രയോഗമാണ് അതിർത്തിക്കപ്പുറത്തെ കൃഷിയിടങ്ങളിൽ നടക്കുന്നത്.
മല്ലിയിലയുടെ 21 സാമ്പിളുകളിൽ 12 എണ്ണത്തിലും (57.14%) പച്ചമുളകിൻ്റെ 34 ൽ 23 സാമ്പിളിലും (67.64%) കറിവേപ്പിലയുടെ 15 സാമ്പിളുകളിൽ നാലെണ്ണത്തിലും (26.6%) പുതിനയിലയുടെ 15 ൽ ഒമ്പതിലും (60%) തക്കാളിയുടെ 33ൽ എട്ട് സാമ്പിളിലും (24.24%) പച്ച കാപ്സിക്കത്തിൻ്റെ പതിനേഴിൽ 15 സാമ്പിളുകളിലും (88.2%) ചുവപ്പ് കാപ്സിക്കത്തിൻ്റെ മൂന്നിൽ മൂന്നിലും (100%) വിഷമിശ്രിതത്തിൻ്റെ സാന്നിധ്യം കണ്ടെത്തി.
കറുത്ത മുന്തിരിയുടെ എട്ടിൽ അഞ്ച് സാമ്പിളിലും (62.5%) പച്ച മുന്തിരിയുടെ നാലിൽ നാല് സാമ്പിളിലും (100%) കർഷകർക്ക് ശുപാർശ ചെയ്യാത്ത കീടനാശിനിയുടെ അംശം കണ്ടെത്തിയതും അതീവ ഗുരുതരമാണ്. പുതിനയില, കറിവേപ്പില, മല്ലിയില, പച്ചമുളക്, വെണ്ട, തക്കാളി, കത്തിരി, സാമ്പാർ മുളക് എന്നിവയുടെ സാമ്പിളുകളിൽ കേരളത്തിൽ നിരോധിച്ച ഉഗ്രവിഷയിനത്തിൽപ്പെട്ട കീടനാശിനി പ്രൊഫെനോഫോസിൻ്റെ സാന്നിധ്യം തുടർച്ചയായ പരിശോധനകളിൽ സ്ഥിരീകരിച്ചതും ഗൗരവതരമാണ്.
ഇത്തരത്തിൽ അതിർത്തിക്കപ്പുറം പുതിയ വിഷപ്രയോഗം വ്യാപകമാകുന്നതിൻ്റെ സൂചനകൾ ലഭ്യമായ സാഹചര്യത്തിൽ തുടർ നടപടികൾക്ക് സംസ്ഥാനം തയാറാകണമെന്ന ആവശ്യം ശക്തമാണ്. അല്ലെങ്കിലുള്ള പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."