HOME
DETAILS
MAL
വലയര്‍ ഗോത്രക്കാരുടെ തിരോധാനം അന്വേഷിക്കണമെന്ന് ആദിവാസി സമൂഹം
backup
January 05 2021 | 04:01 AM
പൊലിസ് മര്‍ദനം ഭയന്ന് രക്ഷപ്പെട്ടോടിയോയെന്ന് സംശയം
സ്വന്തം ലേഖകന്‍
അഗളി: പതിറ്റാണ്ടുകളായി അട്ടപ്പാടിയിലെ അണക്കാട് പ്രദേശത്ത് താമസിച്ചിരുന്ന വലയര്‍ ഗോത്ര വിഭാഗക്കാരുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആദിവാസി സമൂഹം. തങ്ങളെപ്പോലെ അനേകം വര്‍ഷങ്ങളായി വലയരിലെ ഏതാനും കുടുംബങ്ങള്‍ ആര്‍ക്കും ശല്യമില്ലാതെ, പൊതുസമൂഹത്തോട് കൂടുതല്‍ ഇടപെടാതെ കൃഷിയും കാലിവളര്‍ത്തലുമായി കഴിഞ്ഞവരായിരുന്നു. യാതൊരുവിധ പ്രശ്‌നങ്ങളും ഇല്ലാത്തവരായിരുന്നു ഇവരെന്നും ആദിവാസി സമൂഹം പറയുന്നു.
അണക്കാട് ആദിവാസി ഊരിലെ എല്ലാവര്‍ക്കും ഇവരെക്കുറിച്ച് നല്ലത് മാത്രമെ പറയാനുള്ളൂ. സത്യസന്ധരും, നല്ലവരുമായിരുന്നു ഇവരെന്ന് ആദിവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. സര്‍ക്കാരിന്റെ ഔദാര്യങ്ങള്‍ക്കൊന്നും കാത്തുനില്‍ക്കാത്ത വലയര്‍ സ്വന്തമായി നിര്‍മിച്ച ചെറിയ കൂരകളിലായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ ഊരിലേക്ക് ആരെയും കയറ്റിയിരുന്നില്ല. സ്വന്തമായി കൃഷിയില്‍ ഏര്‍പ്പെട്ടിരുന്ന അവര്‍ ഉല്‍പന്നങ്ങള്‍ ഒന്നും പുറത്ത് കൊണ്ടുപോയി വിറ്റിരുന്നില്ല. സ്ത്രീകള്‍ പുറത്തിറങ്ങാതെ ഊരില്‍ കഴിയുകയായിരുന്നു. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച ഇവര്‍ കോഴികളെയും ആടുകളെയും വളര്‍ത്തിയിരുന്നില്ല.വീരപ്പനെ തിരഞ്ഞെത്തിയ തമിഴ്‌നാട് ടാസ്‌ക് ഫോഴ്‌സ് പൊലിസ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവരുടെ വീട്ടുകളിലും കയറിയിരുന്നു.
തികച്ചും ഒറ്റപ്പെട്ട് കഴിയുന്ന ഇവരുടെ അടുത്തത്തിയ പൊലിസ് സംഘം ഇവരിലെ ചിലരെ ക്രൂരമായി മര്‍ദിച്ചതായും ആദിവാസികള്‍ ഓര്‍ക്കുന്നു. ഈ മര്‍ദനത്തില്‍ ഭയന്ന അവര്‍ വീടുകളും, കൃഷിസ്ഥലവും ഉപേക്ഷിച്ച് എങ്ങോട്ടെങ്കിലും പോയതാവാമെന്നാണ് ഇവര്‍ അനുമാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."