HOME
DETAILS
MAL
നിലപാട് കടുപ്പിച്ച് കര്‍ഷകര്‍; വഴങ്ങില്ല
backup
January 05 2021 | 04:01 AM
ന്യൂഡല്‍ഹി: മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയെന്ന തങ്ങളുടെ അടിസ്ഥാന ആവശ്യത്തില്‍നിന്ന് ഒട്ടും പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ നിലപാട് സ്വീകരിച്ചതോടെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട എഴാംഘട്ട ചര്‍ച്ചയും പരാജയം. അടുത്ത ചര്‍ച്ച ഈ മാസം എട്ടിന് നടക്കും.
നിയമങ്ങളിലെ ഓരോ വ്യവസ്ഥകള്‍ എടുത്ത് അതില്‍ ചര്‍ച്ചയാവാമെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തെങ്കിലും കര്‍ഷക സംഘടനകള്‍ വഴങ്ങിയില്ല. ഓരോ വകുപ്പുകളും എടുത്ത് ചര്‍ച്ച ചെയ്ത് അതില്‍ ഭേദഗതി കൊണ്ടുവരാമെന്നായിരുന്നു കേന്ദ്രനിലപാട്.
കര്‍ഷകര്‍ക്ക് അങ്ങേയറ്റം ദോഷകരമായ നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് തങ്ങളുടെ ഉറച്ച നിലപാടെന്നും ഈ സാഹചര്യത്തില്‍ വ്യവസ്ഥകള്‍ ഓരോന്നെടുത്ത് ചര്‍ച്ച ചെയ്യുന്നതില്‍ എന്തു കാര്യമെന്നും സമരക്കാര്‍ തിരിച്ചു ചോദിച്ചു.
തുടര്‍ന്ന് ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, താങ്ങുവില നിയമം മൂലം ഉറപ്പാക്കുക, വൈദ്യുതി ബില്‍ പിന്‍വലിക്കുക, വയലിലെ മാലിന്യങ്ങള്‍ കത്തിക്കുന്നതിന് പിഴചുമത്തിയ നിയമം പിന്‍വലിക്കുക എന്നീ ആവശ്യങ്ങളായിരുന്നു കര്‍ഷക സംഘടനകള്‍ ഉന്നയിച്ചിരുന്നത്.
ഇതില്‍ അവസാനത്തെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ആറാംഘട്ട ചര്‍ച്ചയില്‍ അറിയിച്ചിരുന്നു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, താങ്ങുവില നിയമം മൂലം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളിലാണ് ഇന്നലെ ചര്‍ച്ച നടന്നത്.
നിയമത്തിലെ ഓരോ വ്യവസ്ഥയും ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ തയാറായിരുന്നുവെന്നും എന്നാല്‍ നിയമം പൂര്‍ണമായും പിന്‍വലിക്കുകയെന്ന ആവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ചു നിന്നതോടെ തീരുമാനമാകാതെ പിരിയുകയായിരുന്നുവെന്നും ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. അടുത്ത ചര്‍ച്ചയില്‍ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയും തോമര്‍ പ്രകടിപ്പിച്ചു.
'നിയമം പിന്‍വലിക്കാതെ വീട്ടിലേക്കില്ല'
നിയമം പിന്‍വലിക്കുകയെന്ന ഒറ്റ അജണ്ടയല്ലാതെ മറ്റൊന്നിനും ചര്‍ച്ചയ്ക്കില്ലെന്ന് തങ്ങള്‍ ചര്‍ച്ചയില്‍ അറിയിച്ചതായി ആള്‍ ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനന്‍ മൊല്ല പറഞ്ഞു. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കും വരെ സമരം അവസാനിപ്പിക്കില്ലെന്നും ഹനന്‍ മൊല്ല പറഞ്ഞു. നിയമം പിന്‍വലിക്കാതെ തങ്ങള്‍ വീട്ടിലേക്ക് മടങ്ങില്ലെന്ന് സര്‍ക്കാറിനെ അറിയിച്ചതായി ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് ടിക്കായത്തും പറഞ്ഞു. നിയമത്തിലെ പോരായ്മ പഠിക്കാന്‍ കര്‍ഷകര്‍ ഉള്‍പ്പെടുന്ന സമിതിയെ നിയോഗിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ വീണ്ടും മുന്നോട്ടുവച്ചെങ്കിലും അതും അംഗീകരിച്ചില്ലെന്ന് ടിക്കായത്ത് പറഞ്ഞു.
നരേന്ദ്രസിങ് തോമറിനെക്കൂടാതെ വാണിജ്യ, ഭക്ഷ്യകാര്യമന്ത്രി പിയൂഷ് ഗോയല്‍, സഹമന്ത്രി സോം പ്രകാശ് എന്നിവരാണ് സര്‍ക്കാര്‍ ഭാഗത്തുനിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തത്. കര്‍ഷക പക്ഷത്തുനിന്ന് 40ലധികം കര്‍ഷക സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."